Skip to main content

കമ്മീഷനും ബ്രോക്കറേജും

ഒരുതരം അധ്വാന ലാഭമാണ് കമ്മീഷനും ബ്രോക്കറേജും. ഇത് എല്ലാതരം സാമ്പത്തിക ഇടപാടുകളിലും സാധാരണമാണ്. ഒരര്‍ഥത്തില്‍ കച്ചവടത്തിലെ ലാഭങ്ങളെല്ലാം കമ്മീഷനാണ് എന്നു പറയാം. മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങുന്ന ചരക്കില്‍ ചില്ലറവില്‍പനക്കാരനെടുക്കുന്ന ലാഭം അയാളുടെ കമ്മീഷനാണ്. ഉത്പാദകനില്‍ നിന്ന് സാധനങ്ങളെടുത്ത് ഗുദാമില്‍ സൂക്ഷിക്കുന്ന മൊത്തക്കച്ചവടക്കാരനും കൈപ്പറ്റുന്നത് കമ്മീഷനാണ്. ഇവിടെ കമ്മീഷന്‍ എന്നത് തങ്ങള്‍ വില്‍ക്കുന്ന വസ്തുവിന് ഇത്ര ശതമാനം ലാഭം കിട്ടണം എന്നു പറയുന്നതിന്റെ മറ്റൊരു പദം മാത്രമാണ്. ഈ ആശയത്തില്‍ കമ്മീഷന്‍ അനുവദനീയമായ ഇടപാടാണ്. ഒരു വസ്തുവിന് ഇത്ര തുക എനിക്കു തരണം, ഏറെ കിട്ടുന്നത് നിനക്കെടുക്കാം എന്ന വ്യവസ്ഥയില്‍ ഏജന്റിനെ ഏല്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഇബ്‌നു അബ്ബാസ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ അവരുടെ നിബന്ധനകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടവരാണ് എന്ന നബി(സ്വ) വചനമാണ് ഇതിന് അടിസ്ഥാനം.

ഉത്പാദകനും ഗുണഭോക്താവിനുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നവരാണ് ഏജന്റുമാര്‍. ക്രേതാവിനെയും വിക്രേതാവിനെയും പരസ്പരം ബന്ധിപ്പിക്കുകയും അവര്‍ക്കിടയില്‍ ഇടപാടു നടത്താനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ഇവരുടെ ഉത്തരവാദിത്തം. വ്യാപാര ഏജന്റുമാര്‍, കമ്മീഷന്‍ ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍ എന്നൊക്ക സാന്ദര്‍ഭികമായി ഇവര്‍ വിളിക്കപ്പെടുന്നു. ക്രേതാവിനും വിക്രേതാവിനുമിടയില്‍ ഇടപാടിന് ഇവര്‍ പലപ്പോഴും അത്യാവശ്യമാണ്. ഇടപാടുകള്‍ സുഗമമായി നടക്കാനും ഗുണഭോക്താവിനും മുതലുടമയ്ക്കും ന്യായവും മാന്യവുമായ ഇടപാടു നടക്കാനും ഇവര്‍ സഹായികളാകും. ഉത്പാദകനില്‍ നിന്നോ മൊത്തവ്യാപാരിയില്‍ നിന്നോ സ്വന്തം ഉത്തരവാദിത്തത്തില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുകയും ആവശ്യക്കാരായി വരുന്ന ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്തുകയും ചെയ്യുക, മൊത്തവ്യാപാരിക്കുവേണ്ടി ചില്ലറക്കാരനില്‍ നിന്ന് ഓര്‍ഡര്‍ ശേഖരിക്കുക, ഉടമയ്ക്കുവേണ്ടി വില്‍പന നടത്തുക, ഉടമയ്ക്കുവേണ്ടി ചരക്കുകള്‍ വാങ്ങി സംഭരിക്കുകയും സൂക്ഷിക്കുകയുംചെയ്യുക എന്നീ മേഖലകളിലെല്ലാം ഇവര്‍ ജോലിചെയ്യുന്നു. ഇത് ഉത്തരവാദിത്തമുള്ള ജോലി തന്നെയാണ്. ഇടപാടിലെ ലാഭനഷ്ടങ്ങള്‍ ഇവരെ ബാധിക്കില്ല. തങ്ങള്‍ ചെയ്ത് ജോലിക്ക് കൂലി എന്ന നിലയില്‍ ഇടപാട് സംഖ്യയുടെ നിശ്ചിത വിഹിതമോ അല്ലെങ്കില്‍ ക്രേതാവില്‍ നിന്നോ വിക്രേതാവില്‍ നിന്നോ രണ്ടുപേരില്‍ നിന്നുമായോ മുന്‍കൂട്ടി നിശ്ചയിക്കുന്ന സംഖ്യയോ ഇവര്‍ കൈപ്പറ്റുന്നു. ഇതാണ് കമ്മീഷന്‍, ബ്രോക്കറേജ് എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്നത്.

എന്നാല്‍ എനിക്കുവേണ്ടി ചരക്കുവാങ്ങുന്ന വ്യക്തിക്ക് കടയുടമ ഒരു നിശ്ചിത സംഖ്യ കമ്മീഷനായി നല്കുകയും അത് എന്റെ മുതലില്‍ നിന്ന് തിരിച്ചുപിടിക്കുകയുംചെയ്യുന്ന പര്‍ചേസ് കമ്മീഷന്‍ നിഷിദ്ധമാണ്. കമ്പനികള്‍ തങ്ങളുമായുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി  ഉടമസ്ഥനല്ലാത്ത സെയ്ല്‍സ് മാനേജര്‍ക്കും മറ്റും നല്കുന്ന കമ്മീഷനുകളും ഇതുപോലെ നിഷിദ്ധമാകും. ഒരു പക്ഷേ, മറ്റൊരു കമ്പനിയുടെ വസ്തു വിറ്റഴിക്കുന്നതാകാം കടയുടമയ്ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുക. 

എന്നാല്‍ അയാളുടെ കടയില്‍ നിന്ന് വസ്തുവാങ്ങിക്കാനുള്ള പ്രലോഭനമായി അയാള്‍ എനിക്ക് യാതൊരു നഷ്ടവും വരുത്താതെ തരുന്ന സമ്മാനങ്ങള്‍ കൈപ്പറ്റുന്നതില്‍ തെറ്റില്ല. 

ഡോക്ടര്‍മാരും മറ്റും ലബോറട്ടറിക്കാരോടും മരുന്നുകമ്പനികളോടും മറ്റും കൈപ്പറ്റുന്ന കമ്മീഷനുകള്‍ എഞ്ചിനയര്‍മാര്‍ ഉത്പന്നങ്ങള്‍ക്കനുസരിച്ച് കമ്പനികളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ഉപഭോക്താക്കളോട് വാങ്ങുന്ന കമ്മീഷന്‍ എന്നിവയെല്ലാം കോഴയുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുക. അവ നിഷിദ്ധമാണ്. ഇവയെല്ലാം തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനു പുറമെ ആര്‍ക്കെങ്കിലും നഷ്ടങ്ങളുണ്ടാക്കുന്ന വ്യവഹാരങ്ങളാണെന്നതിനാലാണ് നിഷിദ്ധമാകുന്നത്. ഇവിടെയൊന്നും അധ്വാന പ്രതിഫലമല്ല ഇവര്‍ കൈപ്പറ്റുന്നത്. മാത്രമല്ല അത് ഗുണഭോക്താവിന്റെ സമ്മതമില്ലാതെ അയാളുടെ സ്വത്തിന്റെ ഓഹരിഭുജിക്കലാണ്. ചില കമ്പനികളും ഉടമകളുമെല്ലാം ഇത്തരം കമ്മീഷനുകള്‍ അവരുടെ പ്രതിഫലത്തിന്റെ ഭാഗമായി പരിഗണിച്ച് അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അവ നിഷിദ്ധമല്ല.

തൊഴില്‍ റിക്രൂട്ട്‌മെന്റ് മേഖലയില്‍ വിദേശത്തേക്കും പ്രദേശത്തേക്കും തൊഴിലാളികളെ സംഘടിപ്പിക്കുന്നവന്‍ എന്ന നിലയിലും അവര്‍ക്ക് തൊഴില്‍ സംഘടിപ്പിച്ചു നല്കുന്നവന്‍ എന്ന നിലയിലും അവര്‍ക്കുവേണ്ടി വാങ്ങുന്ന കൂലിയില്‍ നിന്ന് ദിനേനെ നിശ്ചിതസംഖ്യ സ്വീകരിക്കുന്നതും സക്ഷ്മതയുള്ളവര്‍ ഒഴിവാക്കേണ്ടതാണ്. ആ ജോലി സംഘടിപ്പിക്കാനും അവരെ സ്ഥലത്തെത്തിക്കാനും മറ്റുമായി വരുന്ന ചെലവും അധ്വാനക്കൂലിയുമല്ലാതെ അവരുടെ കൂലിയുടെ വിഹിതമായി സ്വീകരിക്കുന്ന കമ്മീഷന്‍ ശരിയല്ലാത്ത വരുമാനമാണ്. ഒരു സ്ഥാപനം ഉണ്ടാക്കി നല്കി അതിന്റെ വരവിന്റെ ഇത്ര ശതമാനം കമ്മീഷനായി നല്കണമെന്ന് ആവശ്യപ്പെടുന്നത്, മുറാബഹ എന്ന കൂറുകച്ചവടത്തിന്റെ രൂപത്തിലാണെങ്കില്‍, ലാഭനഷ്ട പങ്കാളിത്ത വ്യവസ്ഥകള്‍ക്ക് ആനുപാതികമായി അനുവദനീയമാണ്.

പ്രത്യേകം നിഷിദ്ധമാക്കാത്ത എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ അനുവദനീയമാണ് എന്നതിനാല്‍ ഈ രൂപത്തിലുള്ള ഇടപാടുകളും അനുവദനീയതയുടെ പരിധിയില്‍ വരുന്നതാണ്. മാര്‍ക്കറ്റിലെത്തേണ്ട ചരക്കുകള്‍ വഴിയില്‍ കച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ മാര്‍ക്കറ്റുകളില്‍ നിന്നും അവിടെയുള്ള സ്വതന്ത്രമായ ഇടപാടുകളില്‍ നിന്നും തടയുന്ന വിധത്തില്‍ ഏജന്റുമാര്‍ ഇടത്തട്ടുകാരാകാന്‍ പാടില്ലെന്നു മനസ്സിലാക്കാം.നേര്‍ക്കു നേരെ നടക്കാവുന്ന ഇടപാടുകളില്‍ തങ്ങളുടെ പങ്കാളിത്തം നിര്‍ബന്ധമാണെന്നും പങ്കെടുത്തില്ലെങ്കിലും തങ്ങളുടെ നിശ്ചിത ഓഹരി (നോക്കുകൂലി) നിര്‍ബന്ധമായും നല്കണമെന്നും ആവശ്യപ്പെടുന്നതും തങ്ങളെ ഏല്പിക്കാത്ത ഇടപാട് നടത്താന്‍ അനുവദിക്കാതിരിക്കുന്നതും അക്രമമാണ്. അതുപോലെ സാമൂഹിക ബാധ്യത എന്ന നിലയില്‍ സൗജന്യമായും പുണ്യം പ്രതീക്ഷിച്ചും നിര്‍വഹിക്കേണ്ട ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ പേരില്‍ കമ്മീഷന്‍ പറ്റുന്നതും ശരിയല്ല. വിവാഹ ദല്ലാളുമാരും ജനസേവന സ്ഥാപനങ്ങള്‍ക്കു വേണ്ടി പണപ്പിരിവു നടത്തുന്നവരും ഇത് വരുമാനമാര്‍ഗമാക്കുന്നത് അഭിലഷണീയമല്ല. എന്നാല്‍ തങ്ങളുടെ ചെലവും അധ്വാനഫലവും ഇതില്‍ നിന്ന് കൈപ്പറ്റുന്നത് തെറ്റായി ഗണിക്കാവതല്ല. അത് എത്രയാവാമെന്നത് ഈമാനും സാഹചര്യവും തീരുമാനിക്കേണ്ടതാണ്.

ബ്രോക്കര്‍മാരിലൂടെയുണ്ടാകുന്ന മറ്റൊരു അപചയം, പലവസ്തുക്കള്‍ക്കും അനാവശ്യമായി വിലയേറാനും ന്യൂനതയുള്ള വസ്തുക്കള്‍ മുന്തിയപരിഗണനയില്‍ വിറ്റുപോകാനും കാരണമാകുന്നു എന്നതാണ്. ഇവരുടെ കമ്മീഷന്‍ വര്‍ധിക്കുന്നതിനുവേണ്ടി മാര്‍ക്കറ്റു വിലവര്‍ധിപ്പിച്ചാണ് പലപ്പോഴും ഇവര്‍ കച്ചവടം നടത്തുന്നത്. അമിതവില കിട്ടി എന്ന് വില്‍പനക്കാരനെയും കുറഞ്ഞവിലയിലാണ് ഇടപാട് എന്ന് ഉപഭോക്താവിനെയും തെറ്റിദ്ധരിപ്പിച്ചു രണ്ടുപേരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്ന പ്രവണതയും വ്യാപകമാണ്. അതുപോലെ നിശ്ചിത വിലയില്‍ കൂടുതലുള്ളതെല്ലാം ഏജന്റിനാണ് എന്ന് വ്യവസ്ഥയില്‍ പലപ്പോഴും ഇല്ലാത്ത ഗുണഗണങ്ങള്‍ പറഞ്ഞ് വസ്തു കൈമാറ്റംചെയ്യാന്‍ ചില ബ്രോക്കര്‍മാര്‍ ശ്രമിക്കുന്നതും പതിവാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ ഇത്തരം ദൂഷ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‌ക്കേണ്ടതാണ്. ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, കൈക്കൂലി, സ്ത്രീധനം പോലുള്ള കാര്യങ്ങളില്‍ മധ്യവര്‍ത്തികളാകാനോ, പൂഴ്ത്തിവെപ്പ്, അമിതലാഭം പോലെ ഇടപാടുകളില്‍ ഇസ്‌ലാം നിരോധിച്ച മാര്‍ഗങ്ങള്‍ അവലംബിക്കാനോ പാടില്ലാത്തതാണ്. 

Feedback