നിരോധിക്കപ്പെട്ട ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ രണ്ടാമതായ എണ്ണിയത് രക്തത്തെയാണ്. ഒഴുകുന്ന രക്തം എന്ന പരാമര്‍ശത്തിലൂടെ ഖുര്‍ആന്‍ വചനം (6:145) അതിന് വിശദീകരണവും നല്‍കി.
അജ്ഞാന കാലത്തെ സമൂഹത്തില്‍ മൂര്‍ച്ചയുള്ള ആയുധമോ അസ്ഥിയോ എടുത്ത് മൃഗത്തെ മുറിവേല്‍പ്പിച്ച് അതില്‍ നിന്നൊഴുകുന്ന രക്തം ശേഖരിച്ചു കുടിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരം മൃഗപീഡന രീതികള്‍ ഇസ്‌ലാം വിലക്കി. ഇത് ജീവജാലങ്ങള്‍ക്ക് ദ്രോഹം വരുത്തിവെക്കുന്നതോടൊപ്പം അവയില്‍ നിന്നൊഴുകുന്ന രക്തം ഭക്ഷ്യപദാര്‍ഥമായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒഴുകുന്ന രക്തം ഖണ്ഡിതമായി വിരോധിച്ചു. മാംസത്തിലും അതിന്റെ ഞരമ്പുകള്‍ക്കിടയിലും അറവിന് ശേഷം അവശേഷിക്കുന്ന കുറഞ്ഞ രക്തത്തിന്റെ കാര്യത്തില്‍ ഇളവ് അവസാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശാസ്ത്രവസ്തുതകളും ഇസ്‌ലാമിന്റെ തത്ത്വത്തിനനുകൂലമാണ്.
ഒഴുകുന്ന രക്തമാണ് നിഷിദ്ധ ഭക്ഷ്യത്തിന്റെ ഗണത്തില്‍പ്പെടുന്നത്. പ്ലീഹ, കരള്‍ തുടങ്ങിയവ രക്തക്കട്ടകള്‍ പോലെ തോന്നുമെങ്കിലും നിഷിദ്ധമാകുന്നില്ല. പാത്രത്തില്‍ രക്തത്തിന്റെ വരകളുണ്ടായിരിക്കെ നബി(സ്വ) മാംസം ഭക്ഷിക്കാറുണ്ടായിരുന്നുവെന്ന് ആഇശ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്ലീഹയെക്കുറിച്ച് ഇബ്‌നു അബ്ബാസി(റ)നോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങളത് ഭക്ഷിക്കുക. അവര്‍ ചോദിച്ചു. അത് രക്തമാണല്ലോ? അദ്ദേഹം പറഞ്ഞു. ''ഒഴുക്കപ്പെട്ട രക്തം മാത്രമാണ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്.