Skip to main content

ഭരണകര്‍ത്താക്കളോടുള്ള ബാധ്യതകള്‍

സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമാണ് രാഷ്ട്രം. ഭരണകര്‍ത്താക്കളും പ്രജകളുമായുള്ള ഈടുറ്റ ബന്ധമാണ് രാജ്യത്തിന്റെ നന്‍മ. ഏറ്റെടുത്ത കാര്യങ്ങളില്‍ ഗുണകാംക്ഷ കാണിക്കുക, ഭരണകര്‍ത്താക്കള്‍ അശ്രദ്ധരാവുമ്പോള്‍ അവരെ ഓര്‍മിപ്പിക്കുക, സത്യത്തില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, അല്ലാഹുവിന് എതിരാവാത്ത കാര്യങ്ങളില്‍ അവരെ അനുസരിക്കുക മുതലായവ പ്രജകളുടെ ബാധ്യതയാണ്. കാര്യങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടു പോവുന്നതിനും സമൂഹത്തില്‍ സമാധാനവും നന്‍മയും നിലനില്ക്കുന്നതിനും ഇത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍. അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളെയും അനസരിക്കുവിന്‍ (4:59).

രാജ്യത്തിന്റെ പൊതുനന്‍മയും പൗരന്‍മാരുടെ ക്ഷേമവും മുന്‍നിര്‍ത്തി ഭരണകര്‍ത്താക്കള്‍ മുന്നോട്ടു വെയ്ക്കുന്ന നിയമനിര്‍ദേശങ്ങള്‍ അല്ലാഹുവിന്റെ കല്പനക്ക് എതിരാവുന്നില്ലെങ്കില്‍ ഭരണീയര്‍ അനുസരിക്കണം. ഭരണാധികാരി കാര്യനിര്‍വഹണത്തിന്റെ സൗകര്യത്തിന്നായി വല്ലവരെയും ചുമതലപ്പെടുത്തുകയോ മന്ത്രിമാരോ ഗവര്‍ണര്‍മാരോ ആയി നിയമിക്കുകയോ ചെയ്യുകയാണെങ്കില്‍ അവരെയും അനുസരിക്കേണ്ടത് ഭരണീയരുടെ ബാധ്യതയാണ്. അനസ് ബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഉണങ്ങിയ മുന്തിരി പോലെ തോന്നുന്ന തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയായി നിയമിക്കപ്പെട്ടതെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക (സ്വഹീഹുല്‍ ബുഖാരി. 7142). 

ഭരണീയരോടുള്ള ബാധ്യതകള്‍ മനസ്സിലാക്കി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ഒരു ഭരണാധികാരിയുടെ ഭാഗത്തു നിന്നുപോലും ചിലപ്പോള്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. ജനങ്ങളാല്‍ തെരഞ്ഞെടുക്ക പ്പെടുകയോ ജനങ്ങളുടെ കാര്യങ്ങള്‍ ഏല്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഭരണ കര്‍ത്താവിനെ കേള്‍ക്കാനും അനുസരിക്കാനും പ്രജകള്‍ എപ്പോഴും തയ്യാറാവണം. വാഇല് ബ്‌നു ഹുജുര്‍(റ) പറയുന്നു: സലമ(റ) നബിയോട് ചോദിച്ചു: പ്രവാചകരേ, ചില ഭരണാധികാരികള്‍ ഞങ്ങളെ ഭരിക്കുന്നു. ഞങ്ങളില്‍ നിന്ന് അവര്‍ക്കുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങുകയും ഞങ്ങള്‍ക്ക് അവരില്‍ നിന്നുള്ള അവകാശങ്ങള്‍ അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്ന് താങ്കള്‍ പറഞ്ഞുതന്നാലും. നബി(സ്വ) അദ്ദേഹത്തില്‍ നിന്നും തിരിഞ്ഞു കളഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക'. അവരുടെ ബാധ്യത അവര്‍ക്കുണ്ട്. (അവര്‍ ആ കാര്യത്തില്‍ വിചാരണ ചെയ്യപ്പെടും) നിങ്ങളുടെ ബാധ്യത നിങ്ങള്‍ക്കുമുണ്ട് (സ്വഹീഹ് ജാമിഅ് 4088). 

ഇസ്‌ലാമിക ഭരണമോ ഇസ്‌ലാമികേതര ഭരണകൂടമോ ആവട്ടെ നിയമങ്ങള്‍ കൈയിലെടുക്കാന്‍ ശ്രമിക്കരുതെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഇസ്‌ലാമികേതര ഭരണകൂടം ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന കാരണത്താല്‍ അവരെ ധിക്കരിക്കാന്‍ പാടുള്ളതല്ല. ഇസ്‌ലാമിക ഭരണം നിലനില്ക്കുന്ന രാഷ്ട്രങ്ങളില്‍ പോലും ക്രിമിനല്‍ നിയമങ്ങളെ വ്യക്തികള്‍ കൈയിലെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മുസ്‌ലിം തന്റെ വിശ്വാസവും അനുഷ്ഠാനവും പരസ്യപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ ജീവനു ഭീഷണിയുണ്ടാവുന്ന സാഹചര്യങ്ങളില്‍   വിശ്വാസ വും കര്‍മവും ഗോപ്യമാക്കി വെച്ചിട്ട് ജീവിക്കാന്‍ അല്ലാഹു അനുമതി നല്കുന്നു. ഭരണകര്‍ത്താക്കള്‍ നന്‍മയും നീതിയും നടപ്പിലാക്കുമ്പോള്‍ അവരെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഭരണീയരുടെ ബാധ്യതയാണ്. ഭരണാധികാരം ആഗ്രഹിക്കുകയോ ചോദിച്ചു വാങ്ങുകയോ ചെയ്യാത്ത ആളുകള്‍ക്ക് വിശ്വാസപൂര്‍വം അത് ഏല്പിച്ചു കൊടുക്കുകയും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പരമാവധി അവരെ സഹായിക്കുകയും ചെയ്യേണ്ടത് പ്രജകളുടെ ബാധ്യതയാണ്.

 

Feedback