ചിട്ടയായ സാമൂഹിക ജീവിതം നയിക്കുന്ന ചെറുജീവികളാണ് ഉറുമ്പുകള്‍. മനുഷ്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഉറുമ്പുകള്‍ അവരുടെ സാമൂഹ്യജീവിതം ചിട്ടയോടെയും ഐക്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നു. അവരില്‍ രാജ്ഞിമാരും ജോലിക്കാരും പട്ടാളക്കാരുമുണ്ട്.
ഒരു കൂട്ടില്‍ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. കൂടിന്റെ ഉള്ളറകളില്‍ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ആണ്‍ ഉറുമ്പുകളാണ് രാജ്ഞിയുമായി ഇണചേരുന്നത്. താമസിയാതെ അവ മരിക്കുകയും ചെയ്യുന്നു. പ്രത്യുത്പാദന ശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് വേലക്കാര്‍. എല്ലാവരേയും തീറ്റിപ്പോറ്റേണ്ടതും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതും കൂട് വൃത്തിയാക്കേണ്ടതുമൊക്കെ ഇവരുടെ ജോലിയാണ്. കൂട്ടിന് വെളിയില്‍ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാരുമുണ്ട്. ശത്രുക്കളെ നേരിടുന്നവരാണ് പട്ടാളക്കാരായ ഉറുമ്പുകള്‍.
ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഫെറോമോണുകള്‍ വഴിയാണ്. അത് മറ്റുള്ളവരെ അപകടത്തെക്കുറിച്ച് അറിയിക്കാനോ കണ്ടെത്തിയ ഭക്ഷണത്തിലേക്ക് എത്തിക്കാനോ അവക്കു കഴിയുന്നു.
ഉറുമ്പുകള്‍ വളരെ ചെറിയ ജീവികളാണ്. നമ്മുടെ ഡ്രോണുകള്‍ പോലെ വലിയ ബാറ്ററികളോ ക്യാമറകളോ സെന്‍സറുകളോ അവര്‍ ഉപയോഗിക്കുന്നില്ല. അവര്‍ക്ക് അധികം ഊര്‍ജ്ജം ആവശ്യമുള്ള മൈക്രോ പ്രൊസസ്റ്ററുകളുടെ ആവശ്യവുമില്ല. എങ്കിലും, വിജയകരമായ നാവിഗേഷന്‍ സംവിധാനങ്ങളാണ് അവക്കുള്ളത്. ഉറുമ്പുകളിലെ ഈ അത്ഭുതകരമായ സവിശേഷതകള്‍ സാങ്കേതികവിദ്യയില്‍ പ്രയോഗിക്കാന്‍ കഴിയുമെങ്കില്‍, ചെറിയ വലിപ്പത്തിലുള്ള റോബോട്ടുകളും ഡ്രോണുകളും വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം. ഈയടുത്ത കാലങ്ങളില്‍ TU Delft drone ഗവേഷകര്‍ ഉറുമ്പുകളുടെ നാവിഗേഷന്‍ സംവിധാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നതായിക്കാണാം.
ഒരു സംവിധാനവും ഉപയോഗിക്കാതെയാണ് ഉറുമ്പുകള്‍ അവയുടെ ദിശ കണ്ടെത്തുന്നത്. ഇവയില്‍ ആദ്യത്തേത്, ഭക്ഷണം കണ്ടെത്താന്‍ കൂടുവിട്ടിറങ്ങുന്ന പയനിയര്‍ ഉറുമ്പുകള്‍, ഫെറോമോണ്‍സ് എന്ന ശക്തമായ രാസവസ്തുക്കള്‍ വഴിയില്‍ ഉപേക്ഷിക്കുന്നു എന്നതാണ്. മറ്റൊന്ന് മരുഭൂമിയിലെ ഉറുമ്പുകളുടെ പ്രകാശത്തെ ധ്രുവീകരിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടതാണ്. ധ്രുവീകരിക്കപ്പെട്ട പ്രകാശം നമുക്ക് കാണാന്‍ കഴിയാത്ത ചില കിരണങ്ങള്‍ കാണാന്‍ ഉറുമ്പുകള്‍ക്കു സാധിക്കുന്നു, ഈ കിരണങ്ങള്‍ ഉപയോഗിച്ച് ഉറുമ്പുകള്‍ ദിശ നിര്‍ണയിക്കുന്നു. ഈ രീതിയില്‍, ഉറുമ്പുകള്‍ക്ക് അവരുടെ കൂട് ഏത് വശത്താണെന്ന് കണ്ടെത്താന്‍ കഴിയും. തിരികെ മടങ്ങാന്‍ അവക്കു പ്രയാസമില്ല. ടിയു ഡെല്‍ഫ്റ്റ് ഡ്രോണ്‍ ഗവേഷകര്‍ ഉറുമ്പുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഓഡോമെട്രി എന്ന് ശാസ്ര്തജ്ഞര്‍ വിളിക്കുന്ന സംവിധാനത്തെ അതീവ താത്പര്യത്തോടെയാണ് കാണുന്നത്.
നമ്മുടെ ക്യാമറകളെ അപേക്ഷിച്ച് ഉറുമ്പുകള്‍ക്ക് കാഴ്ചയുടെ റെസല്യൂഷന്‍ വളരെ കുറവാണ്. ഇതൊരു പോരായ്മയല്ല. ഏത് ദിശയിലുമുള്ള വസ്തുക്കളെ എളുപ്പത്തില്‍ കണ്ടെത്താനും ഭൂമിയിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കാനും തിരിച്ചു കൂട്ടിലേക്ക് മടങ്ങാനും ഇവക്കു സാധിക്കുന്നു.
പരിണാമവാദികള്‍ അവകാശപ്പെടുന്നതുപോലെ യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല ഇതെന്ന് മനസ്സിലാക്കാം. മഹത്തായ എഞ്ചിനീയറിംഗ് പ്ലാനിംഗ് ആവശ്യമായ ഈ കഴിവുകളെല്ലാം യാദൃശ്ചികമായി ഉയര്‍ന്നുവരിക അസാധ്യമാണ്. ഉറുമ്പുകളിലെ നാവിഗേഷന്‍ സംവിധാനങ്ങളാല്‍ അവര്‍ ജനിച്ചതും ദൈവത്താല്‍ നല്കപ്പെട്ടതുമായ സവിശേഷതകളാണ്. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ദൈവത്തെ കൂടുതല്‍ അറിയാനും അവന്റെ സൃഷ്ടിവൈഭവങ്ങള്‍ ബോധ്യപ്പെടാനും അങ്ങനെ ദൈവത്തിനീ കീഴ്‌പ്പെടാനും ബുദ്ധിയുള്ള മനുഷ്യനു കഴിയുന്നു.