Skip to main content

ഭാര്യയോടുള്ള ബാധ്യതകള്‍

വിവാഹമെന്ന ബന്ധത്തിലൂടെ ഇണയായി ജീവിക്കാന്‍ ബാധ്യതപ്പെട്ട വരായി മാറുകയാണ് ദമ്പതികള്‍. ദമ്പതിമാര്‍ പരസ്പരമുള്ള ബാധ്യതകള്‍ തിരിച്ചറിഞ്ഞ് കഴിയും വിധം അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ദാമ്പത്യജീവിതം ആഹ്ലാദകരമായിത്തീരുന്നത്. നല്ല സഹവാസത്തിലൂടെ സ്‌നേഹബന്ധത്തിന് പോറലേല്‍ക്കാതെ കാത്തുകൊള്ളാന്‍ ഇരുവരും ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു കല്പിക്കുന്നു. ''നിങ്ങള്‍ അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍. നിങ്ങള്‍ക്ക് അവരോട് ഇഷ്ടക്കേട് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുവിന്‍. നിങ്ങള്‍ ഒരു സംഗതി വെറുക്കുകയും അല്ലാഹു അതില്‍ ധാരാളം നന്‍മകള്‍ നിശ്ചയിക്കുകയും ചെയ്തുവെന്നു വരാം'' (4:19). 

ഭിന്നസ്വഭാവങ്ങളും താത്പര്യങ്ങളും ഉള്ള രണ്ടു വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നായിച്ചേരുമ്പോള്‍ പിണങ്ങളും അസ്വാരസ്യങ്ങളും സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കും ക്ഷമയ്ക്കും തയ്യാറാവുകയാണ് വേണ്ടത്. ഒരു മനുഷ്യന്റെ സത്‌സ്വഭാവം ഇസ്‌ലാം വിലയിരുത്തുന്നത് പുറംലോകത്തെ അവന്റെ പെരുമാറ്റത്തെ പരിഗണിച്ചല്ല. പ്രത്യുത കുടുംബത്തില്‍, ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് സത്‌സ്വഭാവി എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ ഭാര്യയോട് സൗമ്യമായി പെരുമാറുന്നവന്റെ വിശ്വാസമാണ് ഏറ്റവും പൂര്‍ണതയുള്ളത് (സുനനു തിര്‍മിദി: 2612). 

ഭാര്യയ്ക്കു വേണ്ട ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയും അനുബന്ധമായ ചെലവുകളും നല്കല്‍ ഭര്‍ത്താവിന്റെ കടമയില്‍ പെട്ടതാണ്. അല്ലാഹു പറഞ്ഞു. ''അവര്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‌കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു (2:233). പുരുഷന്‍മാര്‍ സ്ത്രീകളുടെ സംരക്ഷകരാണ്. അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതിനാലും അവരുടെ ധനങ്ങളില്‍ നിന്നും അവര്‍ ചെലവഴിക്കുന്നതു കൊണ്ടും (4:34). അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവിതച്ചെലവ് വഹിക്കുവാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. ഭര്‍ത്താവിന്റെ സാമ്പത്തിക അവസ്ഥയ്ക്കനുസരിച്ച് ചെലവ് ചെയ്യാന്‍ അയാള്‍ ശ്രമിക്കണം. ഭാര്യയുടെ വായില്‍ എത്തിക്കുന്ന ഓരോ ഭക്ഷണത്തിനും പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഈ ബാധ്യത നിര്‍വഹിക്കാതെ ഭര്‍ത്താവ് പെരുമാറുകയാണെങ്കില്‍ അയാളുടെ അനുവാദം കൂടാതെ ചെലവിന് മതിയായ തുക എടുക്കുന്നതിനും അനുവാദം നല്കിയിട്ടുണ്ട്. ആഇശ(റ) പറയുന്നു: ഹിന്ദ് എന്ന സ്ത്രീ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ, അബൂസുഫ്‌യാന്‍ ഒരു പിശുക്കനാണ്. അദ്ദേഹം എനിക്കും കുട്ടികള്‍ക്കും ആവശ്യത്തിന് തികയുന്ന ചെലവ് നല്കുന്നില്ല. അദ്ദേഹമറിയാതെ അദ്ദേഹത്തിന്റെ സ്വത്തില്‍ നിന്ന് ഞാന്‍ വല്ലതുമൊക്കെ എടുത്താലല്ലാതെ. നബി(സ്വ) പറഞ്ഞു: നിനക്കും നിന്റെ കുട്ടികള്‍ക്കും മിതമായ തോതില്‍ മതിയാകുന്നതു വരെയും നീ എടുത്തുകൊള്ളുക (സ്വഹീഹു മുസ്‌ലിം 5364 ).

ഭാര്യയുമായി വിനോദിക്കാനും ഉല്ലസിക്കാനും സമയം കണ്ടെത്തുമ്പോഴാണ് ജീവിതം ആഹ്ലാദകരമായിത്തീരുന്നത്. സംശുദ്ധ ദാമ്പത്യജീവിതത്തിലൂടെ തന്റെ വൈകാരിക ശമനം ഭര്‍ത്താവിലൂടെ മാത്രം കണ്ടെത്തുവാന്‍ അവള്‍ക്കു സാധിക്കുന്ന വിധത്തില്‍ സഹവസിക്കാന്‍ പുരുഷന്‍ ശ്രദ്ധിക്കേണ്ടതാണ്. അംറുബ്‌നു ആസ്വ്(റ) പരലോക രക്ഷ ലഭിക്കുവാന്‍ വേണ്ടി ആരാധനയില്‍ മുഴുകി ജീവിക്കുകയും ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയില്ലെന്ന് സത്യം ചെയ്തു പറയുകയും ചെയ്തപ്പോള്‍ നബി(സ്വ) അതിനെ ശക്തമായി എതിര്‍ത്തു. എന്നിട്ട് അദ്ദേഹത്തോടു പറഞ്ഞു: 'നിന്റെ ഭാര്യയോട് നീ ഒരു ബാധ്യത നിറവേറ്റേണ്ടതുണ്ട്' (മുസ്‌നദ് അഹ്മദ് 11/96).

ഇണക്കമുള്ള ദാമ്പത്യജീവിതത്തിന് ഇമ്പം പകരുന്ന വിധത്തിലായിരിക്കണം ഭാര്യ ഭര്‍ത്താക്കന്‍മാര്‍ വീടുകളില്‍ പെരുമാറേണ്ടത്. പരസ്പരം വിട്ടുവീഴ്ച ചെയ്തും കാര്യങ്ങളില്‍ കൂടിയാലോചന നടത്തിയും വീട്ടുജോലികളില്‍ പരസ്പരം സഹകരിച്ചും ഹൃദ്യമായ ബന്ധം ദമ്പതികള്‍ക്കിടയില്‍ നിലനില്‍ക്കേണ്ടതുണ്ട്. നബി(സ്വ)   സഹധര്‍മിണിയായ ആഇശ(റ)യുടെ കൂടെ അടുക്കള ജോലിയില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പരസ്പരം സഹായിച്ചും സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്ന ദമ്പതിമാര്‍ വീടകങ്ങളെ സന്തുഷ്ടമാക്കുന്നു. സ്വാസ്ഥ്യം നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന സന്താനങ്ങളും ധാര്‍മിക ബോധമുള്ളവരും ദീനീ ചിട്ടയുള്ളവരുമായി വളരുന്നു. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിശ്ചയമായും നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അവരെ നിങ്ങള്‍ സൂക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ മാപ്പു ചെയ്യുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുക്കുകയുമാണെങ്കില്‍ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധി യുമാണ്' (64:14).

ദമ്പതിമാര്‍ തമ്മിലുണ്ടാവേണ്ട ബന്ധത്തെ ഖുര്‍ആന്‍ ഉപമിച്ചത് വസ്ത്രത്തോടാണ്. അത്രമേല്‍ പവിത്രമായ ഹൃദയബന്ധം കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ദമ്പതികള്‍. കിടപ്പറ രഹസ്യങ്ങളും ന്യൂനതകളും മറ്റുള്ളവരോട് പറയുന്നത് ഇസ്‌ലാം ശക്തിയായി നിരോധിക്കുന്നു. നബി(സ്വ) പറഞ്ഞു: നിശ്ചയം പരലോകത്ത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ദുഷ്ടനായ മനുഷ്യന്‍ തന്റെ ഭാര്യയുമായി ഇണങ്ങിച്ചേര്‍ന്നതിനു ശേഷം അവളുടെ രഹസ്യം പുറത്തുവിടുന്നവനാകുന്നു (അല്‍ജാമിഅ് 2007).

മാന്യവും പക്വവുമായ പെരുമാറ്റത്തിലൂടെ തണലും തുണയുമായി നില്ക്കാന്‍ ദമ്പതിമാര്‍ക്ക് സാധിക്കേണ്ടതുണ്ട്. ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ നീതി പാലിക്കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്. ഭക്ഷണം, പാര്‍പ്പിടം, കൂടെയുള്ള താമസം തുടങ്ങിയ നീതി പാലിക്കാന്‍ സാധിക്കാവുന്നതിലെല്ലാം നീതി പാലിക്കണം. നബി(സ്വ)പറഞ്ഞു. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാവുകയും എന്നിട്ട് അവരിലൊരാളി ലേക്ക് അവന്‍ ചായുകയും ചെയ്താല്‍ അവന്‍ ഒരു ഭാഗം ചെരിഞ്ഞായിരിക്കും അന്ത്യനാളില്‍ വരിക (ഇബ്‌നുമാജ 2045). നബി(സ്വ) ഭാര്യമാര്‍ക്കിടയില്‍ നീതിപൂര്‍വം കാര്യങ്ങള്‍ ഭാഗിച്ചിരുന്നു. ഭര്‍ത്താവ് തന്റെ കഴിവിനനുസരിച്ച് സാധ്യമായ കാര്യങ്ങളില്‍ നീതിമുറയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ജാഗ്രതയാണ് ഉണ്ടാവേണ്ടത്. മാനുഷികമായ പരിമിതികള്‍ ഉണ്ടായേക്കാം. അല്ലാഹു പറയുന്നു. ''നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ സാധിക്കുകയില്ല''. ബോധപൂര്‍വമല്ലാത്ത വീഴ്ചകള്‍ അല്ലാഹു മാപ്പാക്കുമെങ്കിലും കഴിവതും എല്ലാവര്‍ക്കുമിടയില്‍ നീതി പാലിച്ചുവെന്ന് ഉറപ്പിക്കുന്ന വിധം ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഭര്‍ത്താവിന് സാധിക്കണം. 

 

Feedback