ഒന്നില്‍ കൂടുതല്‍ ആളുകള്‍ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പില്‍ ഏതെങ്കിലും വിധത്തില്‍ പരസ്പരം പങ്കുചേരുന്നതാണ് പാര്‍ട്ണര്‍ഷിപ് അഥവാ പങ്കാളിത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇതിന് മുദാറബ, ഖിറാദ്, ശിര്‍ക എന്നീപദങ്ങളാണ് ഉപയോഗിക്കുന്നത്. പുരാതന കാലം മുതല്‍ നടപ്പിലുള്ള ഈ പങ്കുകച്ചവട രീതിക്ക് ആധുനിക സാമ്പത്തികമേഖലയില്‍ വലിയ സ്വാധീനമാണുള്ളത്. ചെറുസംരംഭങ്ങള്‍ക്കു പോലും വലിയ മുടക്കുമുതലും മനുഷ്യാധ്വാനവും ആവശ്യമായ സാഹചര്യത്തില്‍ മിക്ക ഇടപാടുകളും ഈ രൂപത്തിലാണ് ഇന്ന് നിലനില്‍ക്കുന്നത്.
മനുഷ്യര്‍ ഭിന്നശേഷിക്കാരാണ്. ചിലര്‍ക്ക് സമ്പത്തുണ്ടാകും പക്ഷേ അത് വളര്‍ത്താനുള്ള ശേഷിയോ സാമര്‍ഥ്യമോ സൗകര്യമോ ഉണ്ടായിക്കൊള്ളണമെന്നില്ല. മറ്റു ചിലര്‍ക്ക് ഈ കാര്യങ്ങളില്‍ നല്ല നൈപുണിയുണ്ടാകും പക്ഷേ മുടക്കുമുതലുണ്ടാവില്ല. വേറെ കുറേ ആളുകളുടെ കൈവശം സാമര്‍ഥ്യവും സമ്പത്തുമുണ്ടാകും. പക്ഷേ ഏതെങ്കിലും ഒരു കാര്യം പൂര്‍ത്തീകരിക്കാന്‍ അത് ഒറ്റയ്‌ക്കൊറ്റയ്ക്ക് തികയാതെ വരും. ഇതെല്ലാം മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ സുഗമമായ ചലനത്തിനായി സ്രഷ്ടാവ് സംവിധാനിച്ചതാണ്. അതില്‍ പരസ്പരം സഹകരിച്ചും സഹവര്‍ത്തിച്ചും നീങ്ങുന്നതാണ് പ്രകൃതിയുടെ തേട്ടം. അതുകൊണ്ടു തന്നെ ഈ ഇടപാടിനെ ഇസ്‌ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ഒരാള്‍ തന്റെ കൂട്ടുകാരനെ വഞ്ചിക്കാത്തിടത്തോളം കാലം രണ്ടു കൂട്ടുകാരില്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും ഉണ്ടാകുന്നതാണ്. ഒരാള്‍ ഇതരനെ വഞ്ചിച്ചാല്‍ ഇരുവരില്‍ നിന്നും അത് നീങ്ങിപ്പോകുന്നതാണ്. (ദാറുഖുത്‌നി) വഞ്ചിക്കാത്തിടത്തോളം കാലം ഞാന്‍ മൂന്നാമനായി കൂടെയുണ്ടാകുമെന്നും നബി(സ്വ) പറയുകയുണ്ടായി (അബീദാവീദ്).
ഇത്തരം കൂട്ടുകച്ചവടം പൊതുവെ രണ്ടുവിധത്തിലുണ്ട്. ഒന്നോ അതില്‍ കൂടുതലോ ആളുകള്‍ സാമ്പത്തിക വശം വഹിക്കുകയും വേറെ ഒന്നോ കൂടുതലോ ആളുകള്‍ അധ്വാനവശം അല്ലെങ്കില്‍ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്യുന്ന രീതി. ഇതാണ് മുദാറബ അല്ലെങ്കില്‍ ഖിറാദ്. ഒന്നിലധികം ആളുകള്‍ ഒരു സംരംഭത്തില്‍ എല്ലാ വശങ്ങളിലും നിശ്ചിത അംശങ്ങള്‍ ഏറ്റെടുക്കുന്ന രീതി. ഇതിന് ശിര്‍ക അല്ലെങ്കില്‍ കമ്പനി എന്നു പറയും. ഇത് രണ്ടും ഇസ്‌ലാം അനുവദിച്ച കൂട്ടുകച്ചവട രീതികളാണ്.
ഖദീജ(റ)യുടെ കച്ചവടം നബി(സ്വ) ഏറ്റെടുത്തു നടത്തിയത് മുദാറബയാണ്.ഇത് പ്രവാചകത്വത്തിന് മുമ്പായിരുന്നു. ഖദീജ നാട്ടിലെ സമ്പന്നയായിരുന്നു. അവര്‍ പലപ്പോഴായി തന്റെ മുടക്കുമുതലുപയോഗിച്ച് കച്ചവടം നടത്താന്‍ ഇങ്ങനെ ആളുകളെ നിയോഗിക്കാറുണ്ട്. അങ്ങനെയാണ് വിശ്വസ്തനായ മുഹമ്മദ് എന്ന ചെറുപ്പക്കാരനെ കുറിച്ച് അവര്‍ കേള്‍ക്കുന്നതും സിറിയയിലേക്കുള്ള (ശാം) തന്റെ കച്ചവടസംഘത്തെ നയിക്കാന്‍ നബി(സ്വ)യെ ഏല്‍പിക്കുന്നതും. ഇതാണല്ലോ പിന്നീട് ഇസ്‌ലാമിലെ മഹോന്നതമായ ദാമ്പത്യ മാതൃകയിലേക്കെത്തിയ വിവാഹത്തില്‍ കലാശിച്ചത്. ഇത് ഇസ്‌ലാമിനു മുമ്പുള്ള മാതൃകയാണ്.
ഉമര്‍(റ)വിന്റെ രണ്ടു മക്കളായ അബ്ദുല്ലയും ഉബൈദുല്ലയും ഇറാഖിലേക്കുള്ള സൈന്യത്തിലുണ്ടായിരുന്നു. അവര്‍ തിരിച്ചുവരുമ്പോള്‍ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരി കേന്ദ്ര പൊതുഖജനാവിലേക്കുള്ള (ബൈതുല്‍മാല്‍) കുറച്ചു പണം, ഇതുകൊണ്ട് കച്ചവടം നടത്തി മുതല്‍ ഉമറിനെ ഏല്പിച്ചാല്‍ മതി എന്നു പറഞ്ഞുകൊണ്ട് അവരെ ഏല്പിച്ചു. അപ്രകാരം കച്ചവടം കഴിഞ്ഞ് മുതലും ലാഭവുമായി മദീനയിലെത്തിയ അവരോട് മുഴുവന്‍ സംഖ്യയും ബൈതുല്‍ മാലിലടക്കാന്‍ ഉമര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് ഖിറാദ് (മുദാറബ)യാണെന്ന് ചിലര്‍ സൂചിപ്പിച്ചപ്പോള്‍ മുതലും ലാഭത്തിന്റെ പകുതിയും ഖജനാവിലടക്കാനും ബാക്കിലാഭം രണ്ടുപേരോടും വീതിച്ചെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവങ്ങള്‍ മുദാറബയുടെ അനുവദനീയത സൂചിപ്പിക്കുന്നതാണ്.
മുദാറബ നടത്തുന്നത് നാണയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. വസ്തുക്കളാണെങ്കില്‍ അവയുടെ മൂല്യം നാണയത്തില്‍ നിര്‍ണയിക്കണം. പണം റൊക്കമായിരിക്കണം. ലാഭവിഹിതം നിശ്ചയിച്ചിരിക്കണം. സംഖ്യയല്ല, ലാഭ ശതമാനമാണ് ഇങ്ങനെ നിശ്ചയിക്കേണ്ടത്. സംഖ്യ നിശ്ചയിച്ചാല്‍ രണ്ടാലൊരു കക്ഷിക്ക് അന്യായമായ നഷ്ടം വരാന്‍ സാധ്യതയുണ്ട്. തീരെ ലാഭമില്ലെങ്കില്‍ നടത്തിപ്പുകാരന് ഒന്നും ലഭിക്കില്ല. അയാളുടെ അധ്വാനം നഷ്ടമാകും. എന്നാല്‍ ധനപങ്കാളിക്ക് ഒരു നഷ്ടവും ഉണ്ടാവുകയുമില്ല. ഇനി വലിയ ലാഭം കിട്ടിയാലും ആര്‍ക്കെങ്കിലും ഒരാള്‍ക്കായിരിക്കും കൂടുതല്‍ കിട്ടുക. എന്നാല്‍ ശതമാനമാകുമ്പോള്‍ ലാഭമുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും അവര്‍ നിശ്ചയിച്ചതു പ്രകാരം ലഭിക്കും. നഷ്ടമാണെങ്കില്‍ മുതലുടമക്ക് മൂലധനവും നടത്തിപ്പുകാരന് അധ്വാനനഷ്ടവും ഉണ്ടാവും. ഇതില്‍ ആരെങ്കിലും ഒരാള്‍ മാത്രം അക്രമിക്കപ്പെടുന്നില്ലല്ലോ.
പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവരാണ് മുദാറബയിലും പങ്കുകാരാകേണ്ടത്. ഇസ്‌ലാം അനുവദിച്ച ഇടപാടുകളിലും ഇസ്‌ലാം ആവശ്യപ്പെട്ട നിബന്ധനകളോടെയും മാത്രമേ മുദാറബയിലും മൂലധനം കൊണ്ടോ നടത്തിപ്പുകൊണ്ടോ പങ്കെടുക്കാന്‍ പാടുള്ളൂ. തനിക്ക് ഇസ്‌ലാമികമായി നിഷിദ്ധമായ കാര്യം നടത്തിപ്പുകാരന്‍ അനുവദനീയമായി കാണുന്നതിന്റെ പേരില്‍ അയാളുമായി ആ ഇടപാടില്‍ മുദാറബ പാടില്ലാത്തതാണ്. അതുപോലെ നിഷിദ്ധമായ രീതിയിലാണ് നടത്തിപ്പുകാരന്‍ ഇടപാടു നടത്തുന്നത് എങ്കിലും മുദാറബ അനുവദനീയമല്ല. കൈകൂലിയും കൃത്രിമങ്ങളുമായോ പലിശ ഇടപാടുമായോ ബന്ധപ്പെട്ടു നടക്കുന്ന രീതികള്‍ ഇതിന് ഉദാഹരണമാണ്.
ഇടപാടിന്റെ ലാഭത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ നിബന്ധനകള്‍ രണ്ടുപേര്‍ക്കും തീരുമാനിക്കാവുന്നതാണ്. ഇന്ന ചരക്കുകളേ വാങ്ങാവൂ എന്നും ഇന്ന രീതിയിലേ ഇടപാട് നടത്താവൂ എന്നുമെല്ലാം പരസ്പര തൃപ്തിയോടെ നിബന്ധനകള്‍ വെയ്ക്കാം. നിബന്ധന ലംഘിച്ചുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അത് ലംഘിച്ചവന്‍ മാത്രവും ഉത്തരവാദി. ലാഭങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച തോതു പ്രകാരം രണ്ടുപേരും അവകാശികളായിരിക്കും.
മുദാറബയിലെ നടത്തിപ്പുകാരന്‍ സൂക്ഷിപ്പുകാരന്റെ പദവിയിലാണ്. മുതലുടമയുടെ സ്വത്ത് വളരെ ആത്മാര്‍ഥമായും സത്യസന്ധമായും അയാള്‍ കൈകാര്യംചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ചകളുണ്ടായി സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അയാള്‍ മാത്രമായിരിക്കും ഉത്തരവാദി. മുതലുടമയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയ്ക്ക് അയാള്‍ക്കായിരിക്കും പൂര്‍ണ ബാധ്യത.രണ്ടുപേരുടെയും ബോധപൂര്‍വമല്ലാത്തതും അശ്രദ്ധയാലല്ലാതെ ഉണ്ടാകുന്നതുമായ ലാഭനഷ്ടങ്ങളില്‍ നിശ്ചയിച്ച ശതമാനപ്രകാരം രണ്ടുപേരും പങ്കാളികളായിരിക്കും. ഇങ്ങനെയുണ്ടാകുന്ന മുടക്കുമുതലിന്റെ നഷ്ടത്തില്‍ നടത്തിപ്പുകാരന് ബാധ്യതയില്ല. ഇടപാടു നടത്താനാവശ്യമായ പ്രവര്‍ത്തനച്ചെലവ് നേരത്തെ നിശ്ചയിച്ച പ്രകാരം മുടക്കു മുതലില്‍ നിന്നോ ലാഭത്തില്‍ നിന്നോ അല്ലെങ്കില്‍ നടത്തിപ്പുകാരന്റെ സ്വന്തം സ്വത്തില്‍ നിന്നോ എടുക്കാവുന്നതാണ്. മുദാറബ തുടങ്ങിയതിനു ശേഷം ഏതെങ്കിലും ഒരു കക്ഷിയുണ്ടാക്കുന്ന വ്യവസ്ഥ അപരന്ന് സമ്മതമല്ലെങ്കില്‍ മുദാറബ ദുര്‍ബലപ്പെടും. ഇങ്ങനെ നിര്‍ത്തല്‍ ചെയ്യുന്നതിന്റെ പേരില്‍ മറുകക്ഷിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയുണ്ടാക്കിയവന്‍ അത് വകവെച്ചുകൊടുക്കേണ്ടതാണ്. ഒരു കക്ഷി മരണപ്പെട്ടാലും മുദാറബ ദുര്‍ബലമാകും. മൂലധന ഉടമയാണ് മരിച്ചതെങ്കില്‍ പിന്നീട് അനന്തരാവകാശികളുമായി മുദാറബ ഉണ്ടാക്കിയെങ്കിലേ ഇടപാട് സാധുവാകൂ. മുദാറബയില്‍ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ലെങ്കില്‍ നടത്തിപ്പുകാരന്‍ കൂലിക്കാരനായി പരിഗണിച്ച് അയാള്‍ക്ക് കൂലി നല്കണം. മുതലിന്റെ നഷ്ടത്തിന് അയാള്‍ ബാധ്യതക്കാരനാവുകയുമില്ല.
ലാഭമായാലും നഷ്ടമായാലും നിശ്ചിത സംഖ്യ മുതലുടമകള്‍ക്ക് നല്കുന്ന രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇതു പലിശയാണ്. നാട്ടില്‍ ഇന്ന് നടക്കുന്ന പല ഇടപാടുകളിലും ഇത്തരം മൂലധനഉടമകളാണുള്ളത്. ഇത് ഇസ്‌ലാം അംഗീകരിക്കുന്ന മുദാറബയല്ല. നടത്തിപ്പുകാരന് ലാഭവിഹിതം എന്ന നിലയിലല്ലാതെ നിശ്ചിത കൂലിക്കും അര്‍ഹതയില്ല. ലാഭത്തിലും നഷ്ടത്തിലും രണ്ടുവിഭാഗവും പങ്കുചേരുമ്പോഴാണ് മുദാറബയാവുന്നത്. അല്ലാത്ത പക്ഷം അയാള്‍ വെറും കൂലിക്കാരനാണ്.
ശിര്‍ക അല്ലെങ്കില്‍ ഷെയര്‍ എന്ന രണ്ടാമത്തെ രീതിയില്‍ മുടക്കുമുതലില്‍ ഒന്നിലേറെ പേര്‍ പങ്കാളികളായിരിക്കും. നടത്തിപ്പും ആവശ്യത്തിനുള്ള ജോലിക്കാരെയോ മറ്റോ നിശ്ചയിച്ച് അവര്‍ തന്നെയാണ് നിര്‍വഹിക്കുക. ഈ രീതിയില്‍ ഓരോരുത്തരുടെയും വിഹിതത്തിന്റെ തോതനുസരിച്ച് എല്ലാവര്‍ക്കും ലാഭവും നഷ്ടവും തുല്യമായി വീതിക്കപ്പെടും. ഒന്നിച്ച് നിര്‍വഹിക്കുന്ന പ്രവൃത്തിമൂലം ലഭിക്കുന്ന വസ്തുക്കളിലും ഇങ്ങനെ പങ്കാളിത്തം ആകാവുന്നതാണ്. അവരവരുടെ പ്രവര്‍ത്തന പങ്കാളിത്തമനുസരിച്ചുള്ള മുന്‍ നിശ്ചയപ്രകാരം ഇത് ഓഹരി വെയ്ക്കാം. കുറച്ചാളുകള്‍ ചേര്‍ന്നു വീടു നിര്‍മാണം നിര്‍വഹിക്കുക, മത്സ്യബന്ധനം നടത്തുക എന്നിവ ഇതിന് ഉദാഹരണമാണ്. ശിര്‍ക പ്രകാരം ഭൂമിയില്‍ കൃഷിയിറക്കുക, ഫാം നടത്തുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും പരസ്പര തൃപ്തിയോടെയും ലാഭനഷ്ട വിഹിതത്തിന്റെ മുന്‍ നിശ്ചയത്തിലൂടെയും പങ്കാളിത്തം ആകാവുന്നതാണ്.