വിശുദ്ധ ഖുര്‍ആന്‍ ഒരു മതഗ്രന്ഥമാണെന്നു പറയാം. മതത്തിന്റെ മൂല്യങ്ങളും സിദ്ധാന്തങ്ങളും കല്പനകളും നിരോധങ്ങളും വഴിക്കുവഴിയായോ അധ്യായം തിരിച്ചു കൊണ്ടോ വിവരിക്കുന്ന ഒരു സാമ്പ്രദായിക രീതിയിലല്ല വിശുദ്ധ ഖുര്‍ആനിന്റെ പ്രതിപാതന ശൈലി. വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസ കാര്യങ്ങളുണ്ട്. അനുഷ്ടാന മുറകളുണ്ട്, സ്വഭാവ പാഠങ്ങളും സാംസ്‌കാരിക മര്യാദകളുമുണ്ട്. സച്ചരിതരുടെ മാതൃകകളും ഗുണപാഠങ്ങളുമുണ്ട്. ദുഷ്ടതയുടെ ചരിത്രവും പര്യവസാനവുമുണ്ട്. ഇവയെല്ലാം ഇടകലര്‍ത്തിയും ആവര്‍ത്തിച്ചും ചിന്തയെ തട്ടിയുണര്‍ത്തിക്കൊണ്ടാണ് ഖുര്‍ആനികാധ്യാപനങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ 'മുസ്‌ലിം സമുദായ'ത്തിന്റെ മതഗ്രന്ഥമല്ല, മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ്. അത് അംഗീകരിക്കുന്നവര്‍ ആണ് മുസ്‌ലിം എന്ന് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യരേ എന്ന് വിളിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളുണ്ട്. വിശ്വാസികളേ എന്ന് പ്രത്യേകം വിളിച്ചു കൊണ്ടുള്ള കല്പനകളും നിരോധങ്ങളുമുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ കേവലം മതശാസനങ്ങളല്ല. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് മനുഷ്യധിഷണയെയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയിലേക്ക് കണ്ണോടിക്കാനും ചിന്തിക്കാനുമുള്ള ആഹ്വാനങ്ങള്‍ ധാരാളമുണ്ട്. വിശ്വാസകാര്യങ്ങളുടെ പ്രതിപാദനങ്ങള്‍ ചിന്തോദ്ദീപകങ്ങളാണ്. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ക്കും പ്രകൃതി പ്രതിഭാസങ്ങള്‍ക്കും 'ആയത്തുകള്‍' എന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ നിരവധി സമൂഹങ്ങളുടെ ചരിത്രസംക്ഷേപങ്ങളുണ്ട്. വ്യക്തികളുടെ ജനിമൃതികളുടെയും ജീവസന്ധാരണ രീതികളുടെയും നാള്‍വഴികളല്ല ഖുര്‍ആനിലെ ചരിത്രം. മറിച്ച് പില്ക്കാലക്കാര്‍ക്ക് മാതൃകയാവേണ്ട ഉന്നതമൂല്യങ്ങളും പാഠമാകേണ്ട മുന്‍തലമുറകളുടെ വീഴ്ചകളും സന്ദര്‍ഭോജിതമായി, ചിലേടത്ത് വിശദമായും ചിലേടത്ത് സംക്ഷിപ്തമായും ഓര്‍മപ്പെടുത്തുന്ന രീതിയിലാണ് ചരിത്രകഥനം.