ഐഹിക ജീവിതം ക്ഷണികവും പാരത്രിക ജീവിതം അനശ്വരവുമാണ്. നശ്വര ജീവിതത്തിലെ താല്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി അനശ്വര ലോകത്തെ ശാശ്വത വിജയം നഷ്ടപ്പെടുത്തരുത്. ഐഹിക ജീവിതത്തിലെ പ്രലോഭനങ്ങള്‍ക്കും പൈശാചിക പ്രേരണകള്‍ക്കും വിധേയമായി പാരത്രിക ജീവിതത്തില്‍ നരകശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന കുറ്റവാളികള്‍ ഭൂമിയിലുള്ളത് മുഴുവന്‍ മോചനദ്രവ്യമായി നല്‍കിയിട്ടെങ്കിലും പരലോകത്ത് ആ കഠിന ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നു. ''തന്റെ മക്കളെയും ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നല്‍കിയിരുന്ന ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും പ്രായശ്ചിത്തമായി നല്‍കികൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം തേടുകയും എന്നിട്ട് അത് തന്നെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. സംശയംവേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി'' (70:11-16).
കുറ്റവാളികളുടെ ഈ ഒരു മാനസികാവസ്ഥയില്‍നിന്ന് നരകശിക്ഷ എത്ര കഠിനമാണെന്ന് നമുക്ക് ഊഹിക്കാം. ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്ന ഒരാളോട് അല്ലാഹു പരലോകത്ത് ചോദിക്കുന്ന ചോദ്യം നബി(സ) പറഞ്ഞു തരുന്നു. ''ഭൂമിയിലുള്ളത് നിനക്ക് ലഭിച്ചാല്‍ (ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍) നീ അത് പ്രായശ്ചിത്തമായി നല്‍കുമോ? അവന്‍ പറയും, അതെ. അപ്പോള്‍ അല്ലാഹു പറയും, ഇതിനേക്കാള്‍ നിസ്സാരമായ കാര്യമായിരുന്നു നീ ആദമിന്റെ മുതുകില്‍ ആയിരിക്കെ നിന്നില്‍ നിന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നില്‍ ഒന്നിനേയും നീ പങ്ക് ചേര്‍ക്കാതിരിക്കട്ടെ, പക്ഷേ നീ അത് സമ്മതിച്ചുകൊണ്ട് എന്നില്‍ പങ്കുചേര്‍ക്കുകയാണ് ചെയ്തത് (ബുഖാരി).
പാപത്തിന്റെ ഗൗരവവും തെറ്റുകളുടെ തോതും പരിഗണിച്ച് നീതമാനായ അല്ലാഹു ശിക്ഷ നടപ്പിലാക്കുന്നു. ഓരോരുത്തര്‍ക്കും ലഭിക്കാവുന്ന ശിക്ഷയുടെതോത് നബി(സ) ഇങ്ങനെ വിശദീകരിച്ചു. ''അവരുടെ കൂട്ടത്തില്‍ നെരിയാണിവരെ തീ പിടികൂടുന്നവരുണ്ട്. കാല്‍മുട്ടുകള്‍ വരെ തീ പിടിക്കുന്നവരുണ്ട്. തൊണ്ടക്കുഴിവരെ തീ പിടികൂടുന്നവരുണ്ട്. (മുസ്‌ലിം) ഏറ്റവും ലളിതമായ ശിക്ഷ മനുഷ്യന് തങ്ങാവുന്നതിലും എത്രയോ അപ്പുറമാണ്. നബി(സ) പറയുന്നു: നരകവാസികളില്‍ ഏറ്റവും ലളിതമായ ശിക്ഷ ലഭിക്കുന്നവന്‍ തീയിന്റെ വാറുകളുള്ള രണ്ടു ചെരുപ്പുകള്‍ ലഭിക്കുന്നവനാണ്. അതുകൊണ്ട് അവന്റെ തലച്ചോറ് വറച്ചട്ടി തിളക്കുന്നപോലെ തിളച്ചു കൊണ്ടിരിക്കും. അവന്റെ ധാരണയില്‍ അവനേക്കാള്‍ കഠിന ശിക്ഷയുള്ള ആരുമില്ലെന്നാണ്. അവനാകട്ടെ ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്നവനുമാണ്.
കപട വിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കുമെന്നും (4:145) ഫിര്‍ഔന്‍ പ്രഭൃതികള്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്നും (40:46) ദൈവമാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുന്ന കുഴപ്പക്കാര്‍ക്ക് ശിക്ഷ നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമെന്നും (16:88) ഖുര്‍ആന്‍ വ്യക്തമാക്കിയതില്‍ നിന്ന് ഓരോരുത്തരുടേയും പാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോതനുസരിച്ച് ശിക്ഷയിലും ഏറ്റക്കുറവുകളുണ്ടാകുമെന്ന് വ്യക്തമാകുന്നു.
നരകവും സ്വര്‍ഗവും അദൃശ്യ കാര്യങ്ങളില്‍ (ഗൈബ്)പെട്ടതാണ്. ഗൈബിന്റെ ലോകത്തെ കാര്യങ്ങള്‍ നമ്മുടെ ചിന്തയുടെ പരിമിതികള്‍ക്കപ്പുറത്താണ്. നമുക്ക് മനസ്സിലാവുന്ന തരത്തിലാണ് അല്ലാഹു വിവരങ്ങള്‍ പറഞ്ഞു തരുന്നത്. നരകത്തിലെ തീയെയും ശിക്ഷാ മുറകളെയും സംബന്ധിച്ച് വിവരിക്കുമ്പോള്‍ ഐഹികമായ വസ്തുക്കളുമായി തുലനംചെയ്ത് മനസ്സിലാക്കാന്‍ ശ്രമിക്കരുതെന്ന് പ്രത്യേകം ഓര്‍ക്കണം.