വെള്ളിയുടെ നിസ്വാബ് എന്ന് പറഞ്ഞതു പോലെ സ്വര്‍ണത്തിന്‍റെ നിസ്വാബ് വ്യക്തമാക്കിയത് ഖണ്ഡിതമായി നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. 200 ദിര്‍ഹം (590 ഗ്രാം) വെള്ളിയുടെയും 20 ദീനാര്‍ (85 ഗ്രാം) സ്വര്‍ണത്തിനും നബിയുടെ കാലത്തെ മൂല്യം തുല്യമാണെന്നും ആയതിനാല്‍ സ്വര്‍ണത്തിന്‍റെ നിസ്വാബ് 20 ദീനാര്‍/മിസ്ഖാല്‍ (85 ഗ്രാം/പത്തര പവന്‍) ആണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ സ്വര്‍ണത്തിന്‍റെ നിസ്വാബ് പത്തരപവന്‍ എന്ന് കണക്കാക്കാന്‍ പറ്റില്ല എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുമുണ്ട്. മൂന്ന് കാരണമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1. നബി(സ്വ)യില്‍ നിന്ന് വ്യക്തമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
2. സ്വര്‍ണവും വെള്ളിയും തമ്മിലുള്ള വിലയിലെ അന്തരം
3. നാണയമെന്ന ഇനത്തില്‍ മറ്റെല്ലാം വെള്ളിയുടെ നിസ്വാബിലാണ് കണക്കാക്കപ്പെടുന്നത്.
നബി(സ്വ) പറഞ്ഞ വെള്ളിയുടെ നിസ്വാബിന്‍റെ മൂല്യം കണക്കാക്കി സ്വര്‍ണത്തിന്‍റെ നിസ്വാബ് പരിഗണിക്കപ്പെടണമെന്നാണ് ഇവര്‍ പറയുന്നത്. ഈ നിലപാടാണ് കൂടുതല്‍ യുക്തമായി തോന്നുന്നത്. (അല്ലാഹു അഅ്ലം)
വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും വ്യക്തമായ നിര്‍ദേശങ്ങള്‍ (നസ്സ്വ്) ഇല്ലാത്ത കാര്യങ്ങളില്‍ ഇജ്തിഹാദ് നടത്തി അഭിപ്രായം രൂപീകരിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്.