സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. 'നാം നല്കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക' എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനം (2:254). ചെലവഴിക്കലിന്റെ നിയതമായ രൂപമാണ് സകാത്ത്. സകാത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്പത്തിന്റെ രീതിയും സ്വഭാവവും എല്ലാം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. നബി(സ്വ)യുടെ കാലത്തെ സാമ്പത്തിക സംവിധാനമല്ല ഇന്നുള്ളത്. അന്ന് സമ്പത്തായത് ഇന്ന് സമ്പത്തല്ല. അക്കാലത്ത് സമ്പത്തിനായി ഗണിക്കാത്തവ പില്കാലത്ത് വലിയ സമ്പത്തായി വരും. എന്നാല്‍ സമ്പത്തിന്റെ നിശ്ചിത വിഹിതം സകാത്തായി മാറ്റിവയ്ക്കണം എന്നതിന് മാറ്റമില്ല.
സമ്പത്തിന്റെ കാലികമായ മാറ്റത്തിനനുസരിച്ച് ഓരോന്നും ഏത് ഇനത്തില്‍പെടുന്നു എന്നിത്യാദി കാര്യങ്ങളില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങള്‍ കണ്ടേക്കാം. സകാത്ത് കൊടുക്കണമെന്നതില്‍ തര്‍ക്കമില്ല. ഇക്കാലത്ത് നിലവിലുള്ളതും നബിയുടെ കാലത്തില്ലാത്തതുമായ ചിലതിന്റെ സകാത്ത് എങ്ങനെ കണക്കാക്കാമെന്നു നോക്കാം.
ഉമറുബ്‌നു അബ്ദില്‍ അസീസ് ഒമാനിലെ ഉദ്യോഗസ്ഥരോട് പണത്തിന്റെ നിസ്വാബ് കണക്കാക്കി മത്സ്യത്തിന്റെ സകാത്ത് സ്വീകരിക്കാന്‍ പറഞ്ഞതായി കാണാം. ഇത് നബിയുടെ കാലത്തില്ലാത്തതാണ്. മീന്‍ വളര്‍ത്തല്‍, ചെമ്മീന്‍ കൃഷി എന്നിവ ഇന്ന് വ്യാപകമാണ്. അതിന്റെ വരുമാനത്തിന് കാര്‍ഷികോത്പന്നങ്ങളുടെ നിസ്വാബ് നിശ്ചയിച്ച് പത്തു ശതമാനമോ അഞ്ചു ശതമാനമോ സകാത്ത് നല്കണം. 6 ക്വിന്റല്‍ അരിയുടെ വിലയ്ക്കു സമാനമായതാണ് കൃഷിയുടെ നിസ്വാബ് (5 വസ്ഖ്).
താറാവ്-കോഴി ഫാം, പട്ടുനൂല്‍ പുഴു തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തിന് പണത്തിന്റെ നിസ്വാബും തോതും പരിഗണിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
കിട്ടുമെന്നുറപ്പുള്ള കടത്തിന്റെ ഇനത്തിലാണ് കടപ്പത്രങ്ങള്‍ കണക്കാക്കേണ്ടത്. അതുകൊണ്ട് വര്‍ഷാവസാനത്തില്‍ മറ്റു ധനത്തോടുകൂട്ടിച്ചേര്‍ത്ത് അതിനും സകാത്ത് നല്കണം. നിസ്വാബും തോതും പണത്തിന്റേതു തന്നെ.