Skip to main content

അല്ലാഹുവിനോടുള്ള ബാധ്യതകള്‍

സൃഷ്ടികളില്‍ വിശേഷ ബുദ്ധി കൊണ്ട് അനുഗൃഹീതനായ മനുഷ്യന് പ്രഥമവും പ്രധാനവുമായ ബാധ്യത നിര്‍വഹിക്കാനുള്ളത് അവന്റെ സ്രഷ്ടാവിനോടാണ്.   അല്ലാഹുവാണ് അവനെ സൃഷ്ടിച്ചത്. ഭൂമിയിലെ വാസത്തിന് മനുഷ്യനു വേണ്ടി സര്‍വതും സജ്ജമാക്കിയവനാണ് അല്ലാഹു. ഇല്ലായ്മയില്‍ നിന്ന് മനുഷ്യന് ജീവനും ജീവിതവും നല്കി പടിപടിയായി അവനെ വളര്‍ത്തിക്കൊണ്ടു വന്ന അല്ലാഹുവിനോട് നിര്‍വഹിക്കേണ്ട ബാധ്യതകളെ കുറിച്ച് അവന്‍ ബോധവാനാകുന്നു. അല്ലാഹു പറയുന്നു: ''നിങ്ങളുടെ മാതാപിതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞു കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി'' (16:78).

അല്ലാഹുവിന്റെ പരിധിയില്ലാത്ത കാരുണ്യവും അളവറ്റ അനുഗ്രഹങ്ങളും ആസ്വദിച്ചു കൊണ്ടാണ് മനുഷ്യന്‍ ഇവിടെ ജീവിക്കുന്നത്. അതിനുള്ള നന്ദിസൂചകമായി സ്രഷ്ടാവ് നല്കിയ ജീവിതത്തെ അവന്നു വേണ്ടി സമര്‍പിക്കാന്‍ ബാധ്യസ്ഥനാണ് മനുഷ്യന്‍. ഉപകാരം ചെയ്തവന്നുള്ള പ്രത്യുപകാരം പോലെ, നന്‍മ ചെയ്തവനുള്ള നന്ദിവാക്കു പോലെ ഒന്നല്ല ഇത്. ജീവിതം കൊണ്ട് മുഴുക്കെ സമര്‍പിക്കേണ്ട ബാധ്യതാനിര്‍വഹണമാണ്. അല്ലാഹു പറയുന്നു: ''നിന്നോട് ഞാന്‍ ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്കുകയാണ് ചെയ്യുന്നത്. ധര്‍മനിഷ്ഠയാകുന്നു ശുഭപര്യവസാനം'' (20:132).

അല്ലാഹുവിന്റെ ശക്തിവിശേഷണങ്ങളും അവന്റെ ഗുണനാമങ്ങളും  ഉള്‍കൊള്ളുന്നതോടു കൂടി മനുഷ്യന്‍ സ്രഷ്ടാവിനെ തിരിച്ചറിയുകയും അവനിലുള്ള വിശ്വാസം ദൃഢപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഗുണനാമങ്ങളില്‍ മുഖ്യമായതാണ് റഹ്മാന്‍(പരമകാരുണികന്‍), റഹീം(കരുണാനിധി) എന്നിവ. റബ്ബ് (രക്ഷിതാവ്) എന്ന വിശേഷണനാമവും ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പരിചയപ്പെടുത്തി യതാണ്. ഓരോ സൃഷ്ടിക്കും അന്യൂനവും ക്രമാനുഗതവുമായ വളര്‍ച്ചയും വികാസവും നല്കി അവയെ പരിപാലിച്ചു കൊണ്ടിരിക്കുന്നവന്‍ എന്നതാണ് റബ്ബ് എന്നതിന്റെ സാരം.   അതിന്ന് നന്ദി സൂചകമായി അവന്‍ നിര്‍വഹിക്കേണ്ട ബാധ്യത ഐഹിക ജീവിതത്തില്‍ ആയുസ്സ് അവസാനിക്കുന്നതു വരെ തന്റെ സ്രഷ്ടാവിന്റെ വിനീത ദാസനായി ഭക്തിയോടെ ജീവിക്കുക എന്നതാണ്. വിനയവും ഭക്തിയും നിറഞ്ഞ ജീവിതത്തിന് അനുപേക്ഷണീയമായ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്തു. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യം അംഗീകരിക്കുന്നതോടു കൂടിയാണ് ഒരാള്‍ വിശ്വാസിയാവുന്നത്. കൂടാതെ വിശ്വാസപരമായും അനുഷ്ഠാനപരമായും ഒരു മുസ്‌ലിം നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതായി വരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ ഇസ്‌ലാം കാര്യങ്ങളായിട്ടും അല്ലാഹുവിലുള്ള വിശ്വാസം, പ്രവാചകന്‍മാരിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം എന്നിവ ഈമാന്‍ കാര്യങ്ങളായിട്ടുമാണ് പഠിപ്പിക്കപ്പെട്ടിട്ടു ള്ളത്. 
 

Feedback