Skip to main content

പന്നി മാംസം

നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങളില്‍പ്പെട്ടതാണ് പന്നിമാംസം.  നിഷിദ്ധ ഭക്ഷ്യപദാര്‍ഥങ്ങള്‍ എണ്ണി പറഞ്ഞപ്പോള്‍ ഖുര്‍ആനില്‍ നാലിടങ്ങളില്‍ (2:173, 5:3, 6:145, 16:115) പന്നിമാംസം (ലഹ്മുല്‍ ഖിന്‍സീര്‍) എന്ന് പ്രയോഗിച്ചിട്ടുണ്ട്. സാധാരണ നിലക്ക് ഭക്ഷ്യയോഗ്യമായത് മാംസം ആയത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. എങ്കിലും പന്നിയുടെ എല്ല് മുതലായ അംശങ്ങളും വിരോധത്തിന്റെ പരിധിയില്‍പെടുന്നു. മ്ലേഛകരം (രിജ്‌സ്) എന്ന് പറഞ്ഞുകൊണ്ടാണ് അല്ലാഹു പന്നിമാംസത്തെ നിരോധിച്ചിരിക്കുന്നത്. പന്നി അറുക്കപ്പെടാതെയും അല്ലെങ്കിലും എല്ലാവിധത്തിലുള്ള മ്ലേഛങ്ങള്‍ അതിലുള്ളതിനാല്‍ അത് നിഷേധം തന്നെയാണ്.

ആധുനിക വൈദ്യശാസ്ത്രവും പന്നിമാംസം ഭുജിക്കുന്നതു കൊണ്ടുള്ള ദോഷവശങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയതിന്റെ പിന്നില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ മുഖേന വെളിപ്പെട്ട കാര്യങ്ങള്‍ക്കുപരി മറ്റു ചില ലക്ഷ്യങ്ങളും തത്ത്വങ്ങളുമൊക്കെ ഉണ്ടാകുകയും ചെയ്യും.

പന്നിമാംസം നിഷിദ്ധമാക്കപ്പെട്ടതുപോലെ അതിന്റെ കൊഴുപ്പും നിഷിദ്ധമാണ്. മാംസത്തില്‍ കൊഴുപ്പ് കൂടി ഉള്‍പ്പെടുമെന്ന് ഒരു സംഘം പണ്ഡിതന്മാര്‍ പറഞ്ഞത് ഇമാം ശൗകാനി ഫത്ഹുല്‍ഖദീറില്‍ (വാള്യം 1 : 70) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പന്നിയുടെ രോമം നിഷിദ്ധത്തിന്റെ പരിധിയില്‍ പെടുന്നില്ല എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഖുര്‍തുബി രേഖപ്പെടുത്തുന്നു. ''പന്നി മുഴുവന്‍ നിഷിദ്ധമാണെന്നതില്‍ ഭിന്നാഭിപ്രായമില്ല. രോമം അതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തുന്നുന്നത് അനുവദനീയമാണ്. നബി(സ്വ)യോട് അത് തുന്നാന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അത് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഇബ്‌നുഖുവൈസ് മന്‍ദാദ്(റ) പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ''നബി(സ്വ)യുടെ കാലത്തും പിന്നീടും ഇങ്ങനെ അത് ഉപയോഗിക്കപ്പെട്ടിരുന്നു. നബി(സ്വ)യോ ഇമാമുകളോ അത് വിലക്കിയതായി നമ്മുക്കറിവില്ല (തഫ്‌സീറുല്‍ ഖുര്‍തുബി - 1:601). ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയും പന്നിയുടെ രോമം മലിനമായി കാണാന്‍ കഴിയില്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിക്കാണുന്നത്. ''ജീവനുള്ളപ്പോള്‍ ശുദ്ധിയുള്ള എലി, ആട് മുതലായവയുടെ രോമം അവ ചത്തതിന് ശേഷവും മലിനമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നായ, പന്നി എന്നിവയടക്കമുള്ള മുഴുവന്‍ ജന്തുക്കളുടെയും രോമം ശുദ്ധിയുള്ളതാണെന്ന അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത് (മജ്മുഅ് ഫതാവാ - വാള്യം 121:617).

പന്നിയുമായി പേരില്‍ മാത്രം സാദൃശ്യമുള്ള മുള്ളന്‍പന്നി, കടല്‍പന്നി എന്നിവ നിഷിദ്ധമാക്കപ്പെട്ട പന്നിയുടെ ഗണത്തില്‍ ഉള്‍പ്പെടുകയില്ല. ഖുര്‍ആനിലോ നബിവചനങ്ങളിലോ അത് പ്രത്യേകം നിരോധിക്കപ്പെട്ടിട്ടില്ല. മുള്ളന്‍പന്നിയുടെ മുള്ള് ശുദ്ധിയുള്ളതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ചത്തതിന് ശേഷം എടുത്തതാണെങ്കിലും അത് ശുദ്ധിയുള്ളതാണെന്ന അഭിപ്രായമാണ് ഇമാം അഹ്മദിന്റെയും ഭൂരിപക്ഷ പണ്ഡിതന്മരുടെയുമെന്ന് ഇമാം ഇബ്‌നു തൈമിയ്യ പ്രസ്താവിച്ചിട്ടുണ്ട് (മജ്മുഅ് ഫതാവ വാള്യം 21:622).

മുള്ളന്‍ പന്നി, കടല്‍പന്നി എന്നിവ ഖുര്‍ആനിലെ നിരോധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ലെന്നും അത് പന്നിയോട് പേരില്‍ മാത്രം സാദൃശ്യമുള്ളതാണെന്നും ഇബ്‌നുഹസം(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
                                                                 

 


 

Feedback