Skip to main content

കറന്‍സിയുടെ സകാത്ത്

പൗരാണികകാലത്ത് മനുഷ്യര്‍ തങ്ങളുടെ കൈയിലില്ലാത്തതും തങ്ങള്‍ക്ക് ആവശ്യമുള്ളതുമായ വസ്തുക്കള്‍, കൈവശമുള്ള (ആവശ്യത്തിലധികമുള്ള) വസ്തുക്കള്‍ക്ക് പകരമായി ശേഖരിക്കുന്ന ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. പിന്നീട് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും വിനിമയ ഉപാധി കണ്ടെത്തി. എന്നാല്‍ ഇത് ഓരോ സമൂഹത്തിലും ഓരോ സാധനങ്ങളായിരുന്നു. തേന്‍, ഉപ്പ്, മദ്യം, കല്ലുകള്‍, മൃഗത്തോല്‍, ലോഹക്കഷണങ്ങള്‍,  തുടങ്ങി പല വസ്തുക്കളും പണമായി ഉപയോഗിച്ചിട്ടുണ്ട്.

ഇത്തരം വസ്തുക്കളുടെ സൂക്ഷിപ്പും കൈമാറ്റവും പ്രയാസമായതിനെത്തുടര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും രൂപപ്പെടുത്തിയ നാണയങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ആഗോളാടിസ്ഥാനത്തില്‍ ഈ നാണയങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പ്രവാചകന്റെ കാലഘട്ടത്തില്‍ അറേബ്യയില്‍ ദീനാര്‍ എന്ന സ്വര്‍ണ നാണയവും ദിര്‍ഹം എന്ന വെള്ളി നാണയവുമായിരുന്നു പ്രചാരത്തിലുണ്ടായി രുന്നത്. അതിനാല്‍ ഈ രണ്ട് നാണയങ്ങളുടെ കണക്കിലാണ് പ്രവാചകന്‍ സകാത്ത് നിര്‍ണയിച്ചത്.

ബാങ്കിങ് സംവിധാനം നിലവില്‍ വന്നശേഷം ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിനു തെളിവായി നിക്ഷേപര്‍ക്ക് നല്‍കാറുണ്ടായിരുന്ന റസീറ്റുകള്‍ ജനങ്ങള്‍ പരസ്പരം കൈമാറി കച്ചവടം നടത്താന്‍ തുടങ്ങി. അങ്ങനെയാണ് കടലാസു പണത്തിന്റെ ആരംഭം. തുടര്‍ന്ന് ഓരോ രാജ്യത്തിന്റെയും സര്‍ ക്കാരുകള്‍ നിശ്ചിത സ്വര്‍ണം കരുതലായി സൂക്ഷിച്ച് കടലാസു പണം ഇറക്കാന്‍ തുടങ്ങി. അതിനാല്‍ കടലാസുകൊണ്ടുള്ള പണമാണെങ്കിലും ഇവയുടെ മൂല്യം സ്വര്‍ണത്തിന്റേതു തന്നെയാണ് എന്നത് കൊണ്ട് പ്രവാചകന്റെ കാലത്തുണ്ടായിരുന്ന സ്വര്‍ണം, വെള്ളി നാണയങ്ങളുടെ അതേ വിധി തന്നെയാണ് സകാത്തിന്റെ കാര്യത്തില്‍ ഈ കടലാസു നാണയങ്ങള്‍ക്കും എന്നത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാകുന്നു.


കറന്‍സിയുടെ നിസ്വാബ്
നബി(സ്വ) പറഞ്ഞു: അഞ്ച് ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നല്‌കേണ്ടതില്ല (ബുഖാരി) 40 ദിര്‍ഹം വെള്ളിയാണ് ഒരു ഊഖിയ. പ്രവാചകന്റെ കാലത്തെ സ്വര്‍ണ നാണയമായ ഒരു ദീനാര്‍, വെള്ളിനാണയമായ പത്ത് ദിര്‍ഹമിന് തുല്യമായിരുന്നു. അതായത് സ്വര്‍ണത്തിന്റെ നിസ്വാബായ 20  ദീനാര്‍ വെള്ളിയുടെ നിസ്വാബായ 200  ദിര്‍ഹമിന് തുല്യമായിരുന്നു. എന്നാലിന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് കടലാസു പണത്തിന്റെ നിസ്വാബ് സ്വര്‍ണം അടിസ്ഥാനമാക്കി എടുത്താല്‍ വെള്ളി അടിസ്ഥാനമാക്കി എടുക്കുന്നതിനേക്കാള്‍ വളരെ വലിയ തുകയായിരിക്കും.

വെള്ളി നാണയമായ ദിര്‍ഹമായിരുന്നു പ്രവാചകന്റെ കാലത്ത് സ്വര്‍ണ നാണയമായ ദീനാറിനെക്കാള്‍ കൂടുതല്‍ വിനിമയം ചെയ്യപ്പെട്ടിരുന്നത് എന്നത്‌കൊണ്ടും ആദ്യം നിസ്വാബ് എത്തുന്നത് ദിര്‍ഹമാണ് എന്നത്‌കൊണ്ടും ആധുനിക കറന്‍സികള്‍ക്കു ദിര്‍ഹമിന്റെ നിസ്വാബാണ് പരിഗണിക്കേണ്ടത് എന്നാണു പണ്ഡിതന്മാരുടെ ഭൂരിപക്ഷ അഭിപ്രായം. വെള്ളിയുടെ നിസ്വാബാണ് പ്രാമാണികമായി റിപ്പോര്‍ട്ടിലുള്ളതുതാനും. അതനുസരിച്ച് 590 ഗ്രാം വെള്ളിയുടെ വിലയാണ് ആധുനിക കറന്‍സിയുടെ നിസ്വാബ് അഥവാ സകാത്ത് കൊടുക്കാനുള്ള പരിധി.

വ്യത്യസ്ത കറന്‍സികള്‍ ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കില്‍ അവയുടെ ഓരോന്നിന്റെയും മൂല്യം അവിടുത്തെ പ്രധാന കറന്‍സിയില്‍ കണക്കാക്കി അവയുടെ ആകെത്തുക നിസ്വാബ് തികയുന്നുണ്ടെങ്കില്‍ സകാത്ത് നല്‍കേണ്ടതാണ്.   

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്തു പോലെത്തന്നെ പണത്തിന്റെയും സകാത്ത്  2.5% (രണ്ടര ശതമാന)മാണ്.

 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446