നബി തിരുമേനി(സ്വ)യുടെ ഖബ്ര്‍ മസ്ജിദുന്നബവിയിലാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് ശരി യല്ല. പ്രവാചകന്റെ ഖബ്ര്‍ പള്ളിയുടെ ഭാഗമല്ല. നബി(സ്വ)യുടെ ഖബ്‌റിനാണ് റൗള ശരീഫ് എന്ന് പറയുന്നതെന്ന തെറ്റിദ്ധാരണയും സജീവമായി നിലവിലുണ്ട്. നബി(സ്വ) തന്റെ വീട്ടില്‍ നിന്ന് മിമ്പറിലേക്ക് നടന്ന അത്രയും ദൂരമാണ് റൗദ എന്ന ഭാഗം. അഥവാ വീടിനും മിമ്പറിനും ഇടയിലുള്ള ഭാഗം. ഖബ്‌റാകട്ടെ വീട്ടിലുമാണ്.
തിരുമേനി(സ്വ) മരിച്ചപ്പോള്‍ മയ്യിത്ത് എവിടെ മറമാടും എന്ന വിഷയത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. നബി(സ്വ)യുടെ മക്കളെയും മറ്റും മറമാടിയ പൊതുശ്മശാനമായ ബഖീഇല്‍(ബഖീഉല്‍ ഗര്‍ഖദ്) തന്നെയാവട്ടെയെന്ന് ഒരു വിഭാഗം പറഞ്ഞു. മസ്ജിദുന്നബവിയിലാവണമെന്നായിരുന്നു മറ്റൊരു പക്ഷത്തിന്റെ അഭിപ്രായയം. എന്നാല്‍ സ്വിദ്ദീഖുല്‍ അക്ബര്‍(റ) പറഞ്ഞതിങ്ങനെയായിരുന്നു: 'ഓരോ പ്രവാചകനെയും അവര്‍ മരണപ്പെട്ടതെവിടെയാണോ അവിടെ തന്നെയാണ് മറമാടിയിട്ടുള്ളതെന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്'.
ഇതോടെ തര്‍ക്കത്തിന് പരിഹാരമായി. ആഇശ(റ)യുടെ വീട്ടില്‍ അവരുടെ മടിയില്‍ തലവെച്ച് കിടന്നാണല്ലോ ദൂതര്‍(സ്വ) അന്ത്യയാത്രയായത്. ആ മുറിയില്‍ തന്നെ നബി(സ്വ)ക്ക് ഖബ്‌റൊരുക്കി. പില്‍കാലത്ത് തന്റെ അടുത്ത കൂട്ടുകാരും ഖലീഫമാരുമായ അബൂബക്ര്‍ സ്വിദ്ദീഖ്, ഉമറുല്‍ ഫാറൂഖ് (റ) എന്നിവര്‍ക്കും ഖബ്‌റൊരുങ്ങിയത് ഇതിനടുത്തു തന്നെയായിരുന്നു. ഇക്കാലമത്രയും ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഈ മുറിയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.
പിന്നീട് വലീദുബ്‌നു അബ്ദില്‍മലിക്കിന്റെ കാലത്തു നടന്ന മസ്ജിദുന്നബവി വിപുലീകരണത്തിലാണ് (ഹിജ്‌റ 88) നബിപത്‌നിമാരുടെ വീടുകള്‍ പള്ളിയോട് ചേര്‍ക്കപ്പെട്ടത്. ഇതില്‍ ആഇശ(റ)യുടെ വീടും ഉള്‍പ്പെട്ടെങ്കിലും ഖബ്‌റുകള്‍ പള്ളിയുടെ ഭാഗമാക്കിയില്ല.
നമസ്‌കരിക്കുന്നവരുടെ കാഴ്ച ഖബ്‌റിനുനേരെ വരാതിരിക്കാന്‍ പഞ്ചകോണാകൃതിയിലുള്ള മതില്‍ നിര്‍മിച്ച് ഖബ്‌റുകള്‍ മറച്ചു. പിന്നീട് ഹി. 678ല്‍ സുല്‍ത്താന്‍ ഖലാവൂനാണ് പള്ളിയുടെ മേല്‍ക്കൂരയില്‍ ഖുബ്ബകള്‍ നിര്‍മിച്ചപ്പോള്‍ ഖബ്ര്‍ നില്‍ക്കുന്ന മതില്‍കെട്ടിനു മുകളിലും ഖുബ്ബ പണിതത്. ഖബ്ര്‍ ജനങ്ങളില്‍ നിന്നും സംരക്ഷിക്കാനായിരുന്നു ഇത്. എന്നാല്‍ ഖബ്‌റിനു മീതെ യാതൊരു നിര്‍മാണവും നടത്തിയിട്ടില്ല.
നബി(സ്വ)യുടെ ഖബ്ര്‍ സന്ദര്‍ശിക്കാനായി തീര്‍ഥയാത്ര നടത്താവതല്ല. എന്നാല്‍ മദീനയിലെത്തുന്നവര്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം എന്ന നിലയ്ക്ക് നബിയുടെ മഖ്ബറ സിയാറത്ത് ചെയ്യല്‍ പുണ്യമുള്ള കാര്യമാണുതാനും.