കടം, വായ്പ പോലെയുള്ള സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ചും കരാര്‍ പത്രികകള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഉത്തമര്‍ണന്റെ മൂലധനത്തിന്റെ സുരക്ഷക്കായി അധമര്‍ണനില്‍ നിന്ന് മൂല്യമുള്ള വസ്തു കരുതല്‍ ധനമായി വാങ്ങുന്നതിനാണ് പണയം എന്ന് പറയുന്നത്. ഇത് വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍(സ്വ)യുടെ ചര്യയും അനുവദനീയമായി അംഗീകരിച്ച ഇടപാടാണ്. ''ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെയ്ക്കരുത്. ആര്‍ അത് മറച്ചു വെയ്ക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു''(2:283).
ഈ ഖുര്‍ആന്‍ വചനപ്രകാരം യാത്രയിലാണെങ്കില്‍ മാത്രമേ പണയ ഇടപാട് സാധുവാകുകയുള്ളൂ എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും നബി(സ്വ)യില്‍ നിന്നുവന്ന റിപ്പോര്‍ട്ടുകള്‍ മറ്റു സന്ദര്‍ഭങ്ങളിലും പണയം അനുവദനീയമാണെന്നു മനസ്സിലാക്കാം. നബി(സ്വ) ഒരു ജൂതനില്‍ നിന്ന് ബാര്‍ലി സലം വ്യവസ്ഥയില്‍ കടം വാങ്ങുകയുണ്ടായി. എന്നാല്‍ മുഹമ്മദ് തന്റെ ധനം കൈക്കലാക്കാന്‍ നോക്കുകയാണ് എന്ന് അയാള്‍ പറഞ്ഞതായി നബി(സ്വ) അറിഞ്ഞപ്പോള്‍, തന്റെ പടയങ്കി അയാള്‍ക്ക് പണയമായി നല്കി മൂലധനത്തിന് നബി(സ്വ) ഉറപ്പുനല്കുകയുണ്ടായി. നബി(സ്വ)യുടെ അനുചരന്മാരും പണയം നല്കി കടഇപാടുകള്‍ നടത്തിയിട്ടുണ്ട്.
പണയം സമൂഹത്തില്‍ പല ഉപകാരങ്ങളും കൊണ്ടുവരും. കടം നല്കുന്ന ഉത്തമര്‍ണന് മൂലധനത്തിന്മേല്‍ ഉറപ്പുകിട്ടും. അത്യാവശ്യക്കാരന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം ലഭ്യമാകും. അനാവശ്യമായി കടം വാങ്ങുന്ന പ്രവണതയും കടം വീട്ടാന്‍ കഴിവുണ്ടായിട്ടും അമാന്തം കാണിക്കുന്നതും കുറയും. ധനികന്റെ കൈയില്‍ വെറുതെ വെച്ച പണം ഉപകാരപ്രദമായി വിപണിയില്‍ ഇറങ്ങും. ഇവ പണയ ഇടപാടിന്റെ ഗുണമാണ്. എന്നാല്‍ കടമിടപാടിന് പണയം നിര്‍ബന്ധമായി വരുന്നത്, മൂല്യമുള്ള വസ്തുക്കള്‍ പണയം കൊടുക്കാനില്ലാത്ത ദരിദ്രരായ ആളുകള്‍ക്കും മറ്റും അത്യാവശ്യമായ കാര്യങ്ങള്‍ക്ക് കടം ലഭിക്കാതിരിക്കാന്‍ കാരണമാകും. ഇത് പണയത്തിന്റെ പ്രധാന ന്യൂനതയാണ്. ഇടപാടുകാര്‍ വിശ്വസ്തന്മാരായാല്‍ പണയമില്ലാതെ തന്നെ ഇടപാടുനടത്തുന്നതാണ് അഭികാമ്യവും കൂടുതല്‍ പുണ്യകരവും. വിശ്വസ്തരായ അത്യാവശ്യക്കാര്‍ക്ക് പണയം തരാന്‍ വസ്തുക്കളില്ലാത്ത സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും ഇതാണ് പരിഗണിക്കേണ്ടത്.
പണയ ഇടപാട് സാധുവാകണമെങ്കില്‍ ഇടപാടുകാര്‍ ബുദ്ധിയും പ്രായപൂര്‍ത്തിയും ഉള്ളവരാവുക, പണയവസ്തു ഉണ്ടായിരിക്കുക, പണയം നല്കിയവനോ പ്രതിനിധിയോ അത് സ്വീകരിക്കുക എന്നിവ ഉണ്ടാകണം. ഇസ്‌ലാം അനുവദിക്കുന്ന ഇടപാടുകളിലേ പണയവും അനുവദിക്കപ്പെടുകയുള്ളൂ. നിഷിദ്ധ ആവശ്യങ്ങള്‍ക്കു വേണ്ടി കടം നല്കാനോ പണയം സ്വീകരിക്കാനോ പാടില്ല. പണയവസ്തുക്കള്‍ മൂല്യമുലള്ളതും അനുവദനീയമായതും ഉടമപ്പെടുത്താന്‍ കഴിയുന്നതുമായിരിക്കണം. മദ്യം, പന്നി എന്നിവയോ കാറ്റ്, കടലിലെ മത്സ്യംപോലുള്ളവയോ പണയമാക്കാന്‍ പറ്റില്ല.
പണയം വിവിധരൂപങ്ങളിലുണ്ട്. സോപാധിക പണയം. ബാധ്യതതീര്‍ക്കുന്നതു വരെ എന്ന വ്യവസ്ഥയില്‍ പണയ വസ്തുവിന്റെ ഉടമാവകാശം പണയക്കാരന് കൈമാറ്റം ചെയ്യുന്ന രീതിയാണിത്. ഉണ്ടറതി, പാട്ടം എന്നപേരുകളില്‍ അിറയപ്പെടുന്ന കൈവശപ്പണയ രീതി. ഉത്തമര്‍ണന് മൂലധനം തിരിച്ചു കിട്ടുന്നവിധത്തില്‍ പണയവസ്തുവിന്റെ ആദായം ഉപയോഗിക്കാവുന്ന പണയരീതിയാണിത്. മൂലധനം തിരിച്ചു പിടിക്കാനായി പണയവസ്തു കോടതി മുഖാന്തിരമല്ലാതെ വില്പനാധികാരം നല്കാത്ത ചൂണ്ടി പണയം, അഥവാ വെറും പണയം. കടം വാങ്ങിയ തുകയ്ക്ക് ഈടായി ഒരുവസ്തുവിന്റെ താല്‍പര്യം കൈമാറുന്നതിന് ഒറ്റി എന്നു പറയും. ഇതുപ്രകാരം കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ഈട് വിറ്റ് കടം വീട്ടാവുന്നതാണ്. അതുപോലെ കടത്തിനു പകരമുള്ള വസ്തുവായി ഈടിനെ കണ്ട് കടം വീട്ടുന്നതുവരെ തന്റെതായി ഈട് ഉപയോഗിക്കുന്ന രൂപവും ഒറ്റിക്കുണ്ട്. ഇതില്‍ പണയവസ്തുവിന്റെ ആദായങ്ങള്‍ കടത്തിലേക്ക് വരവു വെക്കുകയും ചെയ്യും. ഉഭയകക്ഷികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം കടത്തിനു പകരമായി ഒരു വസ്തു നല്കുന്നതിന് ഈട്(ചാര്‍ജ്) എന്നു പറയും.
പണയ ഇടപാടുകളില്‍ പലതും പലിശാധിഷ്ഠിതമാണ്. പല പണയവും പലിശയോടൊപ്പമുള്ളതോ ചിലതില്‍ പണയവസ്തുവിന്റെ ആദായം പലിശയായി സ്വീകരിക്കുന്നതോ ആണ്. ആ വിധത്തിലുള്ള പണയം ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മനുഷ്യന്റെ സാമ്പത്തിക പ്രയാസത്തില്‍ കടം നല്കി സഹായിക്കുകയാണ് ഉത്തമര്‍ണന്‍ ചെയ്യുന്നത്. ഇത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫല പ്രതീക്ഷയിലാണ് മുസ്‌ലിം നിര്‍വഹിക്കുന്നത്. എന്നാല്‍ അതിന്റെ പേരില്‍ അയാള്‍ മുടക്കുമുതല്‍ നഷ്ടപ്പെട്ട് ചതിക്കപ്പെടാതിരിക്കാനാണ് ഈടായി പണയം വാങ്ങുന്നത്. അതിനാല്‍, മൂലധനം തിരിച്ചു കിട്ടാനുള്ള ഉറപ്പ് എന്നതില്‍ കവിഞ്ഞ എന്ത് ആദായം പണയവസ്തുമുഖേനെ സ്വീകരിക്കുന്നതും പലിശയാണ്. നിഷിദ്ധമാണ്.
എന്നാല്‍ പണയവസ്തു മൃഗങ്ങളാണെങ്കില്‍ അവയുടെ പോറ്റുചെലവ് എന്ന നിലയില്‍ അവയുടെ പ്രയോജനങ്ങള്‍ പണയക്കാരന് സ്വീകരിക്കാവുന്നതാണ്. സവാരി, പാല്‍, ചാണകം, നിലം ഉഴുതല്‍, വണ്ടിവലിക്കല്‍ എന്നിവയെല്ലാം ആകാവുന്നതാണ്. മറ്റു പണയവസ്തുക്കളുടെ ആദായം സ്വീകരിക്കുന്ന ഉടമ തന്നെയാണ് അതിന്റെ സൂക്ഷിപ്പ് ചെലവുകളും മറ്റു ചെലവുകളും വഹിക്കേണ്ടത്. ഇവ പണയം നല്കിയവനില്‍ നിന്ന് ലഭിക്കാത്തപക്ഷം മൂല കടത്തിലേക്ക് അതുകൂടി പരിഗണിക്കാവുന്നതാണ്. പണയവസ്തുവിന്റെ ആദായം പോലെ തന്നെ അതിനുണ്ടാകുന്ന വളര്‍ച്ചയും ഉടമക്കുമാത്രം അവകാശപ്പെട്ടതാണ്.
ഒരിനം പണയ ഇടപാട് നാട്ടില്‍ നടപ്പുണ്ട്. ഒരു വീടോ എടുപ്പോ അതിന്റെ ഉടമ നിശ്ചിത കാലത്തേക്ക് വലിയ സംഖ്യ അഡ്വാന്‍സ് അല്ലെങ്കില്‍ പണയമായി വാങ്ങി, പണയം തന്നവന് ഉപയോഗിക്കാനായി നല്കുന്നു. താന്‍ ആ വസ്തു വാടകക്ക് നല്കിയാല്‍ ലഭിക്കുന്ന ആദായത്തിനു പകരമായി പണയസംഖ്യയുടെ പ്രയോജനം അയാള്‍ ഉപകാരപ്പെടുത്തുന്നു. പണയം നല്കിയവനാകട്ടെ തനിക്കാവശ്യമായ വസ്തുവിന്റെ പ്രയോജനമെടുക്കാന്‍ വേറെ വാടകയോ കൂലിയോ ചെലവാക്കുന്നില്ല. വാടകയുടെ കാലാവധി കഴിയുമ്പോള്‍ പണയമായി വാങ്ങിയ സംഖ്യ പൂര്‍ണമായും അയാള്‍ക്ക് തിരിച്ചു ലഭിക്കുന്നു. ഈ രീതിയില്‍ രണ്ടു കൂട്ടരും പരസ്പരം ഉപകാരമെടുക്കുന്നുണ്ട്. ഏതെങ്കിലും ഒരു കക്ഷിക്കുമാത്രമായി പ്രത്യേക നഷ്ടം സംഭവിക്കുന്നില്ല. ഇരു കൂട്ടര്‍ക്കും വരുന്ന ചെലവുകളാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ഇക്കാരണങ്ങളാള്‍ ഈ പണയത്തിന്റെ പ്രയോജനം പലിശയായി പരിഗണിക്കാവുന്നതല്ല. ഇത് അനുവദനീയമാണ്. പണയത്തിന്റെ മറ്റെല്ലാ നിബന്ധനകളും ഇവിടെയും ബാധകമാണ്.
പണയമായി നല്കുന്ന വസ്തു പെട്ടെന്ന് നശിച്ചുപോകുന്നതോ കേടുപാടുകള്‍ സംഭവിക്കുന്നതോ ആകാന്‍ പാടില്ല. പണയക്കാരന്റെ അശ്രദ്ധകൊണ്ടോ മറ്റോ പണയവസ്തുവിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയായിരിക്കും. തന്റെ സ്വത്തിന്റെ കൂടെ പണയവസ്തുവും നശിച്ചുപോകുന്നതുപോലെ സ്വാഭാവികമായുണ്ടുന്ന നഷ്ടങ്ങള്‍ക്ക് അയാള്‍ ബാധ്യസ്ഥനല്ല.കടം പൂര്‍ണമായി അവസാനിക്കുമ്പോഴേ പണയവസ്തുവിന്റെ അവധി അവസാനിക്കുകയുള്ളൂ.
കടം വീട്ടാന്‍ കഴിയാതെ വന്നാല്‍ പണയവസ്തു സ്വന്തമാക്കാന്‍ പാടില്ല. അവധി നീട്ടികൊടുക്കുകയാണ് വേണ്ടത്. നീട്ടികൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ,കിട്ടാക്കടമാകുന്ന സന്ദര്‍ഭത്തിലോ പണയം വില്‍ക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. അതിന് അയാള്‍ വഴങ്ങുന്നില്ലെങ്കില്‍ കോടതിമുലഖാന്തിരം അത് വില്‍ക്കാനുള്ള അനുമതി വാങ്ങാവുന്നതാണ്. വിറ്റിട്ടും തീരാത്ത കടം അധമര്‍ണന്റെ ബാധ്യതയായി അവശേഷിക്കും. അയാളില്‍ നിന്ന് അത് ഈടാക്കാന്‍ മറ്റു നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്. അവധിയെത്തിയിട്ടും കടം വീട്ടുന്നില്ലെങ്കില്‍ പണയവസ്തു വില്‍ക്കാമെന്ന് നേരത്തെ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ പണയവസ്തുവിന് വിലനിശ്ചയിച്ചതിനു ശേഷം കടത്തിനു തുല്യമായതു മാത്രം എടുത്ത് ബാക്കിയുള്ള തുക ഉടമയ്ക്കു തന്നെ തിരിച്ചു നല്കണം.