ഭൗതികവിഭവാധിഷ്ഠിത സമൂഹത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പ്രധാന അളവുകോല്‍ സാമ്പത്തിക ഭദ്രതയാണ്. അതുകൊണ്ടുതന്നെ പരമാവധി സമ്പത്ത് സമാഹരിക്കുകയാണ് വ്യക്തികളുടെയും രാഷ്ട്രത്തിന്റെയുമെല്ലാം മുഖ്യ അജണ്ട. സുരക്ഷിതമായ ഇടപാടുകളാണ് സമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ല്. ഒന്നിലേറെ കക്ഷികള്‍ക്കിടയില്‍ നടക്കുന്ന കായികമോ ബൗദ്ധികമോ, സ്ഥൂലമോ സൂക്ഷ്മമോ ആയ മൂല്യമുള്ള വസ്തുക്കളുടെ കൈമാറ്റമാണ് സാമ്പത്തിക ഇടപാട്. വസ്തുക്കള്‍ എന്നതില്‍ ചരക്കുകള്‍, ആശയങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പെടും (അല്‍മുആമലാതുല്‍ മാലിയ്യ അസ്വാലതന്‍ വ മുആസ്വറ, ദുബ്‌യാനുബ്‌നു മുഹമ്മദുദ്ദുബ്‌യാന്‍).
ഒരു സമൂഹത്തെ വളര്‍ത്താനും തളര്‍ത്താനും സാമ്പത്തിക ഇടപാടുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ രാഷ്ട്രവും സമൂഹവും വ്യക്തിയുമെല്ലാം സ്വാര്‍ഥരാവുകയാണ്. ഇടപാടിലെ മാന്യതയും ഇടപാടിന്റെ ധാര്‍മികതയുമൊന്നും പണത്തിനുമേല്‍ പറക്കുന്നില്ല.
എന്നാല്‍ സമ്പത്തിനെ മനുഷ്യജീവിതത്തിന്റെ നിലനില്‍പിന് അനിവാര്യമെന്നു കാണുന്ന ഇസ്‌ലാം (വിശുദ്ധ ഖുര്‍ആന്‍ 4:5) എന്തും ഇടപാടു നടത്താനും എങ്ങനെയും നടത്താനും അനുവദിക്കുന്നില്ല. സമ്പത്ത് ആത്യന്തികമായി ജനോപകാര പ്രദമാകണമെങ്കില്‍ ഇടപാടുകള്‍ നേരെയാകണമെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. സാമൂഹികസുരക്ഷയ്ക്കായി ചില നിര്‍ദേശങ്ങള്‍ അതു മുന്നോട്ടുവെയ്ക്കുന്നു. ചില ഇടപാടുകള്‍ അനുവദിക്കുമ്പോള്‍ മറ്റു ചില ഇടപാടുകള്‍ നിരോധിക്കുന്നു. ഇടപാടുകളില്‍ ചില രീതികള്‍ അംഗീകരിക്കുമ്പോള്‍ മറ്റു ചില രീതികള്‍ വിസമ്മതിക്കുന്നു. ഇതിന്റെ അടിസ്ഥാനം തെറ്റുപറ്റാത്ത ദൈവികജ്ഞാനമാണ്. ഭൗതികവീക്ഷണത്തില്‍ മനുഷ്യന് ഗുണകരമാകുന്ന പലതും യഥാര്‍ഥത്തില്‍ അവന് അപകടമുണ്ടാക്കുന്നതാണ് എന്ന് പിന്നീട് മനസ്സിലാകുന്നു എന്നത് മനുഷ്യ അറിവിന്റെ പരിമിതി അടയാളപ്പെടുത്തുകയാണ്. അതിനാല്‍ തന്നെ ഇവിടെ ന്യായാന്യായങ്ങള്‍ തീരുമാനിക്കാന്‍ ദൈവിക ഇടപെടലിനേ സാധിക്കൂ. അതാണ് ഇസ്‌ലാം ഓരോ കാലത്തും പ്രവാചകന്‍മാരിലൂടെ നിര്‍വഹിച്ചത്. അവരാണ് സമൂഹത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയത്. മുന്‍ കാല പ്രാവാചകന്‍മാരായ ശുഐബ്, യൂസുഫ്, മൂസാ, ഈസ (അ) തുടങ്ങിവര്‍ ഇടപാടുകളിലെ ധാര്‍മിക നിയമങ്ങള്‍ ഉപദേശിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനും ബൈബിളുമെല്ലാം ഉണര്‍ത്തുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യിലൂടെ പൂര്‍ണമാകുന്ന ഇസ്‌ലാമിക നിയമസംഹിത സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായി തന്നെ ഇടപെടുന്നുണ്ട്.
മനുഷ്യന്റെ യഥാര്‍ഥജീവിതം ആരംഭിക്കുന്നത് മരണാനന്തരമാണെന്നും ലോകാവസാനത്തിനു ശേഷം വരുന്ന പരലോകവിജയമാണ് മനുഷ്യന്റെ മോക്ഷമെന്നും അത് ലഭിക്കാന്‍ സ്രഷ്ടാവായ ദൈവത്തിനെ മാത്രം ആരാധിക്കുകയും അവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നുമുള്ള അടിസ്ഥാനത്തിലാണ് ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളും പടുത്തുയര്‍ത്തിയത്. സാമ്പത്തിക ഇടപാടുകളിലും അതു തന്നെയാണ് അടിസ്ഥാനം. അതിനാല്‍ മനുഷ്യബുദ്ധിക്ക് ഇപ്പോള്‍ ഒരുപക്ഷേ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങളില്‍ കണ്ടേക്കും. അതില്‍ സംശയിക്കാതെ വിശ്വസിക്കുകയും അംഗീകരിച്ച് അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാം പ്രഖ്യാപനമായ ശഹാദത്തിന്റെ ആശയം. മറ്റൊരുവന്റെ സ്വത്ത് അന്യായമായി ഉപയോഗിക്കുക എന്നത് ഭൗതികശിക്ഷക്കും പാരത്രിക ശിക്ഷക്കും ഒരുപോല കാരണമാകുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. തന്റെ ആരാധനപോലും സ്വീകരിക്കപ്പെടാതിരിക്കാന്‍ അത് കാരണമാകുമെന്ന് നബി(സ്വ) വിശ്വാസിയെ ഓര്‍മപ്പെടുത്തുന്നുണ്ട്. എല്ലാ ഇടപാടുകളും പൊതുവെ ഇസ്‌ലാമില്‍ അനുവദനീയമാണ്. എന്നാല്‍ ചതി, ചൂഷണം, അവ്യക്തത, അനീതി, കള്ളം എന്നിങ്ങനെയുള്ള അക്രമങ്ങള്‍ കടന്നുവരുന്ന എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിഷിദ്ധമാണ്. ഒരു ഇടപാട് ഇസ്‌ലാമികമാണോ അല്ലേ എന്ന് വിലയിരുത്താന്‍ അടിസ്ഥാനപരമായി ഈ കാര്യങ്ങള്‍ അവയില്‍ ഇടംപിടിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചാല്‍ മതി. ഇസ്‌ലാം നിര്‍ണയിക്കുന്ന അനുവദനീയതകള്‍ക്കും നിഷിദ്ധതകള്‍ക്കുമുള്ള അടിസ്ഥാനം അക്രമിക്കാനോ അക്രമിക്കപ്പെടാനോ പാടില്ല എന്ന പൊതു തത്ത്വമാണ് എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.
ഈ അടിസ്ഥാനത്തില്‍ കച്ചവടം, കൃഷി, വ്യവസായം, കൂലി, കടം, വായ്പ, പണയം, വാടക, പാട്ടം, ലേലം, സമ്മാനം, അനാമത്, ജാമ്യം, ഇഷ്ടദാനം, ഓഹരി, നിക്ഷേപം, ബോണ്ട്, നികുതി, ഷെയര്‍മാര്‍ക്കറ്റ്, കഫാലത്, വക്കാലത്ത്, അനന്തരാവകാശം, ദാനം, സകാത്ത്, നിധി, സുരക്ഷാ ഇന്‍ഷുറന്‍സ്, ഇന്‍സ്റ്റാള്‍മെന്റ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങി ചതിയും വഞ്ചനയും കലരാത്തതും ഏതെങ്കിലും ഒരു കക്ഷിക്ക് മാത്രം നഷ്ടം വരുത്താത്തതും ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും ഉപപ്രമാണങ്ങളായ ഇജ്മാഉം ഖിയാസും നേര്‍ക്കുനേരെ നിരോധിച്ചിട്ടില്ലാത്തതുമായ എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ സാധുതയുള്ളതാണ്. പക്ഷേ, ഈ അനുവദിക്കപ്പെട്ട ഇടപാടുകളില്‍ തന്നെ നടേ സൂചിപ്പിച്ച അക്രമങ്ങളുടെ അംശം ചേര്‍ന്നാല്‍ അതു നിഷിദ്ധമാകും. പലിശ, ഹവാല, കള്ളക്കടത്ത്, കൈക്കൂലി, ചൂത്, ലോട്ടറി, വാതുവെപ്പ്, മണിചെയ്ന്‍, നോക്കുകൂലി, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, നിഷിദ്ധ വരുമാനം, മോഷണം, അമിതലാഭം, കൊള്ള, നിഷിദ്ധ വിനോദങ്ങള്‍, ലൈംഗിക വ്യാപാരം, അടിമ വ്യാപാരം, ഊഹക്കച്ചവടം തുടങ്ങിയ ഇടപാടുകള്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ ഇടപാടുകള്‍ക്ക് ഉദാഹരണമാണ്.