Skip to main content

ശവം

അറുക്കാനോ വേട്ടയാടാനോ ഉദ്ദേശിച്ച് കൊണ്ടുള്ള മനുഷ്യപ്രയത്‌നത്താലല്ലാതെ സ്വാഭാവികമായോ അപകടത്താലോ ചാവുന്ന മൃഗങ്ങളോ പക്ഷികളോ ആണ് ശവം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ശവം മനുഷ്യന് നിഷിദ്ധമാക്കിയതിലും അവ ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കണമെന്ന് മതം നിഷ്‌കര്‍ഷിച്ചതിലുമുള്ള യുക്തി ഒട്ടൊക്കെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ശുദ്ധപ്രകൃതി തന്നെ ശവത്തെ മലിനമായി കാണുകയും അതിനെ ഭക്ഷണമായി ഉപയോഗിക്കുന്നതിനെ വെറുക്കുകയും ചെയ്യുന്നു. വേദക്കാരായ സമുദായങ്ങളെല്ലാം അതിനെ നിഷിദ്ധമാക്കിയിട്ടുണ്ട്. അറുക്കാതെ ചത്തവ മിക്കപ്പോഴും വിഷച്ചെടികള്‍ തിന്നതോ യാദൃഛികമോ ദീര്‍ഘമോ ആയ രോഗത്താലോ മറ്റോ ജീവന്‍ നഷ്ടപ്പെട്ടവ ആയിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അവ നിരുപദ്രവകരങ്ങളാണെന്ന് ഉറപ്പിക്കാനാവില്ല. ശവം മനുഷ്യന് നിഷിദ്ധമാക്കിയതിലൂടെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മറ്റ് ജീവികള്‍ക്കും അവ ഉപയോഗിക്കാനും ഭക്ഷിക്കാനുമുള്ള സന്ദര്‍ഭമൊരുക്കുകയാണ് കരുണാവാരിധിയായ അല്ലാഹു ചെയ്തിരിക്കുന്നത്. നമ്മെപ്പോലെയുള്ള സമുദായങ്ങളായി അവയേയും പരിഗണിക്കണമെന്ന ആഹ്വാനം(വി.ഖു 6:38) ഈ ഒരു മതനിയമത്തിലൂടെ പ്രകടമായിക്കാണാം.   

വിശുദ്ധഖുര്‍ആന്‍ വിവരിച്ച വിരോധിക്കപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങളില്‍ ഒന്നാമത്തേത് ശവമാണ്. അല്ലാഹു പറയുന്നു: ശവം നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു (5:3, 2:173, 6:145, 16:115). എന്നാല്‍ നിഷിദ്ധമാക്കപ്പെട്ട ശവങ്ങളില്‍നിന്ന് മത്സ്യത്തെയും അതുപോലെയുള്ള ജല ജീവികളെയും ഒഴിവാക്കിയിട്ടുണ്ട്. ജാബിര്‍(റ) പറയുന്നു: ''ഒരിക്കല്‍ നബി(സ്വ) തന്റെ അനുരചരന്മാരില്‍ ഒരു സംഘത്തെ ഒരിടത്തേക്ക് നിയോഗിച്ചു. സമുദ്രത്തില്‍ നിന്ന് കരക്കടിഞ്ഞ ഒരു വലിയ മത്സ്യം അവര്‍ക്കു ലഭിച്ചു. അവര്‍ അതില്‍ നിന്നുള്ള ആഹാരം ഇരുപതു ദിവസം കഴിച്ചു. അവര്‍ മദീനയിലെത്തിയപ്പോള്‍ വിവരം നബി(സ്വ)യെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ഭക്ഷണം നിങ്ങള്‍ കഴിക്കുക. നിങ്ങളുടെ അടുക്കല്‍ അതുണ്ടെങ്കില്‍ നമ്മെ ഭക്ഷിപ്പിക്കുകയും ചെയ്യുക. അപ്പോള്‍ ചിലര്‍ അതില്‍ നിന്ന് കുറച്ച് നബി(സ്വ)ക്ക് കൊടുക്കുകയും അദ്ദേഹം അത് ആഹരിക്കുകയും ചെയ്തു (ഗായത്തുല്‍ മറാം 23). വെട്ടുകിളിക്കൂട്ടങ്ങളെ അറുക്കുന്നത് അസാധ്യമാണ്. അവ ചത്തതാണെങ്കിലും അവ ഭക്ഷിക്കാവുന്നതാണ്. നബി(സ്വ)യുടെ അനുചരന്മാര്‍ അത് ഭക്ഷിക്കാറുണ്ടായിരുന്നു. ഇബ്‌നു അബീഔഫ്(റ) പറയുന്നു. ''ഞങ്ങള്‍ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു (സുനനു തിര്‍മിദി- 1822).

വിശുദ്ധഖുര്‍ആനില്‍ ഖണ്ഡിതമായി നിരോധിക്കപ്പെട്ടിട്ടുള്ളത് പത്തുതരം മാംസങ്ങളാകുന്നു. ശവവും രക്തവും പന്നിമാംസവും ദൈവമല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും ശ്വാസം മുട്ടിയോ അടിയേറ്റോ ചത്തതും മുകളില്‍നിന്നു താഴോട്ട് വീണു ചത്തുപോയതും തമ്മില്‍ കുത്തി ചത്തതും ഹിംസ്രജന്തുക്കള്‍ പരിക്കേല്പിച്ചതും അനന്തരം ചാകുന്നതിന് മുമ്പ് നിങ്ങള്‍ അറുത്തിട്ടുള്ളത് ഒഴികെ-പ്രതിഷ്ഠകള്‍ക്ക് ബലിയറുക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (5:3).

ശവം നിഷിദ്ധമാക്കി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചത്ത ജന്തുവിന്റെ മാംസം തിന്നുന്നത് നിഷിദ്ധമാക്കി എന്നതാണ്. മറ്റുള്ളവ ശുദ്ധവും പ്രയോജനപ്പെടുത്താവുന്നതുമാണ്. ശവത്തിന്റെ അസ്ഥി, കൊമ്പ്, നഖം, രോമം, തോല്‍, തൂവല്‍ എന്നിവയെല്ലാം ശുദ്ധമാകുന്നു. അവയുടെ മൗലിക സ്വഭാവം ശുദ്ധിയായതിനാല്‍ അത് ഉപയോഗിക്കുന്നത് അനുവദനീയമാണ്. ശവത്തിന്റെ തോല്‍ ഊറക്കിട്ടു ശുദ്ധീകരിച്ച് പ്രയോജനപ്പെടുത്തണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. സലമത്ബ്‌നു മഹ്ബകി(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: തോല്‍ ഊറക്കിടുന്നത് അതിന്റെ അറവാണ് (സ്വഫീഹു ഇബ്‌നുഹിബ്ബാന്‍: 4522). പ്രമുഖ സ്വഹാബിയായ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു. നിരോധിക്കപ്പെട്ടത് മാംസം ഭക്ഷിക്കുന്നതാണ്. എന്നാല്‍ തോല്‍, പല്ല്, എല്ല്, രോമം, മുടി തുടങ്ങിയവ ഉപയോഗിക്കുന്നത് അനുവദിക്കപ്പെട്ടതാണ് (ഇബ്‌നു മുന്‍ദിര്‍). ''ചത്തതിന്റെ രോമവും മുടിയും ശുദ്ധിയുള്ളതാണ് കാരണം, ഉമ്മുസലമയില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. നബി(സ്വ) പറഞ്ഞു. ''ഊറക്കിട്ടാല്‍ ശവത്തിന്റെ തോലും കഴുകിയാല്‍ അതിന്റെ രോമവും മുടിയും ഉപയോഗിക്കുന്നതിന് വിരോധമില്ല'' (തഫ്‌സീറുല്‍ ഖുര്‍തുബി വാള്യം 1 പേജ് 598).

ജീവനുള്ളതില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ട മാംസം നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: ജീവിക്കുന്ന ജന്തുവില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ടത് ശവമാകുന്നു (സുനനു അബൂദാവൂദ് 2858).

Feedback