Skip to main content

നീതി പുലരുമ്പോള്‍ മാനവികത ശക്തിപ്പെടും

പ്രപഞ്ചത്തില്‍ പ്രധാനമായും രണ്ട് അസ്തിത്വങ്ങളാണ് ഉള്ളത്. ഒന്ന് സ്രഷ്ടാവ്, മറ്റൊന്ന് സൃഷ്ടി. സൃഷ്ടികള്‍ വൈവിധ്യമുള്ളവയാണ്. കഴിവുകളിലും ദൗത്യങ്ങളിലും വ്യത്യസ്തതകള്‍ കാണാവുന്നതാണ്. സൃഷ്ടികളില്‍ ഏറെ ആദരണീയത അര്‍ഹിക്കുന്നത് മനുഷ്യസമൂഹമാണ്. ഇസ്‌ലാം ഇക്കാര്യം കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട് (വി.ഖു 17:70). വിവേചന ബുദ്ധിയും (39:18) ആശയ രൂപീകരണത്തിനും ആവിഷ്കാരത്തിനുമുള്ള കഴിവും (55:4) മനുഷ്യനെ ഇതര സൃഷ്ടി വര്‍ഗങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നു.

വ്യത്യസ്ത വര്‍ഗങ്ങളും ഗോത്രവിഭാഗങ്ങളും ഭാഷാ-ദേശ വൈവിധ്യവും കൊണ്ട് സമ്പന്നമാണ് മനുഷ്യ സമൂഹം (49:13). മനുഷ്യനെയാണ് അടിസ്ഥാന ഊന്നലായി മതം കാണുന്നത്. മനുഷ്യത്വത്തിന് ശ്രേഷ്ഠമായ പരിഗണന നല്‍കുന്നു. വിശ്വാസ-അനുഷ്ഠാനങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയോട് കലഹിക്കാതെ മനുഷ്യന്‍ എന്ന പരിഗണനയില്‍ മുന്നോട്ട് പോവണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സ്രഷ്ടാവില്‍ നിന്ന് ഭൗതികമായ അനുഗ്രഹങ്ങളും പരിഗണനയും മതവ്യത്യാസമില്ലാതെ പൂര്‍ത്തീകരിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. (2:126). സത്യത്തിനാണ് ആത്യന്തിക വിജയം എന്ന് ഇസ്ലാം ശക്തമായി പ്രസ്താവിക്കുന്നുണ്ടെങ്കിലും അസത്യത്തെ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യവും മനുഷ്യന് (76:3) അനുവദിച്ചു നല്‍കുന്നുണ്ട്. സത്യാസത്യ സ്വീകാരവും തിരസ്കാരവും മനുഷ്യന്‍ എന്ന പരിഗണനയില്‍ കൃത്യനിര്‍വ്വഹണത്തിന് തടസ്സമാകരുതെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.

മനുഷ്യന്‍, ആരായാലും അവരില്‍ ഒരാള്‍ക്കെങ്കിലും ജീവന്‍ പകരുന്നത് മനുഷ്യ സമൂഹത്തിന് ആകെ ജീവന്‍ നല്‍കുന്നതിന് തുല്യമാണ്.

മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു (5:32).

സമകാല ലോകത്ത് മനുഷ്യത്വത്തിന് വില മതിക്കുന്ന സമീപനങ്ങള്‍ കുറഞ്ഞ് വരികയാണ്. വംശീയതയും സങ്കുചിത താല്‍പര്യങ്ങളും വഴി വിഭാഗീയതക്ക് ശക്തി പകരുന്നു. കറുത്തവനും വെളുത്തവനും തമ്മില്‍ ഉള്ള മനുഷ്യത്വ രഹിത സമീപനങ്ങള്‍ കൊലവിളികളിലേക്ക് വരെ എത്തിയ, റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ നാം ദര്‍ശിക്കുകയുണ്ടായി. ജനനം, ദേശം തുടങ്ങിയ വിഭാഗീയതകള്‍ പല രാജ്യങ്ങളിലും കാണാം. ജീതീയതയും സ്ത്രീ-പുരുഷ അസമത്വങ്ങളും കോര്‍പ്പറേറ്റ് ലോബികള്‍ അധസ്ഥിത സമൂഹത്തെ ചൂഷണം ചെയ്യുന്നതും ഇത്തരം മനുഷ്യത്വ രഹിത സമീപനങ്ങള്‍ക്ക് കുടപിടിക്കുന്ന ഭരണകൂട ഭീകരതയും വളര്‍ന്ന് വരുന്നു. ഇതര മനുഷ്യരോട് അനീതിപൂര്‍വ്വകമായ സമീപനങ്ങളും തലപൊക്കുന്നുണ്ട്. ഇത്തരം പശ്ചാത്തലങ്ങളില്‍ സമ്പൂര്‍ണ നീതി നടപ്പിലാക്കുന്നതിന് എല്ലാ മനുഷ്യരും സ്വയം സന്നദ്ധമാവുന്ന അവസ്ഥയാണ് പരിഹാരം. നീതിയുടെ നിര്‍വ്വഹണം കലവറയില്ലാതെ പൂര്‍ത്തീകരിക്കാന്‍ മതം പ്രത്യേകം ആഹ്വാനം ചെയ്യുന്നുണ്ട്.. നീതി നശിക്കുമ്പോഴാണ് മനുഷ്യത്വം തകരുന്നത്. നീതിയുടെ കാവലാളാവാന്‍ ഓരോരുത്തരും പ്രതിജ്ഞ ചെയ്താല്‍ മനുഷ്യത്വവും മാനവികതയും സുശക്തമാക്കിയെടുക്കാം. 

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (5:8).

Feedback