പ്രത്യൂത്പാദനത്തിനും പ്രജനനത്തിനുമായെല്ലാം ജീവിലോകത്തെ പല ജീവികളും ദേശാടനം നടത്താറുണ്ട്. ചില മത്സ്യങ്ങളും ഇത്തരം ദേശാടനത്തിന്റെ ഭാഗമാണ്. അത്തരമൊരു മത്സ്യമാണ് ആരലുകള്‍.
ബെര്‍മ്യൂഡയുടെ തെക്കുകിഴക്ക് 950 കിലോമീറ്റര്‍ മാറി സര്‍ഗാസോ കടലില്‍ വെച്ചാണ് ആരലുകള്‍ പ്രത്യുത്പാദനം നടത്തുന്നത്. അവിടെ നിന്ന് ആരല്‍ ലാര്‍വകള്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്രതുടങ്ങും. യൂറോപ്യന്‍ ആരലിന്റെ ലാര്‍വകള്‍ അവിടെയെത്തുവാന്‍ മൂന്നുവര്‍ഷവും അമേരിക്കന്‍ ആരലുകളുടെ ലാര്‍വകള്‍ അമേരിക്കയിലെത്താന്‍ ഒരു വര്‍ഷവുമെടുക്കും.
യൂറോപ്പിലെ ശുദ്ധജല തടാകങ്ങളിലാണ് യൂറോപ്യന്‍ ആരലുകള്‍ അവ വളരുന്നത്. ആറര മുതല്‍ എട്ടര വയസ്സുവരെ പ്രായമാകുമ്പോഴാണ് ആരലുകള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നത്. പ്രജനന കാലമായാല്‍ ആരലുകള്‍ തിരിച്ച് ആഴക്കടലിലേക്ക് യാത്രയാരംഭിക്കുന്നു. പകലും രാത്രിയിലും നദികളിലൂടെ സഞ്ചരിച്ച് കടലിലെത്തിച്ചേരുന്ന ആരലുകള്‍ ആഴക്കടലില്‍ ചെന്ന് ലക്ഷക്കണക്കിന് മുട്ടകളിട്ട് അവിടെത്തന്നെ ജീവിതമവസാനിപ്പിക്കുന്നു. യൂറോപ്യന്‍ ആരലുകള്‍ അയ്യായിരത്തോളം കിലോമീറ്ററുകള്‍ യാത്ര ചെയ്തിട്ടാണ് സര്‍ഗാസോയില്‍ എത്തിച്ചേരുക.
ഇതിനേക്കാള്‍ അത്ഭുതകരമാണ് ആരല്‍ ലാര്‍വകളുടെ യാത്ര. സര്‍ഗാസോയില്‍ നിന്ന് യാത്ര തിരിക്കുന്ന അവയ്ക്ക് വഴി കാണിച്ചുകൊടുക്കുവാന്‍ ആരും തന്നെയില്ല. അവയുടെ മാതാപിതാക്കള്‍ സര്‍ഗാസോയില്‍ തന്നെ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ ആരല്‍ ലാര്‍വകള്‍ യാത്രചെയ്ത് കൃത്യമായി തങ്ങളുടെ മാതാപിതാക്കള്‍ യാത്രതുടങ്ങിയ അതേ സ്ഥലത്തുതന്നെ തിരിച്ചെത്തുന്നു.
ഓരോ ജീവിക്കും അതിന്റെ നിലനില്‍പിനും ചുറ്റുപാടുകള്‍ക്കും അനുസ്യൂതമായ ജന്മവാസനകള്‍ നല്കപ്പെട്ടിരിക്കുന്നുവെന്ന് ജൈവലോകത്തെക്കുറിച്ച് പഠിച്ചാല്‍ ബോധ്യമാവും. ഈ ജന്മവാസനകളുടെ ദാതാവ് ആരാണ്? സൃഷ്ടിക്കുകയും സംവിധാനിക്കുകയും ജന്മ വാസനകളിലൂടെ ജീവികള്‍ക്ക് അവയുടെ ജീവിതമാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്തവന്‍ അത്യുന്നതന്‍ തന്നെ. അവന് സ്തുതികളര്‍പ്പിക്കാതെ ജീവികളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് മുന്നോട്ട് പോകാനാവില്ല.