2021 നവംബര്‍ ഒന്നാം തിയ്യതി (കേരളപ്പിറവി ദിനം) വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുകയാണ്. പുതിയൊരു അധ്യയന വര്‍ഷത്തിലേക്കല്ല, ചരിത്രത്തിന്‍റെ അപരിചിതമായ ഒരു ദശാസന്ധിയില്‍ നിന്ന് പുറത്തേക്ക്. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയ കവാടങ്ങള്‍ വീണ്ടും കാലൊച്ച കൊണ്ട് മുഖരിതമാവുകയാണ്.
2020 മാര്‍ച്ച് ഇരുപത്തിയഞ്ചിന് ഇന്ത്യാമഹാരാജ്യം പൂര്‍ണമായി അടച്ചിട്ടതായി പ്രഖ്യാപനം വന്നു. അന്നു പടിയിറങ്ങിയ മക്കള്‍ തിരിച്ചു വരികയാണ്. അന്ന് അടച്ചിട്ട സംവിധാനങ്ങളില്‍ ഒടുവില്‍ തുറക്കുന്നതാണ് വിദ്യാലയങ്ങള്‍. നവംബര്‍ പതിനഞ്ചോടെ പൂര്‍ണാര്‍ഥത്തില്‍ വിദ്യാലയങ്ങള്‍ സജീവമാവുമെന്നാണ് പ്രതീക്ഷ.
എന്തിനായിരുന്നു ഈ അടച്ചിടല്‍! ഇന്ത്യ മാത്രമല്ല ലോകമാകെ അടച്ചിട്ടു. ഏറിയും കുറഞ്ഞും പല ഘട്ടങ്ങളിലായി അടച്ചിടല്‍ (ലോക്ഡൗണ്‍) തുടര്‍ന്നു. ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിക്കപ്പെടുകയായിരുന്നു. 2019 അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ തുടങ്ങി ലോകമാകെ വ്യാപിച്ച മഹാമാരി -കോവിഡ് 19- മനുഷ്യജീവിതം ദുസ്സഹമാക്കി. ചരിത്രത്തില്‍ പല മഹാമാരികളും കടന്നുപോയിട്ടുണ്ട്. അനേകലക്ഷം ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ലോകമൊന്നൊടങ്കം വ്യാപിക്കുകയും ദശലക്ഷങ്ങള്‍ മരണപ്പെടുകയും ചെയ്ത ഒരു രോഗം ചരിത്രത്തില്‍ ഇദംപ്രഥമാണ്. രണ്ടുവര്‍ഷം ആ കെടുതി നീണ്ടുനിന്നു. അതിന്‍റെ നിര്‍വ്യാപനത്തിനു വേണ്ടിയാണ്, ആരും വീടു വിട്ടിറങ്ങരുതെന്ന ആഹ്വാനത്തോടെ രാജ്യം അടച്ചിട്ടത്. പകര്‍ച്ചവ്യാധി ഇല്ലാതായിട്ടില്ല. എങ്കിലും ലോകം പതുക്കെ തുറന്നിരിക്കുകയാണ്. കാരണം രോഗവ്യാപനത്തേക്കാള്‍ ഭയാനകമാകാം അനിശ്ചിത്വമായ അടച്ചിടല്‍.
രണ്ടു പ്രധാന കാര്യങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട ചിന്തകളിലും വിശകലനങ്ങളിലും നമ്മുടെ ശ്രദ്ധയില്‍ സജീവമായി നില്‍ക്കേണ്ടതുണ്ട്. (ഒന്ന്) പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ മഹാമാരികള്‍ ലക്ഷങ്ങളുടെ ജീവനെടുത്തത് വൈദ്യശാസ്ത്രം ഒട്ടും പുരോഗമിക്കാത്ത കാലഘട്ടങ്ങളിലാണ്. എന്നാല്‍ കോവിഡ് വന്നത് വൈദ്യശാസ്ത്രം വളരെയേറെ പുരോഗമിച്ച, ആരോഗ്യവകുപ്പുകളുടെ നെറ്റ് വര്‍ക്ക് ലോകത്ത് വ്യാപിച്ച ആധുനിക യുഗത്തിലാണ്. പക്ഷേ, ശാസ്ത്രലോകം പകച്ചു നിന്നു. വന്‍ശക്തികള്‍ കൈമലര്‍ത്തി. ജനലക്ഷങ്ങള്‍ മരിച്ചു വീണു. രണ്ടു വര്‍ഷം പിന്നിട്ടിട്ടും പിടിച്ചു കെട്ടാനായില്ല. അതിശക്തനായ മനുഷ്യന്‍ നിസ്സാരനും നിസ്സഹായനുമാവുന്ന സ്ഥിതിവിശേഷം എപ്പോഴും ഉണ്ടാവാം എന്ന തിരിച്ചറിവ് ഈ സംഭവവികാസങ്ങളില്‍ നിന്നുള്ള സന്ദേശമാണ്. വിശുദ്ധ ഖുര്‍ആന്‍ നല്കുന്ന പാഠം ഇങ്ങനെയാണ്: ''അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട് (12:76)''.
ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം മനുഷ്യജീവിതത്തില്‍ വന്ന മാറ്റമാണ്. ജീവന്‍ പരീക്ഷിക്കപ്പെടുന്ന നിര്‍ണായകമായ ഘട്ടത്തില്‍ ജീവിതവീക്ഷണത്തില്‍ വന്ന മാറ്റം. പരിമിതികള്‍ സൗകര്യങ്ങളായി കാണാന്‍ പഠിച്ച പാഠം. ആഡംബരങ്ങളും അനാവശ്യ ധൂര്‍ത്തുകളും മാറ്റിവെച്ച് അനിവാര്യതകളില്‍ ജീവിതമൊതുക്കാന്‍ പഠിച്ച പാഠം. അതിസമ്പന്നനും സാധാരണക്കാരനും ഒരേ ആവശ്യം; ജീവവായു( ഓക്സിജന്‍). ഒരായുഷ്കാലം രാപകല്‍ ഇടതടവില്ലാതെ, ഒരു പൈസയും ചെലവില്ലാതെ, യഥേഷ്ടം ലഭിച്ചു കൊണ്ടിരുന്ന പ്രാണവായുവിന്‍റെ വിലയറിയാന്‍ കൊറോണ വൈറസിന്‍റെ അക്രമണം നിമിത്തമായി. വിശ്വാസിക്ക് ഓരോ പരീക്ഷണവും വിശ്വാസദാര്‍ഢ്യത്തിന് അവസരമൊരുക്കുന്നു.
വിദ്യാലയങ്ങള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വിദ്യാഭ്യാസവും ആരാധനകളും വീടകങ്ങളിലൊതുങ്ങി. ഒരിക്കലും നിലയ്ക്കാത്ത ത്വവാഫ് പോലും താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഹജ്ജും ഉംറയും ജുമുഅയും ''എങ്കിലും വിശ്വാസി നിരാശനായില്ല. സ്രഷ്ടാവിന്‍റെ ഓര്‍മപ്പെടുത്തല്‍. ''തീര്‍ച്ചയായും പ്രയാസത്തോടെപ്പം എളുപ്പവുമുണ്ട് ''(94: 5,6 ). പക്ഷേ പരീക്ഷണങ്ങള്‍ പാഠമാകണമെന്നു മാത്രം.
ചരിത്രത്തില്‍ ഒരു വഴിത്തിരിവായി കോവിഡ് മാറിയിരിക്കുകയാണ്. കോവിഡിനു മുന്‍പ് എന്നും കോവിഡിനു ശേഷം എന്നും കാലം വിഭജിക്കപ്പെടാവുന്ന തരത്തില്‍ ആയിക്കഴിഞ്ഞു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അല്പം ആശ്വാസം ലഭിച്ചപ്പോഴേക്കും തങ്ങള്‍ അകപ്പെട്ടിരുന്ന മഹാദുരന്തത്തിന്‍റെ ആഴവും പരപ്പും വിസ്മരിക്കുന്ന തരത്തിലാണ് മനുഷ്യന്‍റെ പെരുമാറ്റ രീതികളും സമീപനങ്ങളും. വിഷമാവസ്ഥയില്‍ സ്രഷ്ടാവിനെ ഓര്‍ക്കുക, വിഷമം മാറിയാല്‍ വിസ്മരിക്കുക എന്നത് മനുഷ്യപ്രകൃതമാണ്. വിശ്വാസികള്‍ അതില്‍ നിന്ന് വ്യത്യസ്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ കാര്യം വിശദീകരിക്കപ്പെട്ടിരിക്കുന്നു (29:65, 3:32).
നമ്മെ പലതും പഠിപ്പിച്ച ഒരു പാഠശാലയാണ് കോവിഡ്. മനുഷ്യന്‍റെ മതിവരാത്ത ആര്‍ത്തിക്ക് ഈ പരീക്ഷണ കാലത്ത് നിയന്ത്രണങ്ങള്‍ വന്നു. സ്വയം നിയന്ത്രണം. മതം നിയന്ത്രണമാണല്ലോ, ആസുരമായ ഈ ലോകത്ത് കഴിവതും നന്‍മകള്‍ ചെയ്യാനും ദീനരെ സഹായിക്കാനും ശ്രമിക്കുക. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക. മഹാമാരികള്‍ നീങ്ങി സുസ്ഥിതിക്കായി പ്രാര്‍ഥിക്കുക. ദൈവം കൂടെയുണ്ട്; തീര്‍ച്ച.