Skip to main content

ഇസ്‌ലാമിലെ അനന്തരാവകാശ വ്യവസ്ഥയുടെ സവിശേഷതകള്‍

ഒരു മനുഷ്യന്‍  താന്‍ സ്വത്ത് സമ്പാദിക്കുന്നത് തനിക്കും തന്റെ ശേഷം തന്റെ അടുത്ത ബന്ധുക്കള്‍ക്കുമുള്ളതാണെന്ന ബോധ്യം അവനെ സ്വത്ത് ആര്‍ജിക്കുവാനും അതിനു വേണ്ടി അധ്വാനിക്കുവാനും പ്രേരിപ്പിക്കുന്നു. അതുമൂലം സമൂഹത്തിനു വളര്‍ച്ചയും പുരോഗതിയുമുണ്ടാവുകയും ചെയ്യുന്നു. മനുഷ്യപ്രകൃതവും സാമ്പത്തികാടിത്തറയും ഇസ്‌ലാം അംഗീകരിക്കുന്നു. അതാണ് ഒന്നാമത്തെ സവിശേഷത. 

രണ്ട്, മരണപ്പെടുന്ന വ്യക്തിയല്ല, തന്റെ സ്വത്ത് ആര്‍ക്കെല്ലാം എത്രയെല്ലം നല്കണമെന്ന് തീരുമാനിക്കുന്നത് മറിച്ച് ഇസ്‌ലാമിക ശരീഅത്തിലെ അനന്തരാവകാശ നിയമങ്ങള്‍ അനുസരിച്ചാണ് വിതരണം ചെയ്യപ്പെടുന്നത്.  അദ്ദേഹത്തിന് വേണമെങ്കില്‍ ആകെ സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം വരെ ആര്‍ക്കെങ്കിലും വില്‍പത്രമെഴുതി വെയ്ക്കാം എന്നല്ലാതെ മുഴുവന്‍ സ്വത്തും തന്നിഷ്ട പ്രകാരം ആര്‍ക്കെങ്കിലും വേണ്ടി വില്‍പത്രമെഴുതി വെക്കാന്‍ പറ്റില്ല. ഇതുമൂലം മരണപ്പെടുന്നവരുടെ അടുത്ത ബന്ധുക്കള്‍ക്ക് തങ്ങള്‍ക്ക് അവകാശം ലഭിക്കാതെ പോകുമോ എന്ന് ആശങ്കപ്പെടേണ്ടി വരികയോ അവകാശം ലഭിക്കാന്‍ കോടതികളെ സമീപിക്കുകയോ ചെയ്യേണ്ടി വരില്ല.

മൂന്നാമത്തെ സവിശേഷത അതിന്റെ സമഗ്രതയാണ്. അവകാശം ലഭിക്കേണ്ടവര്‍ സ്ത്രീ, പുരുഷന്‍, വിവാഹിതന്‍, അവിവാഹിതന്‍, പ്രായമുള്ളവന്‍, പ്രായപൂര്‍ത്തിയാകത്തവന്‍ എന്നിങ്ങനെ യാതൊരു വിവേചനവുമില്ലാതെ അനന്തരാവകാശം ലഭിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിനു പോലും ഇസ്‌ലാമിക നിയമപ്രകാരം അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ അവകാശികളില്‍ ഓരോരുത്തരുടെയും പരേതനുമാനുള്ള ബന്ധവും ബാധ്യതകളും ചുമതലകളുമനുസരിച്ച് ഓഹരികളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാമെന്നല്ലാതെ ലിംഗ-പ്രായ വ്യതാസം കാണിക്കപ്പെടുകയില്ല.

നാല്, അനന്തരാവകാശികള്‍ക്ക് ലഭിക്കുന്ന വിഹിതങ്ങളുടെ അനുപാതം പരേതനോടും അദ്ദേഹത്തിന്റെ അനാഥ സന്താനങ്ങളോടും ഇവര്‍ക്കുള്ള ചുമതലകളെയാണു പ്രതിഫലിപ്പിക്കുന്നത്. അതായത് കുടുതല്‍ ഓഹരികള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് പരേതന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളോടും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ചുമതലകളും ഉണ്ട് എന്നര്‍ഥം.

Feedback