സംതൃപ്തമായ ലൈംഗിക ബന്ധത്തിലൂടെയാണ് സമാധാനപൂര്‍ണമായ ദാമ്പത്യം പുലരുന്നത്. വിവാഹത്തിലൂടെ ഒന്നായിച്ചേര്‍ന്ന ദമ്പതികള്‍ ഇണ ചേരുന്നതും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതും ഇസ്‌ലാമിന്റെ നിയമാതിര്‍ത്തികള്‍ പാലിച്ചുകൊണ്ടായിരിക്കണം.
ലൈംഗികബന്ധം അനുവദനീയവും നിഷിദ്ധവുമായ ചില സന്ദര്‍ഭങ്ങളെക്കുറിച്ച് ഖുര്‍ആനില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. വിശുദ്ധ റമദാനിലെ പകലില്‍ ലൈംഗികബന്ധം നിഷിദ്ധമാണ്. എന്നാല്‍ രാത്രി കാലങ്ങളില്‍ അതനുവദിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ''നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് ഒരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ ഏകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു'' (2:187). ''നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിര്‍ ലംഘിക്കുവാനടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു'' (2:187)
വിശുദ്ധ ഹജ്ജും ഉംറയും ഉദ്ദേശിച്ച് ഇഹ്‌റാം സ്വീകരിച്ചുകഴിഞ്ഞാല്‍ ലൈംഗികബന്ധം നിഷിദ്ധമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. ''ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിന്നിടയില്‍ പാടുള്ളതല്ല''(2:197).
സ്ത്രീ പുരുഷ സംയോഗം നിരോധിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം സ്ത്രീകളുടെ ആര്‍ത്തവ കാലമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
''ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക. അതൊരു മാലിന്യമാകുന്നു. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളെ വിട്ടുനില്ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്പിച്ചപ്രകാരം അവരുടെയടുത്തു ചെല്ലുക. നിശ്ചയം അല്ലാഹു പശ്ചാത്തപിച്ചു മടങ്ങുന്നവരെ ഇഷ്ടപ്പെടുന്നു. വിശുദ്ധി പാലിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു'' (2:222).