ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഉത്തരവാദിത്വത്തിന് കീഴില്‍ വരുന്നവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ് സമൂഹത്തില്‍ സുസ്ഥിതിയുണ്ടാവുന്നത്. രാജ്യത്തിന്റെ ഭരണമോ സ്ഥാപനത്തിന്റെ നടത്തിപ്പോ സംഘടനയുടെ നേതൃത്വമോ ഏതായാലും വിശ്വസിച്ചേല്പിക്കേണ്ട (അമാനത്ത്) ഉത്തരവാദിത്വങ്ങളാണ്. ഭരണീയരോട്, അണികളോട്, അനുയായികളോട്, കീഴ് ജീവനക്കാരനോട് എല്ലാമുള്ള ബാധ്യതകള്‍ എന്താണെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ഭരണാധികാരികള്‍ പ്രജകളോടും നേതാക്കന്മാര് അനുയായികളോടും വിനയപൂര്‍വം വര്‍ത്തിക്കേണ്ടവരാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ''വിശ്വാസികളില്‍ നിന്ന് താങ്കളെ അനുഗമിച്ചവര്‍ക്ക് താങ്കളുടെ വിനയത്തിന്റെ ചിറകുകള് താഴ്ത്തിക്കൊടുക്കുക'' (26: 215).
ഭരണീയരോടുള്ള വിശ്വാസ്യത പൂര്‍ണാര്‍ഥത്തില്‍ കഴിവിന്റെ പരമാവധി പാലിച്ച് ജീവിക്കാനത്രെ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്. നബി(സ്വ) പറഞ്ഞു: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് നിങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് (സ്വഹീഹ് അദബില് മുഫ്റദ്: 151).
ഭരണീയരുടെ ക്ഷേമവും സുസ്ഥിതിയുമായിരിക്കണം ഭരണകര്‍ത്താക്കള്‍ ലക്ഷ്യം വെയ്ക്കേണ്ടത്. അവരോട് നീതിയും നന്മയും പുലര്‍ത്തി ജീവിക്കുകയും വേണം. അല്ലാഹു കല്പിക്കുന്നു: ഒരു ജനതയോടുള്ള ശത്രുത നീതി പാലിക്കാതിരിക്കാന്‍ ഒരിക്കലും നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കുവീന്‍. അതാണ് ഭയഭക്തിയോട് ഏറ്റവും അടുത്തത് (5:8).
ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തി പ്രവര്‍ത്തിക്കുന്നതിന് ഉത്തരവാദിത്വമുള്ളവനാണ് ഭരണാധികാരി. ജനങ്ങള്‍ക്ക് അവകാശപ്പെട്ട നന്മയും സേവനവും ചെയ്തു കൊടുക്കുന്നതിന് അവരില്‍ നിന്ന് പ്രതിഫലമോ പാരിതോഷികമോ വേണമെന്ന് നിബന്ധന വെക്കുന്നതോ നിര്‍ബന്ധിക്കുന്നതോ മതദൃഷ്ട്യാ തെറ്റാണ്. അത്തരം കാര്യങ്ങള്‍ കൈക്കൂലിയുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. കൈക്കൂലി ഇസ്ലാമില്‍ നിഷിദ്ധമാക്കപ്പെട്ട ഒരു സമ്പാദ്യമാണ്. ഭരണകര്‍ത്താവ് നീതിമാനായിരിക്കുക എന്നതാണ് ഭരണീയരോട് നിര്‍വഹിക്കേണ്ട പ്രഥമ ബാധ്യത. കക്ഷി താത്പര്യങ്ങളോ സ്വാര്‍ഥ ചിന്തകളോ പിടി കൂടാതെ ഭരണീയരോട് നീതി പുലര്‍ത്തി ജീവിക്കണം. നബി(സ്വ) അരുളി: ഏതെങ്കിലും ഒരുവനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരം ഏല്പിച്ചിട്ട് അവരെ വഞ്ചിച്ചു കൊണ്ട് അവന് മരിക്കുകയാണെങ്കില്‍ സ്വര്‍ഗം അവന്ന് നിഷിദ്ധമാക്കാതിരിക്കുകയില്ല (സ്വഹീഹ് മുസ്ലിം. 142).
ഭരണകര്‍ത്താവിന് ഭരണീയരോടുള്ള പ്രഥമ ബാധ്യത അവരുടെ സേവകനും ഗുണകാംക്ഷിയുമായി മാറുക എന്നതാണ്. എളിമയോടു കൂടി പെരുമാറാനും അടുപ്പമുള്ള ബന്ധം കാത്തു സൂക്ഷിക്കാനും ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ഏതെങ്കിലും ഒരു ഭരണാധികാരി മുസ്ലിംകളുടെ പ്രശ്നം ഏറ്റെടുക്കുകയും എന്നിട്ട് അവന് അവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയും അവര്‍ക്ക് ഗുണം കാംക്ഷിക്കുകയും ചെയ്താല്‍ അവരോടൊപ്പം അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല (സ്വഹീഹുത്തര്‍ഗീബ്. 2205).
ഒരു ഭരണാധികാരി എവ്വിധമാണ് ഭരണീയരോട് പെരുമാറേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഖലീഫ ഉമര്‍(റ). രാത്രികാലങ്ങളില്‍ പോലും ഉറക്കമിളച്ച് പ്രജകളുടെ ജീവിതാവസ്ഥകള്‍ അന്വേഷിക്കാന്‍ അദ്ദേഹം ഇറങ്ങിത്തിരിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്തിരുന്നു. ഭരണകര്‍ത്താക്കളും നേതാക്കളും പ്രജാക്ഷേമ തത്പരരാണെങ്കില്‍ അവര്‍ക്ക് സുഖനിദ്രയുണ്ടാവില്ല എന്ന് ഖലീഫ ഉമറിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പൊതുഖജനാവിലെ പണം സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് ആഡംബരമില്ലാതെ ജീവിക്കാനും ലാളിത്യത്തിന്റെ ഉത്തമ മാതൃക കാണിച്ചു കൊടുക്കാനുമായിരുന്നു ഉത്തമ നൂറ്റാണ്ടിലെ ഖലീഫമാര്‍ ശ്രദ്ധിച്ചിരുന്നത്.