Skip to main content

ഹിജ്റ വര്‍ഷാരംഭം 

നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്റ വര്‍ഷം 1444 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ പുതുവര്‍ഷം. മതകീയവും സാമൂഹികവും പ്രാദേശികവുമായി അനേകം കലണ്ടറുകള്‍ ലോകത്തുടനീളം ഉപയോഗിച്ചു വരുന്നുണ്ട്.

സൂര്യന്‍റെയും ഭൂമിയുടെയും ചലനങ്ങളെ ആസ്പദമാക്കി കണക്കാക്കപ്പെടുന്ന Solar Calendar ആണ് ജനുവരി മുതല്‍ ഡിസംബര്‍ വരെ പന്ത്രണ്ടു മാസങ്ങള്‍ എണ്ണിവരുന്ന വര്‍ഷഗണന. ഒരു സൗരവര്‍ഷം 365.25 ദിവസമാണ്.എന്നാല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ സഞ്ചാരത്താല്‍ ദൃശ്യമാകുന്ന വൃദ്ധിക്ഷയങ്ങളെ ആസ്പദമാക്കി കണക്കാക്കാറുള്ള ലൂണാര്‍ കലണ്ടര്‍ പ്രാചീനകാലം മുതല്‍ ഉപയോഗത്തിലുണ്ട്. മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെ പന്ത്രണ്ടു മാസങ്ങളായിട്ടാണ് ഈ വര്‍ഷ ഗണന. ഒരുചാന്ദ്രവര്‍ഷം 354.367 ദിവസമാണ്. മുപ്പത്തിമൂന്ന് സൗരവര്‍ഷത്തിന് മുപ്പത്തിനാല് ചാന്ദ്രവര്‍ഷം ഉണ്ടാകും. ഓരോ വര്‍ഷവും പതിനൊന്നു ദിവസത്തെ വ്യത്യാസം.  

AD 570 ല്‍ നടന്ന ഒരു സംഭവം കൊല്ലം കണക്കാക്കുന്നതിന് അവര്‍ പിന്നീട് ഉപയോഗിച്ചു. റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഹബ്ശയുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്റഹ മക്കയിലെ പുരാതനമായ കഅ്ബ പൊളിച്ചു നീക്കാന്‍ ഒരുശ്രമം നടത്തി. സ്വന്‍ആഇല്‍ നിന്ന് (യമന്‍ തലസ്ഥാനം) ആനകളുടെ അകമ്പടിയോടെ മക്കയിലേക്ക് അയാള്‍ പടനയിച്ചു. സൈന്യം മക്കയ്ക്കടുത്തുള്ള ഒരു പ്രദേശത്ത് എത്തിയപ്പോള്‍ ആകാശത്തുനിന്ന് കന്‍മഴ വര്‍ഷിക്കുകയാ യിരുന്നു. അല്ലാഹുവിന്‍റെ സഹായമാണ് ഈ അത്ഭുത സംഭവമെന്ന് ഖുറൈശികള്‍ വിശ്വസിച്ചു. പ്രവാചകത്വം ലഭിച്ച മുഹമ്മദ് നബിക്ക് ഈ സംഭവം അല്ലാഹു അറിയിച്ചു കൊടുക്കുകയും ചെയ്തു.
 
ആന എന്ന ഒരു അധ്യായം വിശുദ്ധ ഖുര്‍ആനിലുണ്ട്. അതിലെ പരാമര്‍ശം ഈ ചരിത്രസംഭവമാണ്.  'ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ മനസ്സിലാക്കിയില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടം കൂട്ടമായി പക്ഷികളെ അവര്‍ക്കു നേരെ അവന്‍ അയച്ചു. അവ ചുട്ടുപഴുത്ത കളിമണ്‍കല്ലുകൊണ്ട് അവരെ എറിയുകയായിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച വൈക്കോല്‍ തുരുമ്പുപോലെയാക്കി'  (105: 1-5). 

ഈ സംഭവം നടന്നത് ക്രിസ്ത്വബ്ദം 570ല്‍ ആയിരുന്നു. ആ സംഭവം അന്ന് അറബികളുടെ മനസ്സിലേല്‍പ്പിച്ച സ്വാധീനത്താലാവാം ആ വര്‍ഷം ആനവര്‍ഷം എന്നറിയപ്പെടുകയും വര്‍ഷഗണനക്കു നാഴികക്കല്ലായി ആ സംഭവം പരിഗണിക്കപ്പെടുകയും ചെയ്തത്. ആനവര്‍ഷത്തിനു മുന്‍പ്/ശേഷം എന്നിങ്ങനെ അവര്‍ പ്രയോഗിച്ചിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ കാലത്തും അതിനുശേഷവും ഈ പ്രയോഗം നിലനിന്നിരുന്നു. ചാന്ദ്രമാസങ്ങളും ആനവര്‍ഷവും ആയിരുന്നു അവരുടെ കാലഗണന. 

അന്ത്യപ്രവാചകനിലൂടെ ഇസ്‌ലാം പൂര്‍ണമാക്കപ്പെട്ടപ്പോള്‍ ആരാധനകള്‍ക്കും  അനുഷ്ഠാനങ്ങള്‍ക്കും സമയം നിശ്ചയിക്കപ്പട്ടത് സൗരഭൗമ ചലനങ്ങള്‍ക്കനുസരിച്ചാണ്. അതേസമയം ദിവസവും മാസവും വര്‍ഷവും കണക്കാക്കിയിരുന്നത് ചാന്ദ്രമാസപ്രകാരവുമാണ്. നമസ്കാരസമയങ്ങള്‍ സൂര്യഗതിക്കനുസരിച്ചാണ്. നോമ്പ്, ഹജ്ജ്, സകാത്തിന്‍റെ വര്‍ഷം മുതലായവ കണക്കാക്കിയിരുന്നത് ചാന്ദ്രമാസമനുസരിച്ചും. ഇത് അല്ലാഹുവിന്‍റെ നിശ്ചയമാണ്. നബിയുടെ അധ്യാപനവും. 

ആചാരാനുഷ്ഠാനങ്ങള്‍ക്ക് ക്രൈസ്തവര്‍ ആഗോളാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ഇറ  അഥവാ ഇംഗ്ലീഷ് മാസങ്ങള്‍ അവലംബിക്കുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‍റെ ആചാരങ്ങള്‍ കൊല്ലവര്‍ഷവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ലോകത്തുള്ള ജൂതസമൂഹങ്ങള്‍ ഹിബ്രു കലണ്ടര്‍ അഥവാ ജ്യൂയിഷ് കലണ്ടര്‍ ആണ് അവലംബിക്കുന്നത്. ഇസ്റാഈലിന്‍റെ ഔദ്യോഗിക കലണ്ടറും ഹിബ്രു തന്നെ. സൗരചാന്ദ്ര (Lunisolar) ഗണനങ്ങള്‍ ഒന്നിച്ചാണ് ഈ കലണ്ടര്‍. മുസ്‌ലിംകൾ തങ്ങളുടെ അനുഷ്ഠാനങ്ങളുടെ ദിവസവും മാസവും വര്‍ഷവും നിശ്ചയിക്കുന്നത് മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള ചാന്ദ്രമാസങ്ങള്‍ അനുസരിച്ചാണ്. സുഊദി അറേബ്യ ഔദ്യോഗിക കലണ്ടറായി സ്വീകരിച്ചതും ഇതു തന്നെ.

ഹിജ്റ വര്‍ഷം 

ഇസ്‌ലാമിന്‍റെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചാന്ദ്രമാസങ്ങള്‍ ഓരോന്നിനെക്കുറിച്ചും നിരവധി പരാമര്‍ശങ്ങള്‍ നബിചര്യയിലുണ്ട്. റമദാന്‍ മാസം വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞിട്ടുണ്ട്.(2:185) ശവ്വാല്‍, ദുല്‍കഅ്ദ, ദുല്‍ഹിജ്ജ മാസങ്ങള്‍ അശ്ഹുറുല്‍ ഹജ്ജ് എന്ന നിലയില്‍ പവിത്രമായി കണക്കാക്കുന്നു. വര്‍ഷത്തില്‍ നാലുമാസങ്ങള്‍ ആദരണീയമാണെന്ന് വിശുദ്ധ ഖുര്‍ആനിലുണ്ട് (9:36). അവ മുഹര്‍റം, റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, എന്നിവയാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. മാസങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച പ്രത്യേകതയില്‍ തിരിമറി നടത്തുന്നത് സത്യനിഷേധമാണെന്ന് അല്ലാഹു താക്കീതു ചെയ്യുന്നു(9:37). ഇങ്ങനെയൊക്കെയാണെങ്കിലും കാലം നിര്‍ണയിക്കാനാവശ്യമായ ഒരു കലണ്ടര്‍ ജാഹിലിയ്യ കാലത്തോ നബിയുടെ കാലത്തോ അറബികള്‍ക്ക് ഉണ്ടായിരുന്നില്ല.

പ്രവാചക പിന്‍ഗാമികളില്‍ രണ്ടാമനായ ഖലീഫ ഉമര്‍(റ) ഭരണം നടത്തുന്നകാലം. ബസ്വറയിലെ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരി(റ) ഒരു പ്രശ്നം ഖലീഫയുടെ മുന്നില്‍ അവതരിപ്പിച്ചു. ഇസ്‌ലാം പ്രചരിക്കുന്നു. നാട് വികസിക്കുന്നു. പലതരത്തിലുള്ള എഴുത്തുകുത്തുകളും രേഖപ്പെടുത്തലുകളും ആവശ്യമായി വരുന്നു. നമുക്ക് നമ്മുടെതായ ഒരുകലണ്ടര്‍ ഉണ്ടാവണം. സാമ്പത്തിക കണക്കുകള്‍ക്ക് തീയ്യതി അനിവാര്യ ഘടകമാണല്ലോ. ഞാനീ കത്തെഴുതുന്നത് ശഅ്ബാനിലാണ്. ഏതു ശഅ്ബാനില്‍ എന്ന അവ്യക്തത മാറ്റേണ്ടേ? 

ഖലീഫ പ്രശ്നം ഗൗരവമായെടുത്തു. സഹപ്രവര്‍ത്തകരായ സ്വഹാബിമാരുമായി കൂടിയാലോചിച്ചു. ചാന്ദ്രമാസഗണന നമ്മുടെ പക്കലുണ്ട്. പക്ഷേ കൃത്യമായ തിയ്യതി രേഖപ്പെടുത്തണമെങ്കില്‍ വര്‍ഷം കണക്കുകൂട്ടേണ്ടതുണ്ട്. അത് എന്നുമുതല്‍ ആരംഭിക്കണം. ഇതായിരുന്നു ചര്‍ച്ച. ഭരണാധികാരിയുടെ പേരും പ്രശസ്തിയും ഓര്‍മിക്കാവുന്ന ഏതെങ്കിലും ഒരു ദിനം ആക്കാമായിരുന്നെങ്കിലും ഖലീഫ അങ്ങനെ ചിന്തിച്ചില്ല. ചിന്തിക്കുകയുമില്ല. ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഏതെങ്കിലും സംഭവം ആവാമെന്നു തീരുമാനിച്ചു. 

ജനിമൃതികളോ അധികാരാരോഹണങ്ങളോ ഒക്കെയാണ് ഇത്തരം സംഗതികള്‍ക്ക് സാധാരണ തിരഞ്ഞെടുക്കാറുള്ളത്. മുഹമ്മദ് നബിയുടെ ജനനവും നിയോഗവും വിയോഗവും മറ്റും അഭിപ്രായങ്ങളായി വന്നുവെങ്കിലും നബിയുടെ ദൗത്യനിര്‍വഹണ വീഥിയിലെ ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തവും ഇസ്‌ലാമിക ചരിത്രത്തിലെ വലിയൊരു വഴിത്തിരിവുമായ ഹിജ്റയെയാണ് വര്‍ഷാരംഭമായി കണക്കാന്‍ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടതും ഖലീഫ അംഗീകരിച്ചതും. അങ്ങനെ നബിയുടെ ഹിജ്റ മുതല്‍ വര്‍ഷം ആരംഭിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. മുഹര്‍റം ഒന്നാം മാസമായി പന്ത്രണ്ടു മാസമുള്ള ചാന്ദ്രവര്‍ഷം അന്നുമുതല്‍ ഹിജ്റ വര്‍ഷം എന്നറിയപ്പെടാന്‍ തുടങ്ങി.

ഓര്‍മിക്കേണ്ട ഒരു പ്രത്യേക കാര്യമുണ്ട്. നബി(സ്വ) ഹിജ്റ നടത്തിയ അന്നുമുതല്‍ വര്‍ഷം എണ്ണി വരുന്നില്ല. ഹിജ്റ നടന്നത് ക്രിസ്ത്വബ്ദം 622 ലാണ്. അതുകഴിഞ്ഞ് പതിനേഴുവര്‍ഷം പിന്നിട്ട ശേഷമാണ് ഹിജ്റ മുതല്‍ വര്‍ഷ ഗണന ആരംഭിക്കാമെന്ന് തീരുമാനിക്കുന്നത്. പില്‍ക്കാലത്ത് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഹിജ്റ വര്‍ഷം ഇത്രയെന്നാണ് പറയുന്നത്. ഹിജ്റ എട്ടിലാണ് മക്ക വിജയമുണ്ടായത് എന്ന് ഇന്ന് നാം പറയുന്നു. അന്ന് ഇങ്ങനെ പറഞ്ഞിരുന്നില്ല. പക്ഷേ അവര്‍ക്കറിയാം.
 
ചിലരെങ്കിലും തെറ്റായി ധരിച്ചത് പോലെ നബിയും സ്വഹാബികളും ഹിജ്റ നടത്തിയത് മുഹര്‍റത്തിലല്ല. റബീഉല്‍ അവ്വലിലാണ്. ഹിജ്റ നടത്തിയ വര്‍ഷം ഒന്നാം വര്‍ഷമായി എണ്ണിത്തുടങ്ങിയെങ്കിലും വര്‍ഷത്തിലെ മാസഘടനയില്‍ മാറ്റമില്ല. ഇസ്‌ലാമിക ചരിത്രം രചിച്ച ചരിത്രകാര്‍ന്മാരെല്ലാം സംഭവങ്ങള്‍ വിവരിക്കുന്നത് ഹിജ്റ വര്‍ഷക്കണക്കിലാണ്. ലോകത്ത് പൊതുവായി കണക്കാക്കിവരുന്ന CE (Common Era or Christian Era) യും ചേര്‍ത്തു കൊണ്ടും ചിലപ്പോള്‍ പറയും. ക്രിസ്ത്വബ്ദം 2022 ഹിജ്റാബ്ദം 1444 ആണല്ലോ. രണ്ടിന്‍റെയും ആരംഭവും അവസാനവും ഒന്നല്ല, ദിവസങ്ങളുടെ എണ്ണവും വ്യത്യസ്തം. ക്രിസ്തുവര്‍ഷത്തില്‍ 365 ദി വസമാണെങ്കില്‍ ഹിജ്റ വര്‍ഷത്തില്‍ 354 ദിവസമാണ്. ലോകം അംഗീകരിച്ച കലണ്ടറുകളില്‍ പ്രമുഖസ്ഥാനം ഹിജ്റ കലണ്ടറിനുണ്ട്. 

Feedback