കുഞ്ഞുങ്ങളെ ഇസ്ലാമിക മൂല്യങ്ങളില്‍ ഊന്നിയുള്ള ശിക്ഷണം നല്കി വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. ജനിച്ച ഉടനെത്തന്നെ നല്ല പേരു നല്കി, ജനനത്തിന്റെ ഏഴാം നാളിലോ അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റേതെങ്കിലും ഒരു ദിവസത്തിലോ മുടിയെടുത്ത് അഖീഖ അറുക്കുക എന്നതും നബി(സ്വ) കല്പിച്ചതാണ്. രണ്ടു വര്‍ഷം മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്കി വളര്‍ത്തണം. കുട്ടികള്‍ക്ക് അര്‍ഹമായ സ്നേഹവും അംഗീകാരവും നല്കാന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മാതാപിതാക്കള്‍ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടും വിധം കുട്ടികള്‍ സംതൃപ്തിയും സംരക്ഷണ ബോധവും അനുഭവിക്കണം.
കുട്ടികള്‍ക്ക് ചുംബനം നല്‍കുന്നതും ഉല്ലസിക്കുന്ന യാത്രകള്‍ പോവുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതും സ്നേഹപ്രകടനത്തിന്റെ ഭാഗമാണ്. നബി(സ്വ) സൈനബിന്റെ പുത്രി ഉമാമയെ എടുത്തു കൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു. എഴുന്നേല്ക്കുമ്പോള് അദ്ദേഹം അവരെ എടുക്കും. സുജൂദ് ചെയ്യുമ്പോള്‍ താഴെ വെയ്ക്കും (ബുഖാരി). കുഞ്ഞു മക്കളെ സ്നേഹിക്കുകയും അല്ലാഹുവിന്റെ ഇഷ്ടവും തൃപ്തിയും അവര്‍ക്ക് ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതുണ്ട്. നബി(സ്വ) ഒരിക്കല്‍ ഹസന് എന്ന പേരക്കുട്ടി അദ്ദേഹത്തിന്റെ ചുമലില്‍ ഇരിക്കുമ്പോള്‍ പ്രാര്‍ഥിച്ചു. 'അല്ലാഹുവേ, ഞാന്‍ ഇവനെ സ്നേഹിക്കുന്നുണ്ട്. നീയും ഇവനെ സ്നേഹിക്കേണമേ' (ബുഖാരി).
രക്ഷിതാവിന്റെ കഴിവുകള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റു ഭൗതികാവശ്യങ്ങളും നിര്‍വഹിച്ചുകൊടുക്കാനുള്ള ബാധ്യതയുണ്ട്. ഇതൊരു പുണ്യകര്‍മമായി ഇസ്ലാം പഠിപ്പിക്കുന്നു. നബി(സ്വ) പറഞ്ഞു. ''ഒരു മനുഷ്യന് ചെലവ് ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ നാണയം തന്റെ കുടുംബത്തിന്റെ പേരില്‍ ചെലവ് ചെയ്യുന്ന നാണയമാണ്'' (മുസ്ലിം). മനഃപൂര്‍വം ഇതില്‍ വീഴ്ച്ച വരുത്തുന്നത് കുറ്റകരമായി ഇസ്ലാം ഗണിക്കുന്നു. ''താന്‍ ഭക്ഷണം നല്കാന് കടപ്പെട്ടവര്‍ക്ക് അത് നല്‍കാതിരിക്കുക എന്നതുതന്നെ മതി ഒരാള്‍ക്ക് കുറ്റമായിട്ട്'' (മുസ്ലിം, അബൂദാവൂദ്, നസാഈ). സന്താനങ്ങള്‍ക്ക് മുലകൊടുക്കുന്ന മാതാവിനും കുഞ്ഞിനുമുള്ള ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് പിതാവിന്റെ ബാധ്യതയാകുന്നു (2:233). ഏതൊരാളും തന്റെ ബാധ്യതാ നിര്‍വഹണത്തെ സംബന്ധിച്ച് ചോദ്യംചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ അവന്റെ വീട്ടുകാരുടെ കാര്യത്തില്‍ മറുപടി പറയാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് ഇസ്ലാമികമായ ശിക്ഷണം നല്‍കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. സദ്വൃത്തരായി വളരാന്‍ ഉതകുന്ന വിജ്ഞാനവും മര്യാദയും പഠിപ്പിക്കാനുള്ള പ്രഥമ ബാധ്യത മാതാപിതാക്കള്‍ക്ക് തന്നെയാണ്. നബി(സ്വ) പറഞ്ഞു: 'ഒരു പിതാവിനും തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തേക്കാള്‍ മഹത്തായ ഒരു സമ്മാനം നല്കാന് കഴിയുകയില്ല' (തിര്‍മിദി, ബൈഹഖി). ഏതൊരു കുഞ്ഞിന്റെയും ആദ്യഗുരുനാഥന്മാര്‍ എന്ന നിലയ്ക്ക് മാതാപിതാക്കള്‍ കുട്ടികളില്‍ അവരുടെ പ്രായം പരിഗണിച്ച് നല്ല ശീലങ്ങളും മര്യാദകളും വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതതവുമായ ശിക്ഷണ മുറകള്‍ സ്വീകരിക്കേണ്ടതുണ്ട്. കേവലം മതപാഠശാലകളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ട് അവസാനിക്കുന്നതല്ല ഈ ബാധ്യത. വ്യവസ്ഥാപിത സംവിധാനത്തിലൂടെ കുട്ടി പഠിക്കുന്ന ഇസ്ലാമിക വിശ്വാസ കാര്യങ്ങളും അനുഷ്ഠാന മുറകളും പരിശീലിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടത് ഗൃഹാന്തരീക്ഷത്തിലാണ്. മാതാപിതാക്കള്‍ ഇവ്വിഷയകമായി മാതൃകായോഗ്യരാവുമ്പോള് മാത്രമേ കുഞ്ഞുങ്ങളുടെ ശിക്ഷണവും അര്ഥവത്തായിത്തീരുകയുള്ളൂ.
പരലോകത്ത് വിചാരണവേളയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്ന വിഷയമെന്ന നിലയ്ക്കും ഏതൊരു മുസ്ലിമിനും നിര്‍ബന്ധമായിട്ടുള്ള കര്‍മമെന്ന രീതിയിലും അഞ്ചുനേരത്തെ നമസ്കാരത്തിന്റെ ഗൗരവപാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അത് അവരില്‍ വീഴ്ചകൂടാതെ നിര്‍വഹിക്കാന്‍ ശീലിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. നബി(സ്വ) അരുളി: 'കുട്ടികള്‍ക്ക് ഏഴു വയസ്സുമുതല്‍ നിങ്ങള്‍ നമസ്കാരം ശീലിപ്പിക്കുക. പത്തു വയസ്സായിട്ടും നമസ്കരിച്ചില്ലെങ്കില്‍ അടിക്കുകയും ആവാം' (അബൂദാവൂദ്,തിര്‍മിദി).
ഇസ്ലാം നിര്‍ദേശിക്കുന്ന വ്യവസ്ഥയും നിബന്ധനയും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെ മരണശേഷവും സന്താനങ്ങള്‍ അന്യരുടെ മുമ്പില്‍ യാചിക്കാതെ ജീവിക്കാനുള്ള മാര്ഗങ്ങളൊരുക്കിക്കൊടുക്കേണ്ടത് അവരോടുള്ള ബാധ്യതയില്‍പെട്ടതാണ്. തന്റെ ധനം മുഴുവന്‍ ധര്‍മം ചെയ്യാന്‍ സന്നദ്ധനായ ഒരു സ്വഹാബിയോട് നബി(സ്വ) നിര്‍ദേശിച്ചത് ഇപ്രകാരമാണ്. 'നിന്റെ അനന്തരാവകാശികളെ പരാശ്രയ മുക്തരാക്കിക്കൊണ്ട് നീ മരിക്കുന്നതാണ് മറ്റുള്ളവരോട് കൈ നീട്ടി നടക്കുന്നവരാക്കിക്കൊണ്ട് മരിക്കുന്നതിനേക്കാള്‍ ഉത്തമം' (ബുഖാരി, മുസ്ലിം).
അല്ലാഹുവിന്റെ വരദാനമായ സന്താനങ്ങള്‍ ആണായിരുന്നാലും പെണ്ണായിരുന്നാലും യാതൊരുവിവേചനവും കൂടാതെ അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. പ്രായപൂര്‍ത്തി എത്തിയ ശേഷവും അവര്‍ക്ക് യാതൊരു ക്ലേശവുമില്ലാതെ ജീവിക്കാനുള്ള മാര്ഗങ്ങല് നേടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവരുടെ വിവാഹവും ഭാവിജീവിതവും മറ്റും സുരക്ഷിത ജീവിതമൊരുക്കുന്നതിന്റെ ഭാഗമായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വിശേഷിച്ചും പെണ്‍കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് റസൂല്‍(സ്വ) സഗൗരവം ഉണര്‍ത്തി. 'ആര്‍ക്കെങ്കിലും അല്ലാഹു പെണ്‍കുട്ടികളെ പ്രദാനം ചെയ്തുകൊണ്ട് പരീക്ഷിക്കുകയും അവന് ആ പെണ്‍കുട്ടികള്‍ക്ക് നന്മ ചെയ്യുകയുമാണെങ്കില്‍ അവര്‍ അവന് നരകാഗ്നിയില്‍ നിന്ന് തടുക്കുന്ന ഒരു മറയാവുന്നതാണ്' (ബുഖാരി, മുസ്ലിം). ഏറ്റവും ശ്രേഷ്ഠമായ ദാനമേതാണെന്ന് റസൂല്‍(സ്വ)യോട് ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞ മറുപടി ഇപ്രകാരമാണ്. നീയല്ലാതെ അധ്വാനിച്ച് പുലര്‍ത്താന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ (ഭര്‍ത്താവ് മരിക്കുകയോ മറ്റോ നിമിത്തം) നിന്റെഅടുത്തേക്ക് തിരിച്ചെത്തിയ പുത്രിക്ക് നല്കുന്ന ദാനമാണ്' (ഇബ്നുമാജ).