ചില വ്യക്തികള്‍ നരാകവകാശികളായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആനിലും നബി(സ)യുടെ വചനങ്ങളിലും വ്യക്തമാക്കിയിരിക്കുന്നു.
1) ഫിര്‍ഔന്‍: മൂസാനബി(അ)യുടെ കാലത്തെ കഠിന ധിക്കാരിയും നിഷേധിയുമായിരുന്ന ഫിര്‍ഔന്‍ ഈ ഭൂമിയില്‍വെച്ച് നിന്ദ്യമായ ശിക്ഷക്ക് വിധേയനാകേണ്ടി വന്നത് ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഒരു ഗുണപാഠം കൂടി അവശേഷിപ്പിച്ചുകൊണ്ടാണ്. ആ ഫിര്‍ഔന്‍ തന്റെ അനുയായികളുടെ നേതാവായി നരകത്തില്‍ പ്രവേശിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്ക് ആനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത (11:98).
2) നൂഹ് നബി(അ), ലൂത്ത് നബി (അ) എന്നീ പ്രവാചകന്മാരുടെ പത്‌നിമാര്‍: പ്രവാചകന്മാരുടെ ഭാര്യമാരായിരുന്നിട്ട് വിശ്വാസത്തിന്റെ വഴിയിലേക്ക് വരാതെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ച ആ രണ്ടു പേര്‍ക്ക് നരകമാണുള്ളതെന്ന് അല്ലാഹു അറിയിക്കുന്നു. ''സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയേയും ലൂത്തിന്റെ ഭാര്യയേയും അല്ലാഹു അതാ എടുത്ത് കാണിച്ചിരിക്കുന്നു. അവര്‍ രണ്ടു പേരും നമ്മുടെ ദാസന്മാരില്‍പ്പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടു പേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടു പേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടു പേരും നരകത്തില്‍ കിടക്കുന്നവരോടൊപ്പം കിടന്നുകൊള്ളൂവെന്ന് പറയപ്പെടുകയും ചെയ്തു. (66:10).
3) അബൂലഹബും ഭാര്യയും: നബി(സ)യുടെ അടുത്ത ബന്ധുവായ അബൂലഹബും അവരുടെ ഭാര്യ (പേര് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല) ഉമ്മു ജമീലും നരകത്തില്‍ ആണെന്ന് അല്ലാഹു പറയുന്നു. അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചു വെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകു ചുമട്ടുകാരിയായ അവന്റെ ഭാര്യയും (111:1-4).
4) അംറുബ്‌നു ആമിര്‍: ഖുദാഅ ഗോത്രക്കാരനായ അംറുബ്‌നു ആമിര്‍ നരകത്തില്‍ തന്റെ കുടല്‍ മാലകള്‍ വലിച്ചു നടക്കുന്നത് നബി(സ) കാണുകയുണ്ടായി (ബുഖാരി, മുസ്‌ലിം). ഇതിന് കാരണം ഇദ്ദേഹം അറബികളില്‍ വിഗ്രഹമതം സ്ഥാപിക്കുകയും സാഇബ, ബഹീറ, വസീല, ഹാം എന്നതെല്ലാം അവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു എന്നതാണ് (ഫത്ഹുല്‍ ബാരി 6:67).
5) അമ്മാറുബ്‌നുയാസിര്‍(റ)ന്റെ ഘാതകന്‍: ഇസ്‌ലാമിന് വേണ്ടി ധീരധീരം പോരാടുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്ത സ്വഹാബി അമ്മാറുബ്‌നു യാസിറി(റ)നെ വധിച്ച് അദ്ദേഹത്തിന്റെ സ്വത്ത് കൊള്ളയടിച്ചവനും നരകത്തിലാണെന്ന് നബി(സ) പറയുകയുണ്ടായി (ത്വബ്‌റാനി).
6) ഇബ്‌ലീസും അനുയായികളും: തുടര്‍ന്ന് അവരും (ആരാധ്യന്മാര്‍) ആ ദുര്‍മാര്‍ഗികളും ഇബ്‌ലീസിന്റെ മുഴുവന്‍ സൈന്യങ്ങളും അതില്‍ (നരകത്തില്‍) മുഖംകുത്തി വീഴ്ത്തപ്പെടുന്നവരാണ് (26:94,95).