മുസ്‌ലിമിന് ജീവിതത്തില്‍ സൃഷ്ടികളോട് നിര്‍വഹിക്കേണ്ടതായിട്ടുള്ള ബാധ്യതകളില്‍ ഉന്നതസ്ഥാനത്ത് നില്ക്കുന്നതാണ് നബി(സ്വ)യോടുള്ള കടമകള്‍. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ അടിമയും അന്തിമപ്രവാചകനുമാണ്. അല്ലാഹുവിന്റെ കല്പനകള്‍ അനുസരിച്ചും അവന്നു വണങ്ങിയും മുസ്‌ലിം ജീവിക്കണമെങ്കില്‍ തിരുദൂതരുടെ ചര്യകള്‍ ജീവിതത്തില്‍ പിന്തുടരല്‍ അനിവാര്യമാണ്. അല്ലാഹുവിനോടുള്ള അനുസരണവും ഇഷ്ടവും പൂര്‍ത്തിയാവുന്നത് റസൂല്‍(സ്വ)യുടെ കല്പനകള്‍ അനുസരിക്കുകയും നബിയെ സ്‌നേഹിച്ചു കൊണ്ട് ആ മഹിത മാതൃക ജീവിതത്തില്‍ പിന്‍പറ്റി ജീവിക്കുമ്പോഴാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്റെ റസൂലിലും ഞങ്ങള്‍ വിശ്വസിക്കുവാനും അവനെ നിങ്ങള്‍ സഹായിക്കുവാനും അവന്റെ മഹത്വങ്ങള്‍ പ്രകീര്‍ത്തിക്കുവാനും വേണ്ടി''(48:8,9).
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്റെ പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ടെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഒരാള്‍ നബി(സ്വ)യെ സ്‌നേഹിക്കുന്നവനായി മാറുന്നത്. അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. 'തന്റെ സന്താനങ്ങളെക്കാളും മാതാപിതാക്കളെക്കാളും സര്‍വ ജനങ്ങളെക്കാളും ഞാന്‍ അവന്ന് ഇഷ്ടപ്പെട്ടവനാകുന്നതു വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല' (മുസ്‌നദ്: 13959).
നബി(സ്വ) ജീവിച്ചിരിക്കുമ്പോള്‍ അവിടുത്തെ അനുചരന്‍മാര്‍ അദ്ദേഹത്തെ സ്വജീവനുതുല്യം സ്‌നേഹിച്ചു. അദ്ദേഹത്തെ കണ്ടും കേട്ടും അറിഞ്ഞും പകര്‍ത്തി. ആ സ്‌നേഹബന്ധം ശത്രുക്കളെപ്പോലും അമ്പരപ്പിച്ചു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ നബി(സ്വ)യോട് സംഭാഷണം നടത്താന്‍ ഏല്പിക്കപ്പെട്ടത് ഉര്‍വത്ബ്‌നു മസ്ഊദ്(റ)യായിരുന്നു. അദ്ദേഹം ഖുറൈശികളുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പ്രസ്താവിച്ചു: 'കിസ്‌റാ, കൈസര്‍, നജ്ജാശി തുടങ്ങിയ രാജാക്കന്‍മാരുടെ അടുത്ത് ഞാന്‍ പോയിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)യെ അദ്ദേഹത്തിന്റെ ആളുകള്‍ ബഹുമാനിക്കുന്നതു പോലെ അവരുടെ ആളുകള്‍ അവരെ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം കല്പിച്ചാല്‍ അവരത് ധൃതിയില്‍ പാലിക്കുന്നു. അദ്ദേഹം വുദു ചെയ്താല്‍ ആ വെള്ളത്തിനു വേണ്ടി അവര്‍ തിക്കിതിരക്കി ഏറ്റുമുട്ടാറുണ്ടായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ നിശബ്ദം ശ്രദ്ധിക്കുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് അവര്‍ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കുക പോലും ചെയ്യുന്നില്ല'. എന്നാല്‍ പ്രവാചകന്റെ വിയോഗാനന്തരം വിശ്വാസി സമൂഹം ചെയ്യേണ്ടത് അദ്ദേഹം പഠിപ്പിച്ച ചര്യ മുറുകെപ്പിടിക്കുകയാണ്.
അല്ലാഹുവിനെ അനുസരിക്കുക എന്നതിനര്‍ഥം അല്ലാഹുവിന്റെ വചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ പിന്‍പറ്റുക എന്നാണ്. മുഹമ്മദ് നബി(സ്വ)യെ അനുസരിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതും നബിചര്യ ജീവിതത്തില്‍ മുറുകെപ്പിടിക്കുക എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനമായി റസൂല്‍(സ്വ)ക്ക് അവതരിപ്പിച്ചതാണ്. അതില്‍ അസത്യം കൂടിക്കലരുകയോ നബി(സ്വ) വഞ്ചന കാണിക്കുകയോ ചെയ്തിട്ടില്ല. ഖുര്‍ആനിലെ കല്പനകള്‍ അനുസരിക്കുകയും അത് ജീവിതത്തില്‍ പ്രയോഗവത്കരിക്കുകയും ചെയ്യണമെങ്കില്‍ നബി(സ്വ)യുടെ ചര്യ കൂടി പ്രാവര്‍ത്തികമാക്കിയേ തീരൂ. മനുഷ്യസമൂഹത്തോട് നബിയുടെ 'വസിയ്യത്ത്'ഇങ്ങനെയായിരുന്നു: ''ഞാന്‍ നിങ്ങള്‍ക്കായി രണ്ടു കാര്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അവ രണ്ടും മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ പിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്'' (മുവത്വഅ്).