Skip to main content

നരകമോചനം

നിന്ദ്യമായ നരകശിക്ഷക്ക് വിധേയരായവര്‍ കടുത്ത മനോദുഃഖവും അപമാനവും അനുഭവിക്കുന്നു. നരകാവകാശികള്‍ ജീവിതത്തില്‍ സംഭവിച്ച പിഴവുകളെയും ദുഷ്‌ചെയ്തികളെയും ഓര്‍ത്ത് ഖേദിച്ച് നരകമോചനം ആഗ്രഹിക്കുന്നു. സത്യവിശ്വാസം സ്വീകരിച്ച് സദ്‌വൃത്തനായി ജീവിക്കാമെന്ന് ആണയിടുന്നു. എന്നാല്‍ അവിടെ അവരുടെ വാക്കുകള്‍ കേള്‍ക്കുകയും അവരുടെ വിലാപങ്ങള്‍ക്ക് വില കല്പിക്കുകയും ചെയ്യുന്നില്ല. ''നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായി കഴിയുക, നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്'' (23:108) എന്ന് അവരോട് പറയപ്പെടും. ഒരിക്കലും സഹിക്കാന്‍ കഴിയാത്ത ആ നരകത്തില്‍നിന്ന് മോചനം ആഗ്രഹിച്ച്, നരക പ്രവേശത്തിന് കാരണമാകുന്ന വിശ്വാസങ്ങളായും കര്‍മങ്ങളായും വന്നുചേരുന്ന കുറ്റങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക എന്നതാണ് വിശ്വാസി സ്വീകരിക്കേണ്ട രീതി. നരകത്തില്‍ നിന്നുള്ള കാവലിനായി നാം അല്ലാഹുവിനോട് കേഴുകയും നരകത്തില്‍ നിന്നു മോചനം നല്‍കുമെന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള സദ്കര്‍മങ്ങളില്‍ നിരതരാവുകയും ചെയ്യേണ്ടതുണ്ട്. പ്രവാചകന്‍(സ) പഠിപ്പിച്ച് തന്നിട്ടുള്ള അത്തരം ചിലകാര്യങ്ങള്‍ ഗ്രഹിക്കാം.

1) സ്വദഖ: നബി(സ) ആഇശ(റ)യോട് പറഞ്ഞു. ഈന്തപ്പഴത്തിന്റെ ഒരു ചീള് ദാനം ചെയ്തിട്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക.

2) അല്ലാഹുവിനെ സ്‌നേഹിക്കല്‍ : ''അല്ലാഹുവാണ, അല്ലാഹു തന്റെ സ്‌നേഹിതനെ നരകത്തിലെറിയുകയില്ല. (ഹാകിം, അഹ്മദ്).

3) വ്രതാനുഷ്ഠാനം : നോമ്പ് പരിചയാണ്, അതു മുഖേന നരകത്തില്‍ നിന്ന് മറ സ്വീകരിക്കുന്നു. (അഹ്മദ്, ബൈഹഖി)

4) ദൈവഭയവും ധര്‍മസമരവും : അല്ലാഹുവിനെ ഭയന്ന് കരയുന്നവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. പാല്‍ അകിട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ പൊടിപടലങ്ങളും നരകത്തിന്റെ പുകയും ഒരടിമയുടെ മേല്‍ ഒരുമിക്കുകയില്ല (നസാഈ, തിര്‍മിദി).

5) നരക വിമുക്തിക്കായുള്ള പ്രാര്‍ഥന : പരമകാരുണികന്റെ അടിമകളുടെ (ഇബാദുറഹ്മാന്റെ) ഗുണവിശേഷണമായി വിശുദ്ധ ഖുര്‍ആനില്‍ (25:65,66) എടുത്ത് പറഞ്ഞിരിക്കുന്നത് നരകശിക്ഷയില്‍ നിന്ന് മോചനം നല്‍കാനുള്ള പ്രാര്‍ഥനയാണ്. പ്രാര്‍ഥനയാണ് അല്ലാഹു അവന്റെ അടിമകളെ പരിഗണിക്കുന്നതിന് അടിസ്ഥാനമാക്കുന്നത്. അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. സത്യവിശ്വാസികളുടെ പ്രാര്‍ഥനയുടെ രൂപം മേല്‍ വചനങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നു.

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നരകശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു'' (25:65,66).
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446