Skip to main content

ബീവര്‍, കാട്ടിലെ എന്‍ജിനീയര്‍

നിര്‍മാണ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട ജന്തുവിഭാഗങ്ങളിലൊന്നാണ് ബീവറുകള്‍. അണക്കെട്ടു നിര്‍മാണത്തില്‍ അതിവിദഗ്ധമായതിനാല്‍ ബീവറുകളെ കാട്ടിലെ എന്‍ജിനീയര്‍മാര്‍ എന്ന് വിളി ക്കാറുണ്ട്. ശരാശരി ഒരുമീറ്റര്‍ നീളവും പതിനെട്ട് കിലോഗ്രാം തൂക്കവുമുള്ള ബീവറിന് നല്കപ്പെട്ടിരിക്കുന്ന ശാരീരികഘടന നിര്‍മാണത്തിന് അനുയോജ്യമായതാണ്. മൂര്‍ച്ചയുള്ള ഓറഞ്ച് നിറത്തിലുള്ള ഉളിപ്പല്ലുകള്‍ മരംമുറിക്കാന്‍ ബീവറുകളെ സഹായിക്കുന്നു. ഉറപ്പുള്ള നഖങ്ങളോടു കൂടിയ മുന്‍കാല്‍ വിരലുകളാണ് മണ്ണില്‍ കുഴിക്കാന്‍ ഇവയ്ക്കുള്ള ആയുധം. മരച്ചില്ലകളും കൊമ്പുകളും പിടിക്കുവാനും ഈ വിരലുകള്‍ ബീവറുകളെ സഹായിക്കുന്നു.

Beaver

താന്‍ മുറിക്കാനുദ്ദേശിച്ച മരത്തിനുസമീപം ചെന്ന് വാലില്‍ ചാരി പിന്‍കാലുകളിലിരുന്ന് മുന്‍ കാലുകള്‍ കൊണ്ട് മരത്തില്‍ പിടിച്ച് പ്രസ്തുത മരം ഉളിപ്പല്ലുകളുപയോഗിച്ച് കാര്‍ന്നു മുറിക്കാനാരംഭിക്കുന്നതോടെയാണ് ബീവര്‍ അണക്കെട്ടു നിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഇങ്ങനെ മുറിച്ച് തള്ളിയിടുന്ന തടികള്‍ പിന്നെ ചെറിയ കഷ്ണങ്ങളാക്കി മാറ്റുവാനും ബീവര്‍ തന്റെ പല്ലുകള്‍ ഉപയോഗിക്കുന്നു. മുറിച്ച തടിക്കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് ഒഴുക്കിനനുകൂലമായി താഴോട്ട് കൊണ്ടുപോവുകയും അണ കെട്ടേണ്ടിടത്തെത്തിയാല്‍ അവ കല്ലും ചെളിയുമുപയോഗിച്ച് വെള്ളത്തില്‍ താഴ്ത്തിവെക്കുകയും ചെയ്യുന്നു. പാര്‍പ്പിടത്തിനടുത്ത് വേണ്ടത്ര ഉയരത്തില്‍ വെള്ളമാകുന്നതുവരെ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിച്ചെടുക്കും. പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ ശൈതൃകാലത്തുപോലും മഞ്ഞുറഞ്ഞു വഴിമുട്ടാതിരിക്കുവാനും ഭക്ഷണം കരുതിവെച്ച സ്ഥലത്തേക്ക് പോകാനുമുള്ള പാകത്തിലായിരിക്കും ഈ ജലവിതാനം ഒരുക്കുന്നത്. ജലവിതാനം ഉയരാതിരിക്കുവാന്‍ തക്കരൂപത്തിലുള്ള ഒരു വിള്ളലും അണക്കെട്ടില്‍ ബീവര്‍ നിര്‍മിക്കുന്നു.

അരുവികള്‍ക്ക് കുറുകെയാണ് ബീവറുകള്‍ അണക്കെട്ടു നിര്‍മിക്കുന്നത്. വെള്ളം കെട്ടി നിര്‍ത്തിക്കഴിഞ്ഞാല്‍ അതിന്റെ അരികിലോ പ്രകൃത്യായുള്ള ചെറുതുരുത്തുകളിലോ ബീവര്‍ പാര്‍പ്പിടം നിര്‍മിക്കാനാരംഭിക്കുന്നു. മരച്ചില്ലകള്‍ ചളികൂട്ടി ഒട്ടിച്ചെടുത്തുകൊണ്ടാണ് ഇവ ചിരട്ട കമിഴ്ത്തിയ ആകൃതിയിലുള്ള വീട് നിര്‍മിക്കുന്നത്. കൂട്ടിലേക്ക് വായുസഞ്ചാരം അനുപേക്ഷണീയമായതിനാല്‍ തണുപ്പുകാലത്തുപോലും മുകള്‍ഭാഗം അടയ്ക്കാറില്ല. വെള്ളം കെട്ടി നില്ക്കുന്ന ഭാഗത്തിന് കുറച്ച് മുകളിലായിക്കും പാര്‍പ്പിടത്തിന്റെ സ്ഥാനം. വെള്ളത്തിനടിയിലുള്ള മരക്കൊമ്പുകള്‍ക്കടുത്തേക്കും വെള്ളത്തില്‍ മറ്റു ഭാഗങ്ങളിലേക്കും പാര്‍പ്പിടത്തിനകത്തു നിന്ന് നേരെപ്പോകുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ പാര്‍പ്പിടത്തില്‍ നിന്ന് മണ്ണിലൂടെ കുറച്ചുദൂരം പോയി വെള്ളത്തിലേക്ക് തുറക്കുന്ന ഒരു തുരങ്കമായിരിക്കും പുറത്തേക്കുള്ള വഴി. ഈ കൂടിനകത്തെ ഊഷ്മക്രമീകരണത്തിനുവേണ്ട സംവിധാനങ്ങളും ബീവര്‍ ചെയ്യുന്നു. അതുമൂലം എയര്‍കണ്ടീഷന്‍ ചെയ്ത വീടുകള്‍ക്കു തുല്യമായ അന്തരീക്ഷമാണ് ബീവര്‍ കൂടുകള്‍ക്കകത്തുണ്ടാവുക. പുറമെയുള്ള ഊഷ്മാവ് മാറ്റം കൂടുകള്‍ക്ക് അകത്ത് ബാധിക്കാത്ത വിധത്തിലാണ് ബീവര്‍ തന്റെ പാര്‍പ്പിടത്തെ 'എയര്‍കണ്ടീഷന്‍' ചെയ്യുന്നത്. 

ഇത്തരം കൂടുകള്‍ നിര്‍മിക്കുവാന്‍ ബീവറുകളെ പഠിപ്പിച്ചതാരാണ്? അണക്കെട്ടു നിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ബീവറുകള്‍ക്ക് പറഞ്ഞുകൊടുത്തതാരാണ്? 

കൂടുനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ തലമുറകളിലൂടെ കൈമാറിയാണ് ബീവര്‍ ഇന്ന് കാണുന്ന രീതിയിലുള്ള കൂടുകള്‍ നിര്‍മിക്കുന്നതെന്ന് ആരും പറയുകയില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ബീവറുകളും ഇന്ന് ജീവിക്കുന്ന ബീവറും നിര്‍മിക്കുന്നത് ഒരേതരം വീടുകള്‍ തന്നെ. യാതൊരു പുരോഗതിയും ബീവറുകളുടെ വീടുനിര്‍മാണത്തിലുണ്ടായിട്ടില്ല. അപ്പോള്‍ പിന്നെ ബീവറുകള്‍ക്ക് വീട് നിര്‍മാണവും അണക്കെട്ടുനിര്‍മാണവും പഠിപ്പിച്ചതാരാണ്? 

'ജന്മവാസന'യാണെന്നാണ് ശാസ്ത്രത്തിന്റെ ഉത്തരം. ആധുനിക മനുഷ്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഈ ജന്മവാസന യാദൃച്ഛികതയുടെ സൃഷ്ടിയാണെന്നു പറയുന്നത് വിഡ്ഢിത്തമാണ്. അതിനു പിന്നില്‍ ഒരു അതിബുദ്ധിയുടെ അസ്തിത്വമാണ് ബുദ്ധിയുള്ളവര്‍ക്ക് കാണാന്‍ കഴിയുക.
 

Feedback