Skip to main content

സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ടതുണ്ട്

''സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം''

മലയാളത്തിന്‍റെ മഹാകവി കുമാരനാശാന്‍റെ (1873-1924) വരികള്‍ നിത്യപ്രസക്തമാണ്. സ്വസ്ഥമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്‍റെയും ജന്‍മാവകാശമാണ്. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ താന്തോന്നിയായി ജീവിക്കുവാനുള്ള ലൈസന്‍സല്ല സ്വാതന്ത്ര്യം എന്നു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് നാം സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നത്. അനേകം ദിനാചരണങ്ങളില്‍ ഒന്നു മാത്രമായി ആഗസ്ത് പതിനഞ്ച് മാറിക്കൂടാ. എന്താണ് 1947 ആഗസ്ത് പതിനഞ്ചിനുണ്ടായതെന്ന് നവതലമുറയ്ക്കറിയില്ല. അവര്‍ക്കത് പകര്‍ന്നു കൊടുക്കേണ്ടതുണ്ട്. ആ സംഭവത്തിന് നേര്‍സാക്ഷികളായ തലമുറ മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.

ഇന്ത്യാഉപഭൂഖണ്ഡം ചെറുതും വലുതുമായ നൂറുക്കണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു. അവര്‍ക്കിടയില്‍ കിടമത്സരങ്ങളും യുദ്ധങ്ങളും പതിവായിരുന്നു. ഇത് മുതലെടുത്ത് വിദേശികള്‍ ഇവിടെ വന്ന് ഭരണം നടത്താനിടയായി. എട്ടാം നൂറ്റാണ്ടു മുതല്‍ മധ്യേഷ്യയില്‍ നിന്നെത്തിയ വിവിധ ഭരണകര്‍ത്താക്കള്‍ ഡല്‍ഹി ആസ്ഥാനമാക്കി ഇന്ത്യയെ സ്വന്തമാക്കി. ലോഡി വംശം ഭരിച്ചിരുന്ന ഇന്ത്യയെ 1526ല്‍ മുഗളര്‍ കീഴടക്കി. മൂന്നു നൂറ്റാണ്ടിലേറെ ഡല്‍ഹി ഭരിച്ച മുഗള്‍ വംശത്തില്‍ നിന്ന് 1858ല്‍ ബ്രിട്ടീഷുകാര്‍ ഭരണം കൈക്കലാക്കി. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളിലായി ലോകത്ത് നിലനിന്ന പാശ്ചാത്യന്‍ കൊളോണിയല്‍ സമ്പ്രദായത്തിന്‍റെ ഭാഗമായി ഇന്ത്യ ഒരു ബ്രിട്ടീഷ് കോളണിയായി മാറുകയായിരുന്നു. 

1600ല്‍ സ്ഥാപിതമായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ കച്ചവടത്തിനു വന്നതായിരുന്നു. കച്ചവടത്തോടൊപ്പം ഇന്ത്യയുടെ അസ്തിത്വവും അവര്‍ സ്വന്തമാക്കാന്‍ തുടങ്ങി. ഭരണത്തില്‍ ഇടപെടുകയും സ്വദേശികളെ തഴയുകയും ചെയ്തു. അതിന്നെതിരില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദാഹം അണപൊട്ടിയൊഴുകി. 1857ല്‍ ഡല്‍ഹിക്കടുത്ത മീററ്റില്‍ സ്വദേശികളും ബ്രിട്ടീഷുകാരും നേരിട്ട് ഏറ്റുമുട്ടി. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിക്കപ്പെടുന്ന ആ മുന്നേറ്റത്തെ കോളണി അടിച്ചമര്‍ത്തി. മാത്രമല്ല 1858 മുതല്‍ ഔദ്യോഗികമായിത്തന്നെ ഇന്ത്യയുടെ ഭരണം അവര്‍ ഏറ്റെടുത്തു. 

ആസ്ഥാനമായ ബക്കിംഗ്ഹാമിലിരുന്ന് ലോകം കീഴടക്കി തങ്ങളുടെ കോളണിയാക്കി ഭരിക്കുകയായിരുന്നു ബ്രിട്ടണ്‍. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളടങ്ങിയ ഇന്ത്യാ ഉപഭൂഖണ്ഡം ഏറിയകൂറും അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തമില്ലെന്നു മാത്രമല്ല അഭിപ്രായത്തിനു പോലും വിലയില്ലായിരുന്നു. ആരെങ്കിലും എതിരു പറഞ്ഞാല്‍ അവരെ പൈശാചികമായി ഒതുക്കുമായിരുന്നു. 1921 ല്‍ നടന്ന മലബാര്‍ സംഭവങ്ങള്‍ അതിന്‍റെ ഭാഗമായിരുന്നു. മലബാറിലെ മാപ്പിളമാര്‍ ഒരിക്കലും തുല്യതയില്ലാത്ത ബ്രിട്ടീഷ് പട്ടാളത്തിനു നേരെ സായുധമേന്താന്‍ കാരണം ഇന്നാട്ടുകാരോട് ബ്രിട്ടീഷുകാര്‍ ചെയ്തു കൂട്ടിയ അനീതികളും അക്രമങ്ങളുമായിരുന്നു. ബ്രിട്ടനെതിരിലുള്ള ഖിലാഫത്ത് കൂട്ടായ്മ കോണ്‍ഗ്രസ്സുമായി സഹകരിച്ച് മലബാറില്‍ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മുന്നേറുകയായിരുന്നു. നിരവധി മാപ്പിളമാര്‍ അന്ന് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചു. 

ബ്രിട്ടീഷ് ജയിലുകള്‍ ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞു. ആയിരങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കിന്നിരയായി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ കീഴില്‍ ഇന്ത്യന്‍ ജനത ഒന്നിച്ചണിനിരന്നു. നിരായുധ/സഹന സമരങ്ങള്‍ നിറഞ്ഞ ഒരു നൂറ്റാണ്ട്. ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ സമര പരമ്പരകള്‍ക്ക് വിരാമമായത് 1947 ആഗസ്ത് പതിനഞ്ചിനാണ്. അന്നാണ് ഇന്ത്യാ രാജ്യത്തിന്‍റെ ഉടമസ്ഥാവകാശം ഇന്ത്യക്കാര്‍ക്കു കിട്ടിയത്. ആ ഓര്‍മയാണ് ഓരോ സ്വാതന്ത്ര്യദിനത്തിലും നാം പുതുക്കിക്കൊണ്ടിരിക്കുന്നത്. 

ഇന്ത്യയെ ഇന്ത്യയാക്കാന്‍ മുന്നില്‍ നിന്നു നയിച്ച മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അബുല്‍ കലാം ആസാദ്, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഝാന്‍സിറാണി, മൗലാനാ ഷൗക്കത്തലി,മൗലാനാ മുഹമ്മദലി മുതലായ മഹാരഥന്‍മാരെ അനുസ്മരിക്കാതെ സ്വാതന്ത്ര്യദിനാചരണമില്ല. കേരളത്തിലാണെങ്കില്‍ കെ.പി കേശവമോനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, കെ.കേളപ്പന്‍, ഇ.മൊയ്തു മൗലവി, കെ.എം മൗലവി,..നിര നീളുന്നു.

ഭരണ സംവിധാനമില്ല. പട്ടാളമില്ല. പണമില്ല. പട്ടിണിപ്പാവങ്ങളായ ജനകോടികള്‍ നിറഞ്ഞ ഈ മഹാരാജ്യം വ്യവസ്ഥാപിത ഭരണത്തിന്‍ കീഴില്‍ കൊണ്ട് വന്ന് പ്രജാക്ഷേമം നിലനിറുത്തുക എന്നത് ക്ഷിപ്രസാധ്യമായിരുന്നില്ല. സ്വതന്ത്രഭാരതത്തിന്‍റെ ഭരണം ഏറ്റെടുത്ത മഹാമനീഷികള്‍ അന്നു ചെയ്ത മഹാത്യാഗം ഒരിക്കലും വിസ്മരിക്കപ്പെട്ടു കൂടാ. ഒരു ഭാഗത്ത് വിഭജനത്തിന്‍റെ മുറിപ്പാടുകള്‍. മറുവശത്ത് ബ്രിട്ടീഷുകാര്‍ വിത്തിട്ടു പോയ വര്‍ഗ്ഗീയതയുടെ നാമ്പുകള്‍.. അതിന്നിടയിലാണ് നവഭാരത ശില്പികള്‍, ഇന്നീ കാണുന്ന മഹാരാജ്യത്തെ കെട്ടിപ്പടുത്തത്.

ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് അന്നും ഇന്ത്യ. ജീവിത വിഭവങ്ങള്‍, വിദ്യാഭ്യാസം, താമസ സൗകര്യം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കൊപ്പം രാജ്യത്തിന്‍റെ സ്വാതന്ത്ര്യം ഓരോ പൗരന്നും ഉറപ്പു വരുത്തുന്ന മഹത്തായ, ലോകോത്തരമായ ഭരണഘടന നിര്‍മിച്ച ആ മഹാന്‍മാര്‍ സ്വപ്നം കണ്ടത് ലോകത്തിന്‍റെ മുന്നില്‍ നടക്കുന്ന ഒരു രാഷ്ട്രമായിരുന്നു.
 
സ്വതന്ത്രഭാരതത്തിന് എഴുപത്തിയഞ്ചു വയസ്സു തികയുന്നു. തിരിഞ്ഞു നോക്കല്‍ അനിവാര്യം. ഒട്ടേറെ കിട്ടി. വളരെയധികം നേടി. വികസ്വര രാജ്യങ്ങളില്‍ മുന്‍പന്തിയില്‍. ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ കുതിപ്പ്. ഐക്യരാഷ്ട്ര സഭയില്‍ ശ്രദ്ധിക്കപ്പെടുന്ന ശബ്ദം. ശ്രദ്ധേയമായ സൈനിക ശക്തി..എല്ലാം ഭാരതത്തിന്‍റെ മികവുകള്‍. എന്തൊക്കെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ മികവുകള്‍ക്ക് കാരണം കഴിഞ്ഞ എഴു പതിറ്റാണ്ട് ഇന്ത്യയെ നയിച്ച ഭരണാധികാരികള്‍ തന്നെയാണ്.

എന്നാല്‍ കുറവുകള്‍ ഏറെയുണ്ട്. അതു മറന്നുകൂടാ. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കര്‍ഷകര്‍ അവകാശങ്ങള്‍ക്കു വേണ്ടി ആറു മാസമായി തലസ്ഥാനത്ത് സമരത്തിലാണ്. രാജ്യം പട്ടിണിയില്‍ നിന്നും മുക്തമാക്കിയിട്ടില്ല. ബ്രിട്ടീഷുകാര്‍ ഭരിക്കാന്‍ വേണ്ടി ഇന്ത്യക്കു നേരെ ഉപയോഗിച്ച ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഇന്ന് ഇന്ത്യന്‍ ഭരണാധികാരികളും പ്രജകള്‍ക്കു നേരെ പ്രയോഗിക്കുന്നു. ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത 'നാനാത്വത്തില്‍ ഏകത്വ'ത്തിന് വിരുദ്ധമായ 'ഏക്താ' അജണ്ട, ഭരിക്കുന്നവര്‍ തന്നെ പുറത്തെടുക്കുന്നു. രാഷ്ട്രപിതാവ് അവസാന ശ്വാസം വരെ യത്നിച്ച വിഭാഗീയ വിരുദ്ധത നോക്കുകുത്തിയാക്കി വിഭാഗീയതയും വര്‍ഗ്ഗീയതയും, ഭരണം പിടിക്കാനും നിലനിര്‍ത്താനുമുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നു. ഭരണത്തിന്നെതിരെ ഉയരുന്ന ശബ്ദങ്ങള്‍ രാജ്യദ്രോഹമായി കാണുന്നു. നിരപാരാധരും നിരായുധരുമായ പ്രജകള്‍ ഇന്ത്യന്‍ ജയിലുകളില്‍ നരകയാതന നേരിടുന്നു. ഭാരതശില്പികള്‍ കണ്ട ജനാധിപത്യം ഏകാധിപത്യത്തിന് വഴി മാറുന്നു. മതനിരപേക്ഷതയാകട്ടെ കടലാസില്‍ ഒതുക്കപ്പെടാന്‍ ശ്രമം നടക്കുന്നു. ബ്രിട്ടീഷുകാര്‍ എടുത്തുപയോഗിച്ച 'രാജ്യദ്രോഹം' അതേപടി നിലനില്ക്കുന്നുണ്ട് എന്ന് കോടതികള്‍ക്കു പോലും പറയേണ്ടി വന്നു. ചുരുക്കത്തില്‍ സ്വതന്ത്രഭാരതം രാഷ്ട്രീയമായി തിരിഞ്ഞു നടക്കുകയാണോ എന്ന തോന്നല്‍ പ്രജകളിലുണ്ടാക്കുന്നു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ടതുണ്ട്. രാജ്യസ്നേഹമെന്നത് രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും സൗഭ്രാത്രവുമാണ്. വിശ്വാസവും ആചാരവും രാഷ്ട്രീയവും നിലവാരവുമെല്ലാം വ്യതിരക്തമെങ്കിലും ഭാരതീയര്‍ എന്ന വികാരം ഓരോ വ്യക്തിയിലും ത്രസിക്കണം. 'ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമെന്നന്തരംഗം' എന്നു വള്ളത്തോള്‍ പാടിയത് ഇതു തന്നെയാണ്. 

ഇന്ത്യ ശക്തമാണ്. ശക്തമായ രാജ്യത്തിനകത്തും പ്രജകള്‍ പാരതന്ത്ര്യം അനുഭവിക്കുന്നുവെങ്കില്‍ വൈദേശികാധിപത്യത്തേക്കാള്‍ പ്രയാസകരം അതായിരിക്കും. മഹാകവി വള്ളത്തോളിനെ ഉദ്ധരിക്കട്ടെ,


''ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും 
ബന്ധനം ബന്ധനം തന്നെ പാരില്‍''

Feedback