Skip to main content

സൂക്ഷിപ്പുസ്വത്ത്, ഷെയര്‍ മാര്‍ക്കറ്റ്

സൂക്ഷിപ്പുസ്വത്ത്


സ്വത്ത് തനിക്ക് സൂക്ഷിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലോ കൂടുതല്‍ ഭദ്രതക്ക് വേണ്ടിയോ വിശ്വസ്തനായ വ്യക്തിയെയോ സംരംഭങ്ങളെയോ സൂക്ഷിക്കാന്‍ ഏല്‍പിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കാനേല്‍പിക്കപ്പെട്ട സ്വത്തിനെ 'വദീഅ' എന്നാണ് ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തില്‍ വ്യവഹരിക്കുന്നത്. ഇങ്ങനെ ഏല്പിക്കപ്പെട്ട വസ്തു വിശ്വസ്തതയോടെ കൈകാര്യം ചെയ്യണമെന്നും അല്ലാത്തപക്ഷം ദൈവികശിക്ഷക്ക് കാരണമാകുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. “ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ.”(2:283) വിശ്വസിച്ചാല്‍ ചതിക്കുക എന്നത് കപടവിശ്വാസിയുടെ അടയാളമാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.

സത്യസന്ധമായും സൂക്ഷ്മതയോടെയും ഇത് കൈകാര്യം ചെയ്യുന്നതിനിടയില്‍ അയാളുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അതിനുവരുന്ന നാശത്തിന് സൂക്ഷിപ്പുകാരന്‍ ഉത്തരവാദിയല്ലെന്നും നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഇവിടെ സൂക്ഷിപ്പുകാരനെ വിശ്വാസത്തിലെടുത്ത് അയാളുടെ വാദമാണ് അംഗീകരിക്കേണ്ടത്. കാരണം അയാളില്‍ വിശ്വാസമുള്ളതുകൊണ്ടാണല്ലോ ഉടമ ആ സ്വത്ത് സൂക്ഷിക്കാന്‍ അയാളെ ഏല്പിച്ചത്. എന്നാല്‍ തന്റെതും നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടായിരിക്കെ സൂക്ഷിക്കാനേല്പിച്ചത് മാത്രം നശിച്ചതായി വാദിച്ചാല്‍ അത് അംഗീകരിക്കേണ്ടതില്ലെന്നാണ് ഇമാം ഇബ്‌നുതൈമിയയും മറ്റും വിധി നല്കുന്നത്. സൂക്ഷിപ്പുകാരന്‍ മരണപ്പെടുകയും നിക്ഷേപം കാണാതിരിക്കുകയും ചെയ്താല്‍ അയാളുടെ അനന്തരസ്വത്തില്‍ നിന്ന് അത് ഈടാക്കാവുന്നതാണ്. സൂക്ഷിപ്പു നിക്ഷേപത്തിന് പ്രതിഫലം പറ്റാനോ അവയുടെ പ്രയോജനം ഉപയോഗിക്കാനോ  പാടില്ല. അതൊരു പുണ്യകര്‍മം എന്ന നിലയില്‍ നിര്‍വഹിക്കേണ്ടതാണ്. എന്നാല്‍ അതിനുവരുന്ന ചെലവുകള്‍ കൈപ്പറ്റാവുന്നതാണ്. ഉടമ ആവശ്യപ്പെട്ടതനുസരിച്ച് അതിന്റെ പ്രയോജനങ്ങള്‍ ഉപയോഗിക്കുന്നതോ അയാള്‍ തരുന്ന പ്രതിഫലം വാങ്ങുന്നതോ കുറ്റകരമല്ല. ഇടപാടിനുകൊടുത്തതല്ലാത്തതിനാല്‍ ലാഭം ചോദിക്കാന്‍ പാടില്ല. ഉടമ അനുവദിച്ച ഉപയോഗത്തിന്റെ പേരില്‍ സൂക്ഷിപ്പുകാരന്‍ ഉടമക്ക് വല്ലതും നല്കിയാല്‍ സ്വീകരിക്കാവുന്നതാണ്.

ഷെയര്‍മാര്‍ക്കറ്റ്


കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കേന്ദ്രമാണ് ഷെയര്‍മാര്‍ക്കറ്റ്. ഇവിടെ എല്ലാതരം നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെയും വിപണനവും വിതരണവും നടക്കുന്നു. രാഷ്ട്രപുരോഗതിയില്‍ സുരക്ഷിതമായ സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെ നിലനില്‍പ് അനിവാര്യമായിരിക്കുകയാണ്. വന്‍ സാമ്പത്തിക ശേഖരണം നടക്കുന്ന കേന്ദ്രമാണിത്. ഷെയറുകള്‍ കൈവശമുള്ള ഏത് അംഗത്തിനും എപ്പോഴും തന്റെ ഷെയര്‍ പണമാക്കിമാറ്റാനും പണം ഷെയറാക്കിമാറ്റാനുമെല്ലാം കഴിയുന്ന വ്യാപരവും വ്യാപാരപ്രോത്സാഹനവുമെല്ലാം ഇവിടെ നടക്കുന്നു. കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും ഒരു ഏജന്‍സിയായാണ് സ്റ്റോക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഷെയര്‍ മാര്‍ക്കറ്റുകളും (സ്റ്റോക് എക്‌സ്‌ചേഞ്ച്) മുസ്‌ലിംകള്‍ക്ക് ഉപയോഗിക്കാവുന്ന ഇടപാടുമേഖലയാണ്.

ഷെയര്‍ മാര്‍ക്കറ്റിന്റെ ഒരു പ്രധാന ന്യൂനത അത് അനിയന്ത്രിതമായ ഊഹക്കച്ചവടത്തിനു കാരണമാകുന്നു എന്നതാണ്. ഇത് പല രീതികളില്‍ നടക്കുന്നുണ്ട്. പണം മുടക്കാതെ ഓഹരിവാങ്ങുകയും വിലയേറുന്ന കാലം വരെ കാത്തുവെച്ച് വിലയേറുമ്പോള്‍ വില്‍ക്കുകയും അപ്പോള്‍ മാത്രം നേരത്തെ വാങ്ങിയ ഓഹരിയുടെ വിലയൊടുക്കുകയും ചെയ്യുന്നതാണ് ഒരു രീതി. നാട്ടിലെ  റിയല്‍ എസ്റ്റേറ്റ്മാഫിയകള്‍ നടത്തുന്ന ഭൂമിക്കച്ചവടം ഇതുപോലെയാണ്. അഡ്വാന്‍സ് നല്കി വാങ്ങുകയും രജിസ്റ്റര്‍ ചെയ്യാതെ പുതിയ ഇടപാടുകാരന് മറിച്ചുവിറ്റ് രജിസ്റ്റര്‍ ചെയ്യിക്കുകയും പണം വാങ്ങി  അപ്പോള്‍ മാത്രം ആദ്യ ഉടമക്ക് നല്കുകയും ബാക്കി ലാഭമായി സ്വീകരിക്കുകയും ചെയ്യുന്ന രൂപമാണ് ഇത്. ഇവിടെ പണം മുടക്കാതെ ഓഹരി വാങ്ങിയവനും അതിന് ഇടനിലക്കാരനായവനും ലാഭം നേടുന്നു. അയാള്‍ക്ക് നഷ്ടം സംഭവിക്കുന്നുമില്ല. കാരണം ലാഭമുണ്ടെങ്കില്‍ മാത്രമേ അയാളത് വില്ക്കുകയുള്ളൂ. ഇത് രാജ്യത്തിന്റെ തന്നെ സാമ്പത്തികക്രമത്തെ അട്ടിമറിക്കുന്ന രീതിയിലാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഇത് പലിശയും ചൂതാട്ടവുമാണ്.  


 

Feedback