സമുദ്രത്തിന്റെ അടിത്തട്ടില്‍ ധാരാളം നദികളും പുഴകളുമുണ്ട്. കഠിനമായ ചൂടുവെള്ളവും തണുപ്പുവെള്ളവും മധുരിക്കുന്ന ശുദ്ധജലവും ചവര്‍ക്കുന്ന ഉപ്പുജലവും ഇടകലരാതെ സമുദ്രത്തില്‍ ഒഴുകുന്നു.
സമുദ്രത്തിന്റെ ഉപരിതലത്തില്‍ മുകളിലായിട്ടാണ് പുഴകളധികവും ഒഴുകാറുള്ളത്. ശുദ്ധജലമുള്ള പുഴകള്‍ ഉപ്പ് ജലമുള്ള സമുദ്രത്തില്‍ ഒഴുകിയെത്തുന്നു. എന്നാല്‍ സമുദ്രം പുഴയിലേക്ക് തിരിച്ചൊഴുകാതെ കാത്തു സൂക്ഷിക്കുന്നു. കൃത്യവും സൂക്ഷ്മവുമായ ഈ പ്രതിഭാസം നൂറ്റാണ്ടുകളായി നടന്നു വരുന്നു. പുഴകളണാല്ലോ മനുഷ്യരുടെയും വന്യജീവികളുടെയും വ്യക്ഷങ്ങളുടെയും ചെടികളുടെയും നിലനില്‍പ്പിന്നാധാരം.
ഇവയെല്ലാം സൃഷ്ടികര്‍ത്താവിന്റെ പ്രപഞ്ച നിയമങ്ങള്‍ ലംഘിക്കാതെ കൃത്യമായും സൂക്ഷ്മമായും തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്നു. അല്ലാഹു പറയുന്നു: 'രണ്ട് സാഗരങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടാവനാകുന്നു അവന്‍. ഒന്ന് സ്വാദിഷ്ടമായ തെളിനീര്‍. മറ്റേത് ചവര്‍പ്പുറ്റ ഉപ്പ് നീരും. രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ തടസ്സവുമുണ്ട്' (25:53).
സമുദ്രത്തിന്റെ അടിയില്‍ ചൂടുള്ളതും ഉപ്പ് സാന്ദ്രതയുള്ളതും കുറഞ്ഞ ഡെന്‍സിറ്റിയിലുള്ളതുമായ ജലപാതകള്‍ ധാരാളമുണ്ട്. മെഡിറ്ററേനിയന്‍ കടല്‍, അത്‌ലാന്റിക്കില്‍ സമുദ്രത്തിലേക്ക് ഒഴുകുന്ന ആയിരക്കണക്കിന് ആഴങ്ങളില്‍ അതിന്റെ ചൂടും വഹിച്ചുകൊണ്ട് കുതിച്ചോടുന്നു. മെഡിറ്ററേനിയന്‍ കടല്‍ വെള്ളം ചൂടുള്ളതും (saline) ഉപ്പ് രസമുള്ളതും (less dense) സാന്ദ്രത കുറഞ്ഞതുമാണ്.
ആമസോണിന്റെ പോഷക നദിയായ കരിനിറമുള്ള നീഗ്രോനദിയും തവിട്ടുനിറമുള്ള സോളിമോസും, 20 കി.മി ദൂരം ഇടകലരാതെ അപ്പുറവും ഇപ്പുറവുമായി ഒഴുകുന്നുണ്ട്. വെള്ളത്തിന്റെ ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വ്യത്യാസം കൊണ്ടാണത്രെ അവ യോജിച്ച് ഒന്നാകാതെ ഇത്രയും ദൂരം സഞ്ചരിക്കുന്നത്.
പെസിഫിക് സമുദ്രത്തിലെ പനാമയില്‍ നിന്ന് ഫിലിപ്പൈന്‍സ് വരെയുള്ള കടലിടുക്ക് ഏതാണ്ട് 14,000 കി.മി. ദൈര്‍ഘ്യമുണ്ട് (ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ കണ്ടുപിടിച്ച) മെഡിറ്റേറേനിയന്‍ കടലിലെ സാന്ദ്രത കൂടിയ ഉപ്പ് ജലവും അറ്റ്‌ലാന്റിക്കിലെ സാന്ദ്രത കുറഞ്ഞ ജലവും വിപരീത ദിശയില്‍ ജിബ്രാള്‍ട്ടര്‍ കടലിലൂടെ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം കൂടിച്ചേരാതെ ഒഴുകുന്നു.
ഭൂമിയുടെ ഉപരിതലത്തില്‍ ജലത്തോട് ചന്ദ്രന് ആകര്‍ഷണമുണ്ടാകുന്നതിനെ തുടര്‍ന്നുള്ള വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുമ്പോഴും അവ പരസ്പരം കടന്നാക്രമിക്കാറില്ല. ഭൂമിയില്‍ നിന്ന് 38,4000 കി. മി. ദൂരെയാണല്ലോ ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. ചന്ദ്രന്റെ പ്രപഞ്ചത്തിലുള്ള സജീവസാന്നിധ്യം നിമിത്തം 60 അടി ഉയരത്തില്‍ പോലും വേലിയേറ്റമുണ്ടാകാറുണ്ട്. എന്നാലും പുഴകളും സമുദ്രങ്ങളും പലപ്പോഴും അതിര്‍ വരമ്പുകള്‍ ലംഘിക്കാറില്ല. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് 50000 കി.മി. അകലത്തിലായിരുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ വേലിയേറ്റത്തില്‍ മുങ്ങിത്താഴുമായിരുന്നു.
നൂറ്റാണ്ടുകളായി പല വിഷവാതകങ്ങളും ആധുനിക വ്യവസായ ശാലകളിലെ മലിനജലവുമെല്ലാം സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നു. എന്നിട്ടും മനുഷ്യന്റെ നിലനില്‍പ്പിന്നാധാരമായ സന്തുലനത്തോടെ പ്രപഞ്ചനാഥന്‍ അതിനെ സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ഈ ജലത്തില്‍ നിന്നാണ് സൂര്യന്റെ താപമേറ്റ് നീരാവി ഉയരുന്നത്. അതാണ് മേഘകണങ്ങളായി, മഴയായി, ശുദ്ധജലമായി ഭൂമിയില്‍ പതിക്കുന്നതും മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നതും.
'ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും അതിന് നങ്കൂരങ്ങളുറപ്പിച്ചതും രണ്ട് ജലശേഖരങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കിവെച്ചതും ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവമുണ്ടോ? ഇല്ല, പക്ഷേ അവരിലധികമാളുകളും അജ്ഞരാകുന്നു. (27: 61)
അല്ലാഹു പറയുന്നു. 'രണ്ട് ജലാശയങ്ങള്‍ സമമാകുകയില്ല. ഒന്ന് കുടിക്കുവാന്‍ ഹൃദ്യമായ ശുദ്ധ ജലം, മറ്റൊന്ന് കയ്പ്പുള്ള ഉപ്പുവെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പൂത്തന്‍മാംസം എടുത്തു തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും കാണാം. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിപ്പിടിക്കാന്‍ വേണ്ടിയും നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാണിത്. (35:12)
മുത്തുച്ചിപ്പിയും പവിഴവും
സമുദ്രത്തിലെ മറ്റൊരു അദ്ഭുത പ്രതിഭാസമാണ് മുത്തുച്ചിപ്പി. ഘടനയിലും ജീവിതരീതിയിലും മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാണിത്. വളരെ അത്ഭുതകരമായ സൂക്ഷ്മമായ വലയുണ്ടിതിന്. മീന്‍ പിടുത്തക്കാരുടെ വലപോലെ വെള്ളം, വായു, ഭക്ഷണം എന്നിവയെ ആവശ്യാനുസരണം അരിച്ച് അകത്തേക്ക് കടത്താന്‍ ഈ വല പ്രയോജനപ്പെടുന്നു. കല്ലുകളും ചരലുകളും മറ്റും അങ്ങനെ ഒഴിവാക്കപ്പെടുന്നു. ഈ വലയ്ക്ക് താഴെയാണ് ജീവിയുടെ വായകള്‍. ഓരോ വായക്കും നാല് ചുണ്ടുകള്‍ വീതമുണ്ട്. ഒരുമണലിന്റെ തരിയോ, കല്ലിന്റെ കഷ്ണമോ ഉപദ്രവകാരിയായ ഒരു ജീവിയോ ചിപ്പിയുടെ അകത്തേക്ക് കടക്കാനിടയായാല്‍ അത് പ്രത്യേക തരം ദ്രാവകം സ്രവിപ്പിച്ച് അകത്ത് ഉറച്ചാണ് കാലക്രമേണ ഒരു മുത്തുണ്ടായിത്തീരുന്നത്. അകത്തേക്ക് കടന്ന വസ്തുവിന്റെ വലുപ്പത്തിനനുസരിച്ചായിരിക്കും മുത്തിന്റെ വലുപ്പവും.
പവിഴവും ദൈവത്തിന്റെ ഒരത്ഭുതസൃഷ്ടിയാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ അഞ്ച് മീറ്ററിനും മുന്നൂറ് മീറ്ററിനും ഇടക്കുള്ള ആഴങ്ങളില്‍ അവ ജീവിക്കുന്നു. അവയുടെ അടിഭാഗം പാറകളിലോ, സസ്യങ്ങളിലോ മറ്റോ ഉറച്ചിരിക്കും. ശരീരത്തിന്റെ മേല്‍ഭാഗത്ത് വായപോലെ തുറന്നിരിക്കുന്ന ഭാഗം ഇര പിടിക്കാനായി അതുപയോഗിക്കുന്നു. ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കൊണ്ട് അത് പൊതിഞ്ഞിരിക്കും. അതിന്മേല്‍ വന്നിരിക്കുന്ന ജല ജീവികള്‍ക്ക് മിക്കവാറും ഒരു തരത്തിലുള്ള തളര്‍ച്ച ബാധിക്കുന്നു. അവ അതിന്മേല്‍ പറ്റി പിടിക്കുന്നു. അതോടെ അവ ചുരുണ്ടു പോവുകയും ജീവിയുടെ വായിലേക്ക് വലിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ അന്നനാളം പോലെയുള്ള കുഴലിലേക്ക് ഇര അങ്ങനെ പ്രവേശിക്കുന്നു.
പ്രത്യുത്പ്പാദന കോശങ്ങള്‍ ധാരാളമായി സ്രവിച്ചുകൊണ്ട് ഈ ജീവി മുട്ടയിട്ട് പെരുകുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന ഭ്രൂണങ്ങള്‍ പാറയിലോ. പുല്ലിലോ പറ്റിപിടിച്ച് സ്വതന്ത്രജീവികളായി വളരുന്നു. അവയുടെ മൂല ജീവികളെ തിന്ന് സമാനമായി ധര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്നു.
സൃഷ്ടിവൈഭവത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് പവിഴത്തിന്റെ പ്രജനനം. കാണ്ഡത്തില്‍നിന്ന് പുതുനാമ്പുകള്‍ കിളിര്‍ക്കുന്നു. ഈ നാമ്പുകളും മൂലത്തോട് ചേര്‍ന്ന് നിന്ന് വളരുന്നു. ഇങ്ങനെ രൂപപ്പെടുന്ന പവിഴ മരത്തിന് 30 മീറ്റര്‍ വരെ നീളമുണ്ടാകും. ഇത്തരം മരങ്ങളുടെ കൂട്ടങ്ങളാണ് പവിഴപുറ്റുകള്‍. ജീവനുള്ള ഈ പവിഴപ്പുറ്റുകള്‍ക്ക് പല നിറങ്ങളുണ്ട്. ഓറഞ്ച്, മഞ്ഞ, ഇളം ചുവപ്പ്, മരതകപ്പച്ച, ചാരനിറം തുടങ്ങിയവ.
ഈ ജീവിയുടെ ജൈവഭാഗങ്ങള്‍ നശിച്ച ശേഷം അവശേഷിക്കുന്ന ചുവന്ന പവിഴങ്ങള്‍ ഭീമാകാരങ്ങളായ ഉറച്ച പവിഴപ്പാറകളായി മാറുന്നു. ഇത്തരം പവിഴപ്പാറകളുടെ ഒരു മഹാപരമ്പര തന്നെയുണ്ട് ചില സമുദ്രങ്ങളില്‍. ആസ്‌ത്രേലിയയുടെ വടക്ക് കിഴക്കന്‍ സമുദ്രാന്തര്‍ഭാഗങ്ങളില്‍ 350 മൈല്‍ നീളവും 50 മൈല്‍ വീതിയും ഉള്ള ഇത്തരം പാറക്കൂട്ടങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളുണ്ടാക്കുവാന്‍ മുത്തും പവിഴവും ഉപയോഗിക്കുന്നു.
സമുദ്രത്തിനും വ്യത്യസ്ത നിറമുള്ളതായി കാണാനാവും. ചൈനക്കും കൊറിയക്കും ഇടയിലുള്ള പെസഫിക് സമുദ്രത്തിന്റെ കൈവഴിയായ മഞ്ഞക്കടലിന് നിറം മഞ്ഞയാണ്. നദികള്‍ വന്‍തോതില്‍ ഇവിടേയ്ക്ക് ഒഴുക്കിക്കൊണ്ട് വരുന്ന മഞ്ഞ നിറത്തിലുള്ള ചളിയും എക്കല്‍ മണ്ണും ഒക്കെയാണ് ഇതിന് കാരണം.
കരിങ്കടല്‍ ജലത്തില്‍ പ്രാണവായുവിന്റെ സാന്നിധ്യം വളരെക്കുറവാണ്. അതോടൊപ്പം ആല്‍ഗകളുടെ സാന്നിധ്യമാകട്ടെ കൂടുതലും. ഇതാണ് കറുപ്പ് നിറത്തിന് കാരണം.
ചെങ്കടലിന് ചുവപ്പ് നിറം നല്‍കുന്നത് ജലോപരിതലത്തില്‍ കാണപ്പെടുന്ന കടല്‍ക്കളകളും ചില തരം ഡയനോ ബാക്ടീരിയകളുമാണ്. എന്നാല്‍ ഇവയെല്ലാം അല്ലാഹുവിന്റെ അലംഘനീയമായ നിയമങ്ങള്‍ക്കനുസൃതമായി തങ്ങളുടെ അതിര്‍വരമ്പുകള്‍ കൃത്യമായും കണിശമായും സൂക്ഷ്മമായും നിലനിര്‍ത്തുന്നു. പരസ്പരം ആക്രമിക്കാതെയും കൂടിച്ചേരാതെയും ദൈവത്തിന്റെ കല്പന അനുസരിച്ച് അവയുടെ ദൗത്യം നിര്‍വഹിക്കുന്നു.