സര്‍ക്കാരുകള്‍ പൗരന്മാര്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്കു പകരമായി സ്വീകരിക്കുന്ന ധനാഗമ മാര്‍ഗമാണ് നികുതികള്‍. ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് നികുതിക്കുള്ളത്. രാജ്യം നിലനില്ക്കുന്നത് അതിനകത്തെ അംഗങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് സഹായങ്ങള്‍ നിര്‍വഹിക്കാനാണ്. സാമൂഹിമായി നിര്‍വഹിക്കപ്പെടേണ്ട പല സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിനേ കഴിയൂ. ഈ സൗകര്യങ്ങള്‍ സജ്ജീകരിക്കണമെങ്കില്‍ ധാരാളം പണം ആവശ്യമായി വരും. അപ്പോള്‍ സൗകര്യങ്ങളുടെ ഗുണഭോക്താക്കളായ ജനങ്ങളില്‍ നിന്ന് ഉപയോഗത്തിന്റെ തോതനുസരിച്ച് നിശ്ചിതമായ തുക ഈടാക്കുന്ന രീതിയാണിത്.
ചില അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമായിരിക്കും. ആഭ്യന്തരവും വൈദേശികവുമായ ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണംഎന്നിവ ഉദാഹരണമാണ്. അടിസ്ഥാനപരമായ സൗകര്യങ്ങള്‍ കൂടാതെ ചില വ്യക്തികള്‍ക്ക് പ്രത്യേക ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ടാകും. അത് അവര്‍ക്ക് സ്വന്തമായി നിര്‍വഹിക്കുക അസാധ്യമോ അല്ലെങ്കില്‍ രാഷ്ട്രത്തിലെ മറ്റു പൗരന്മാര്‍ക്ക് അതുമൂലം പ്രയാസമുണ്ടാവുകയോ ചെയ്യും. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങളൊരുക്കും. ഇത്തരം കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഉപയോഗത്തിന്റെ തോതനുസരിച്ച് അതിന്റെ ചെലവു വഹിക്കണം. ഭൂമി, കെട്ടിടങ്ങള്‍, വിവിധതരം ആദായങ്ങള്‍, വാഹനം എന്നിങ്ങനെ വിവിധ സ്വത്തുകളില്‍ സര്‍ക്കാര്‍ ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായി നികുതി ചുമത്താറുണ്ട്. ആദായനികുതി, കോര്‍പ്പറേഷന്‍ നികുതി, സ്വത്ത് നികുതി, ധനാലഭ നികുതി, എസ്റ്റേറ്റ് നികുതി, ദാന നികുതി, എക്‌സൈസ് നികുതി, വില്‍പന നികുതി, കസ്റ്റംസ് നികുതി എന്നിവ ഇതില്‍പെട്ടതാണ്.
രാജ്യപൗരന്മാര്‍ എന്ന നിലയില്‍ ഇതില്‍ സഹകരിക്കേണ്ടത് മുസ്‌ലിംകളുടെയും ബാധ്യതയാണ്. ഭരണകൂടം നിശ്ചയിക്കുന്ന നികുതികള്‍ അന്യായമാണെങ്കിലും അതിനെതിരെ നിയമപരമായി നടപടികളെടുക്കുക എന്നല്ലാതെ നികുതിവെട്ടിപ്പുകളും മറ്റും നടത്തുന്നത് കുറ്റകരമാണ്. തങ്ങള്‍ക്ക് കിട്ടാനുള്ളത് നല്കാതിരിക്കുകയും തങ്ങളില്‍ നിന്ന് ലഭിക്കേണ്ടത് കണക്കാക്കി വാങ്ങുകയുംചെയ്യുന്ന ഭരണാധികാരികളെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞത് അവര്‍ക്കുള്ള ബാധ്യത നിങ്ങള്‍ നിറവേറ്റുക എന്നാണ്. ഇത് താന്‍ നിയമവ്യവസ്ഥ പ്രകാരം പൗരനായ രാജ്യത്തിന്റെ ഭരണാധികാരികളുടെ വിഷയത്തിലും ബാധകമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ സകാത്തല്ലാതെ വരുമാനത്തില്‍ മറ്റു നികുതികള്‍ ഇല്ലാത്തതിനാല്‍, പത്തും ഇരുപതും ശതമാനം ആദായ നികുതിയും വരുമാന നികുതിയും നല്കുന്നവര്‍ സകാത്ത് വേറെ നല്‌കേണ്ടതില്ല എന്നും സര്‍ക്കാരിലൊടുക്കിയ നികുതിയെക്കാള്‍ വരുന്ന സംഖ്യക്കു മാത്രം സകാത്ത് നല്കിയാല്‍ മതി എന്നുമുള്ള വാദത്തിന് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല. നിശ്ചിത അളവ് സമ്പത്തുള്ളവര്‍ സകാത്ത് നല്കണം.
ആധുനിക സര്‍ക്കാരുകള്‍ നികുതികള്‍ക്കു പുറമെ, അത് നല്കുന്ന ചില സേവനങ്ങളുടെ മേല്‍ ഈടാക്കുന്ന ഫീസ്, പ്രത്യത പ്രദേശത്തുകാര്‍ക്കോ മറ്റോ ഉപകാരമുണ്ടാകുന്ന കാര്യങ്ങള്‍ക്ക് ചുമത്തുന്ന പ്രത്യേക കരങ്ങള്‍ (അണക്കെട്ട്, പാലം എന്നിവക്ക് ഏര്‍പെടുത്തുന്ന് ചുങ്കം), നിയമലംഘകരില്‍ നിന്ന് സ്വീകരിക്കുന്ന പിഴ, കണ്ടുകെട്ടല്‍, അവകാശികളില്ലാത്തവരുടെ അനന്തരസ്വത്ത്, വ്യക്തികളോ സംഘടനകളോ രാജ്യങ്ങളോ നല്കുന്ന സഹായധനങ്ങളും ദാനവും, സര്‍ക്കാര്‍ വസ്തുക്കളുടെ ആദായങ്ങള്‍, കടം, നോട്ട് മുദ്രണം എന്നിവയാണ് പൊതുഖജനാവിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം കൃത്യമായ ചില ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. എന്നാല്‍ ജനദ്രോഹ സര്‍ക്കാരുകളും സ്വേഛാധിപതികളുമെല്ലാം ഇവ അട്ടിമറിക്കുകയും പൗരന്മാരും രാഷ്ട്രവും ഒരുപോലെ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
വിവിധങ്ങളായ നികുതികള്‍ ഏര്‍പ്പെടുത്തിയിട്ടും രാജ്യപുരോഗതിക്കും സാമൂഹികോന്നമനത്തിനും ആവശ്യമായ ഫണ്ടു ലഭ്യമാകുന്നില്ലെന്നത് ചിന്തനീയമാണ്. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ജനങ്ങള്‍ സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ്. ഇതു നല്കിയാല്‍ പ്രത്യേകിച്ച് ഗുണമൊന്നും തനിക്ക് ലഭിക്കാനില്ലെന്നും കൊടുക്കാതിരുന്നാല്‍ വരുന്ന ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ അിറയാമെന്നും അവര്‍ മനസ്സിലാക്കുന്നു. അതുപോലെ, ഇരുപതും മുപ്പതും ശതമാനം വരുന്ന നികുതി തന്റെ വിയര്‍പ്പിന്മേല്‍ സര്‍ക്കാര്‍ വെച്ച അമിതഭാരമാണ് എന്നവന്‍ മനസ്സിലാക്കുന്നു ഇത് മിക്ക ആളുകളെയും നികുതി കൊടുക്കാതിരിക്കാനോ കള്ളക്കണക്കുകള്‍ ഉണ്ടാക്കാനോ പ്രേരിപ്പിക്കുന്നു. ഇതിനും പുറമെ തങ്ങളില്‍ നിന്ന് അന്യായമായ അളവില്‍ നികുതി വാങ്ങുന്ന ഭരണകൂടം അതിന്റെ വലിയ ശതമാനവും ഭരണപരമായ സ്വാര്‍ഥതയുടെ പേരില്‍ അനാവശ്യമായി ചെലവഴിക്കുകയാണ് എന്നവര്‍ വിലയിരുത്തുന്നു. നികുതി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും അധികാരികളും ഈ രംഗത്ത് വലിയ അഴിമതിക്കാരായി മാറുന്നതും നികുതിദായകര്‍ കാണുന്നു. ഇങ്ങനെയുള്ള പരിതസ്ഥിതിയിലാണ് നികുതികള്‍ പ്രശ്‌നപരിഹാരത്തിനുതകാതെ വരുന്നത്.
അധികാരികള്‍ തന്നോടു കണക്കുചോദിച്ചില്ലെങ്കിലും തന്റെ കള്ളക്കണക്കുകള്‍ പിടികൂടിയില്ലെങ്കിലും രാജാധിരാജന്‍ എല്ലാം അറിയുന്നുണ്ടെന്നും അവന്റെ സവിധത്തില്‍ കൃത്യമായ കണക്ക് അവതരിപ്പിക്കേണ്ടി വരുമെന്നുമുള്ള ബോധമാണ് ഇസ്‌ലാമിക സമൂഹത്തെ കൃത്യമായ സകാത്ത് ദായകരും നികുതി ദായകരുമാക്കിയത്.അക്രമങ്ങള്‍ക്ക് വിട്ടുവീഴ്ചയോ ശിപാര്‍ശകളോ കൈക്കൂലികളോ ഇല്ലാതെ ശിക്ഷിക്കപ്പെടുമെന്നും, താന്‍ ചെയ്ത ഏതു നന്മയും തനിക്ക് ഭൂമിയില്‍ ഉപകാരപ്പെടാത്ത കാര്യത്തിനാണെങ്കില്‍ പ്രത്യേകിച്ചും മഹത്തായ ദൈവിക പ്രതിഫലത്തിന് കാരണമാകുമെന്നും അവര്‍ വിശ്വസിച്ചു. കൂടാതെ ഇസ്‌ലാം അവരുടെ സമ്പത്തിനുമേല്‍ അമിതാവകാശം ചോദിച്ചില്ല. അധ്വാനച്ചെലവും പ്രയാസങ്ങളും പരിഗണിച്ച് രണ്ടര ശതമാനം മുതല്‍ തുടങ്ങുന്ന സകാത്ത് പത്തു ശതമാനം വരെ മാത്രമേ ഉയരുന്നുള്ളൂ. നിശ്ചിത അളവിനു മേലെ എത്ര സമ്പാദിച്ചാലും ഈ ശതമാനമേ അവര്‍ നല്‌കേണ്ടതുള്ളൂ. നിധികള്‍ക്കു മാത്രമാണ് ഇത്തിരി കൂടിയ സകാത്തുള്ളത്, ഇരുപത് ശതമാനം.
ഇങ്ങനെ ചെറിയ ശതമാനമേ സകാത്തായി നല്‌കേണ്ടതുള്ളൂ എന്നത് സത്യസന്ധമായി തന്നെ അതു നല്കാന്‍ അവരെ പ്രേരിപ്പിച്ചു. ഇനി ഇത് പിരിക്കുന്ന ഉദ്യോഗസ്ഥരും ഭക്തരായതിനാല്‍ നികുതി ദാതാക്കളുടെ സമ്മാനം പോലും വാങ്ങാത്ത വിധത്തില്‍ അവര്‍ പക്ഷപാതവിമുക്തരായിരുന്നു. ചെലവഴിക്കുന്ന ഭരണാധികാരികള്‍, തങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കുപോലും സര്‍ക്കാര്‍ വരുമാനം വാങ്ങാതിരിക്കാനും ജീവിതം ലളിതമാക്കാനും മത്സരിക്കുന്നവരായിരുന്നു. ആവശ്യവും അത്യാവശ്യവും കൃത്യമായി പരിഗണിച്ചുകൊണ്ടുള്ള വിനിമയ രീതിയില്‍ അവര്‍ക്ക് ആരെയും പ്രീതിപ്പെടുത്തേണ്ടിയിരുന്നില്ലെന്നതിനാല്‍ ധൂര്‍ത്തും അനാവശ്യവുമായ ചെലവുകളുണ്ടായിരുന്നില്ല. ഇതെല്ലാം നികുതി ദായകരെ പ്രചോദിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായിരുന്നു. കൃത്യമായ ദൈവ വിശ്വാസവും ധാര്‍മികബോധവുമുള്ള നികുതിദായകരും ഉദ്യോഗസ്ഥരും ഭരണാധികാരികളുമുണ്ടായെങ്കിലേ ഇതു സാധ്യമാകൂ.
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയില്‍ മുസ്‌ലിം സമ്പന്നരില്‍ നിന്ന് സ്വീകരിക്കുന്ന സകാത്ത്, അവരുടെ ഭൂവരുമാനത്തില്‍ നിന്ന് പ്രത്യേകമായി സ്വീകരിക്കുന്ന ഖറാജ്(നികുതി), വരുമാനക്കാരായ അമുസ്‌ലിം പൗരന്മാരില്‍ നിന്ന് സ്വീകരിക്കുന്ന ജിസ്‌യ എന്നിവ കൃത്യമായി നടപ്പാക്കപ്പെടുന്നതിനാല്‍ രാഷ്ട്രത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണലഭ്യത പ്രശ്‌നമാവുകയില്ല. എന്നാല്‍ രാഷ്ട്രം കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരികയും പൗരന്മാര്‍ക്ക് ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു നല്കുകയും ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ ചൂഷണം ചെയ്യാത്ത വിധത്തില്‍ ന്യായമായ നികുതികള്‍ ആകാവുന്നതാണ്. ഖജനാവില്‍ ആവശ്യത്തിന് പണമുണ്ടായിരിക്കെ പുതിയ നികുതികള്‍ ചുമത്തരുതെന്നാണ് ഇസ്‌ലാമിക ധനശാസ്ത്ര നിയമം. നികുതികള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളായി ഇസ്‌ലാമിക രാജ്യങ്ങള്‍ ഇന്നും നിലനില്ക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്.