അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കായി അറുക്കപ്പെട്ടതിന്റെ മാംസം ഭക്ഷിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി. സകല ജീവജാലങ്ങളുടെയും സ്രഷ്ടാവായ അല്ലാഹു മനുഷ്യനു വേണ്ടി അവയെയെല്ലാം അധീനപ്പെടുത്തി കൊടുത്തു. ജീവജാലങ്ങളെ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. മനുഷ്യനന്മയ്ക്കായി അവയുടെ ജീവന്‍ ഹനിക്കുന്നത് അനുവദനീയമാക്കുകയും ചെയ്തു. അല്ലാഹുവല്ലാത്തവരുടെ പ്രീതിക്കായി അറുക്കുന്നതോടുകൂടി ആ മാംസം നിഷിദ്ധമായിത്തീരുന്നു. അജ്ഞാനകാലത്തെ ബിംബാരാധകര്‍ ലാത്ത, ഉസ്സാ എന്നീ വിഗ്രഹങ്ങളുടെ നാമത്തില്‍ ബലിയറുക്കാറുണ്ടായിരുന്നു. അത് അവര്‍ക്കുള്ള ആരാധനയും സമര്‍പ്പണവുമായതിനാല്‍ കൊടിയ പാപമായ ശിര്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ''അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി അറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു''.
വിഗ്രഹം, കുരിശ്, ഈസാ, മൂസാ, കഅ്ബ ഇങ്ങിനെയുള്ളതിന്റെ പേരിലൊക്കെ അറുക്കപ്പെടുന്നത് നിഷിദ്ധങ്ങളുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. കഅ്ബക്ക് ചുറ്റുഭാഗങ്ങളിലായി മുന്നൂറ്റി അറുപത് പ്രതിഷ്ഠകളുായിരുന്നു. ആ പ്രതിഷ്ഠകളുടെ അരികില്‍ വെച്ച് നേര്‍ച്ചയാക്കപ്പെട്ട ബലിമൃഗങ്ങള്‍ അറുക്കപ്പെട്ടിരുന്നു. ആ ബലിക്കല്ലുകള്‍ക്കും പ്രതിഷ്ഠകള്‍ക്കും മഹത്വവും ആദരവും അവര്‍ കല്പിച്ചുപോന്നിരുന്നു. ഇത് ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണ് എന്നതിനാല്‍ അത് നിരോധിക്കപ്പെട്ടു. അല്ലാഹുവല്ലാത്തവര്‍ക്കായി ശബ്ദിക്കപ്പെട്ടവ നിഷിദ്ധമാണെന്ന് പരാമര്‍ശിച്ചശേഷം പ്രതിഷ്ഠകള്‍ക്കായി അറുക്കപ്പെട്ടത് പ്രത്യേകം പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ് (5:3).
അല്ലാഹു അല്ലാത്തവരുടെ പ്രീതി നേടണമെന്നാഗ്രഹിച്ചുകൊണ്ട് അറുക്കുന്നത് എല്ലാം നിഷിദ്ധമാണ്. അറുക്കുന്നവന്‍ മുസ്‌ലിമായാലും അവന്‍ അല്ലാഹുവിന്റെ നാമമുച്ചരിച്ച് ബലി നടത്തിയാലും ആ അറുത്ത മാംസം നിഷിദ്ധമാണ്. അവ ഭക്ഷിക്കാവതല്ല. മഹാന്മാരുടെ ഖബ്‌റുകളെ ആദരിക്കാന്‍ ബലിമൃഗത്തെ അറുക്കുന്നതും നബി(സ്വ) നിരോധിച്ചു.