വര്‍ഷത്തില്‍ രണ്ടു സുദിനങ്ങളാണ് മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാനായി മുഹമ്മദ് നബി നിര്‍ദേശിച്ചത്. ഈദുല്‍ഫിത്വ് റും ഈദുല്‍അദ്വ് ഹായും, മഹത്തായ, ത്യാഗനിര്‍ഭരമായ രണ്ട് ആരാധനകളോടനുബന്ധിച്ചാണ് ഈ പെരുന്നാളുകള്‍. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്‍റെ പിറ്റേ ദിവസമാണ് (ശവ്വാല്‍ ഒന്ന്) ഈദുല്‍ ഫിത്വ്ര് ർ. ലോകത്ത് തന്നെ വലിയൊരു സംഭവമായിത്തീരുന്ന മഹത്തായ ഹജ്ജ് കര്‍മത്തോടനുബന്ധിച്ചാണ് (ദുല്‍ഹിജ്ജ പത്ത്) ഈദുല്‍അദ്വ് ഹാ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
നിര്‍ണയിക്കപ്പെട്ട സമയങ്ങള്‍ പോലെ വേറെയും പ്രത്യേകതകള്‍ രണ്ട് ആഘോഷങ്ങള്‍ക്കുമുണ്ട്. ദൈവകീര്‍ത്തനങ്ങളാണ് പ്രഥമ പരിഗണനയെങ്കില്‍ സമസൃഷ്ടി സ്നേഹവും മാനവിക സമീപനങ്ങളുമാണ് ദ്വിതീയം. ആഘോഷങ്ങളോടനുബന്ധിച്ച് പാവങ്ങള്‍ക്ക് ആഹാരം നല്‍കല്‍ നിര്‍ബന്ധമാണ്. സകാത്തുല്‍ ഫിത്വ് റും ബലികര്‍മവും.
നമ്മുടെ മുന്നില്‍ എത്തിനില്‍ക്കുന്ന ഈദുല്‍ അദ്വ് ഹായാകട്ടെ ഇബ്റാഹീം(അ), ഭാര്യഹാജര്‍, മകന്‍ ഇസ്മാഈല്‍(അ) എന്നിവരുടെ സംഭവ ബഹുലമായ ത്യാഗജീവിതത്തിന്‍റെ ഓര്‍മപ്പെരുനാള്‍ കൂടിയാണ്. ഇബ്റാഹീം നബി(അ)യെ അനുസ്മരിക്കാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനോ ഹജ്ജ് പെരുന്നാള്‍ ആഘോഷക്കാനോ കഴിയില്ല. ലോകത്ത് ആദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി ഒരു കേന്ദ്രം പണിതുയര്‍ത്താന്‍ അല്ലാഹു നിയോഗിച്ചത് അദ്ദേഹത്തെയാണ്. ആ ആരാധനാലയത്തിന് ചുറ്റുമായി വിശ്വാസികള്‍ക്കുള്ള ഏക തീര്‍ത്ഥാടനം (ഹജ്ജ്) പ്രഖ്യാപിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ നാവിലൂടെയാണ്. ഹജ്ജ്,എന്ന അനുഷ്ഠാനത്തിന്‍റെ ഓരോകര്‍മാംശവും ഇബ്റാഹീം(അ)ഭാര്യ ഹാജര്‍, മകന്‍ ഇസ്മാഈല്‍(അ) എന്നിവരുടെ ത്യാഗ ജീവിതത്തിന്‍റെ പ്രതീകങ്ങള്‍കൂടിയാണ്. ഭക്തിയും ഗൗരവചിന്തയും ഒത്തിണങ്ങിയ ഈ പശ്ചാത്തലത്തില്‍ തന്നെയാണ് വിശ്വാസികള്‍ക്ക് ആനന്ദിക്കാനും ആഹ്ലാദിക്കാനുമായി ഒരു ആഘോഷസുദിനം റസൂല്‍(സ്വ) കാണിച്ചു തന്നിരിക്കുന്നത്. അതാണ് ഈദുല്‍അദ്വ് ഹാ (ബലിപെരുന്നാള്‍).
ആഹ്ളാദിക്കാനും ആനന്ദിക്കാനും ഒത്തുചേരുക, സന്തോഷം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ടതാണ്. ഗൗരവതരമായ കൃത്യാന്തര ബാഹുല്യങ്ങളില്‍ നിന്ന് അല്‍പം മാറിനിന്ന് ഒന്നാശ്വസിക്കാനും മനസ്സിന് സ്വാസ്ഥ്യം വീണ്ടെടുക്കാനും ആഗ്രഹിക്കാത്ത ആളുകളില്ല. പക്ഷേ, ആനന്ദലബ്ധിക്കായി പലരും പല തരത്തിലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി കാണാം. ലഹരിയില്‍ മയങ്ങി പ്രയാസങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവര്‍ തേടിപ്പോകുന്ന സുഖമെന്ന താത്ക്കാലിക മിഥ്യ നിത്യദുഖത്തിലേക്കുള്ള കവാടം മാത്രമാണ്. എന്നാല്‍ ആഹ്ളാദിക്കുവാന്‍ വേണ്ടി ഇസ്‌ലാം അനുവദിച്ച, അല്ല നിശ്ചയിച്ച, മാര്‍ഗം എത്ര ഉദാത്തമാണെന്നറിയുന്നത് പ്രവാചകന്‍ പഠിപ്പിച്ച പെരുന്നാളുകളിലൂടെയാണ്. ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കനുബന്ധമായി ഉണ്ടാകാവുന്ന സകല തിന്മകളും മാറ്റിനിര്‍ത്തിയും, അവയിലൂടെ ലഭ്യമാകുന്ന ആനന്ദം പൂര്‍ണമായും ഉള്‍ക്കൊണ്ടും ഇസ്‌ലാം നിശ്ചയിച്ചതാണ് രണ്ട് പെരുന്നാളുകള്‍. ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്വ് ഹായും. അവയിലൊന്നായ ഈദുല്‍ അദ്വ് ഹാ(ബലിപെരുന്നാള്‍) നമ്മുടെ മുന്നിലെത്തിനില്‍ക്കുന്നു.
ബന്ധങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു കൊണ്ടോ അല്ല വിശ്വാസിയുടെ പെരുന്നാള്‍. പെരുന്നാളാഘോഷത്തിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് സ്രഷ്ടാവുമായുള്ള ബന്ധവും മറ്റേത് സമസൃഷ്ടികളുമായുള്ള ബന്ധവും. ആഘോഷത്തിന്‍റെ ആരംഭം തന്നെ സ്രഷ്ടാവിനെ വാഴ്ത്തിക്കൊണ്ടാണ്. തക്ബീര്‍ മുഴക്കിയും നമസ്കാരം നിര്‍വഹിച്ചും അത് നാം പൂര്‍ത്തിയാക്കുന്നു. പെരുന്നാള്‍ നമസ്കാരമാവട്ടെ, ഭക്തിയും ജീവിതവും ഒത്തിണങ്ങിയ ഒരു അനുഭൂതിയാണ്. ആബാലവൃദ്ധം ഒത്തുചേരുന്നു, നമസ്കരിക്കാന്‍ പാടില്ലാത്തവര്‍ പോലും. ജീവിതായോധന മുറകള്‍ നിര്‍ത്തിവെച്ച് കുടുംബത്തിലേക്കണയുന്നു എല്ലാവരും. കുടുംബത്തിലെ എല്ലാവരും ഒത്തുചേരുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍, ശയ്യാവലംബികളെ അങ്ങോട്ടുചെന്ന് ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്ന അവസരങ്ങള്‍, കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിച്ച് പൊതുധാരയിലേക്ക് കൊണ്ടുവരുന്ന ആഘോഷം. കളിയും അതിരുവിടാത്ത വിനോദങ്ങളുമായി ആഹ്ളാദം വര്‍ധിപ്പിക്കുന്നു. ആനന്ദലബ്ധിക്കിനി എന്തു വേണം!
പുത്തനുടുപ്പും മുന്തിയ സദ്യയും മാത്രമായി പെരുന്നാളിനെ കണ്ടുകൂടാ. പെരുന്നാളിന്‍റെ മുഖ്യമായ രണ്ട് സന്ദേശങ്ങളുണ്ട്. ഒന്ന്. സ്രഷ്ടാവിന്‍റെ താത്പര്യങ്ങള്‍ക്കപ്പുറം താന്‍ ജീവിക്കുകയില്ല എന്ന പ്രഖ്യാപനം. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനി അതിന്‍റെ പ്രതീകമാണ്. രണ്ട്. ഉത്തമ സമൂഹത്തിലെ ഊഷ്മള ബന്ധം ബന്ധവിശുദ്ധിയുടെ ഊടും പാവുമായി ആഘോഷം മാറുമ്പോള്‍ മാത്രമേ പെരുന്നാള്‍ സാര്‍ഥകമാവു.
ഉദാത്തമായ ആഘോഷങ്ങള്‍ക്ക് ഇസ്ലാം തെരഞ്ഞെടുത്ത ദിനങ്ങള്‍ പോലും സമൂഹത്തിന് നല്‍കുന്നസന്ദേശങ്ങള്‍ വലുതാണ്. വ്യക്തിപൂജയില്‍ ഒതുക്കപ്പെടാത്ത ഇസ്‌ലാം ജനിമൃതികള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്നില്ല. ജയന്തിയോ സമാധി ദിനമോ ആഘോഷമാക്കിയില്ല. പകരം ഭക്തിയുടെയും ത്യാഗത്തിന്‍റെയും മഹത്ത്വം വിളിച്ചോതുന്ന പശ്ചാത്തലങ്ങളിലാണ് ഇസ്‌ലാമിലെ പെരുന്നാളുകള്‍. വ്രതാനുഷ്ഠാനത്തിന്‍റെ സമാപനത്തിലാണ് ഈദുല്‍ ഫിത്വര്‍ എങ്കില്‍ മഹത്തായ ഹജ്ജ് കര്‍മത്തിന്‍റെ സുപ്രധാന നാളിലാണ് ബലിപെരുന്നാള്‍. അതാകട്ടെ, പ്രവാചകന്മാരുടെ ത്യാഗജീവിതത്തിന്‍റെ ധന്യസരണകളിലും.
ദൗര്‍ഭാഗ്യവശാല്‍, ആശയ തലത്തിലേക്കിറങ്ങിച്ചെല്ലാ പെരുന്നാള്‍ പെരുമകള്‍ ഭക്ഷണ വൈവിധ്യത്തിലും വിപണി വിപുലീകരണത്തിലുമായി മീഡിയ ഒതുക്കുന്നു. അതില്‍ വീണുപോവുന്ന സമുദായം ആരാധനയെ ആഘോഷവും ആഘോഷത്തെ ആര്‍ഭാടവും ആക്കിത്തീര്‍ക്കുന്നു. സങ്കടകരമായ ഈ അവസ്ഥക്ക് മാറ്റം വരണം.
എന്നാല്‍ എല്ലാ ആഹ്ളാദവും പോയ്മറയുന്ന പശ്ചാത്തലത്തിലാണ് നാം പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ നമസ്കാരം പേരിനുമാത്രം പള്ളികളില്‍ ഒതുങ്ങുന്നു. ഭക്ത ജനങ്ങള്‍ക്ക് ഒരുമിച്ചുകൂടാനോ ഇഷ്ടജനങ്ങളുമായി സംസാരിക്കാനോ കഷ്ടപ്പെടുന്നവരെ ചെന്ന് കാണാനോ കഴിയാതെ എല്ലാവരും വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്ന കോവിഡ് മഹാമാരി വരുത്തിവെച്ച ദുരവസ്ഥ. അല്ലാഹു വിന്‍റെ പരീക്ഷണം. വിശ്വാസികള്‍ പതറില്ല. അവര്‍ക്ക് നിരാശയില്ല. നിസ്സംഗതയില്ല. സാധിക്കുന്നേടത്തോളം അല്ലാഹുവിനെ സൂക്ഷിക്കുക (64:16) എന്ന ഖുര്‍ആന്‍ വാക്യം നല്‍കുന്ന ആശ്വാസം ചെറുതല്ല. ചെന്ന് കാണാന്‍ കഴിയാത്ത ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ച് ആശ്വാസം പകരാം. അതും അല്ലാഹുവിന്‍റെ അനുഗ്രഹമാണല്ലോ. അനുഗ്രഹങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്തുക. നല്ല നാളേക്ക് വേണ്ടി നാഥനോടിരക്കുക. അവന്‍ നമ്മെ കൈവിടില്ല.