Skip to main content

ഖത്തര്‍

16

വിസ്തീര്‍ണം : 11,586 ച.കി.മി
ജനസംഖ്യ : 26,41,669 (2017)
അതിര്‍ത്തി : തെക്കു പടിഞ്ഞാറ് സുഊദി അറേബ്യ, മൂന്നു ഭാഗങ്ങളില്‍ അറേബ്യന്‍ ഉള്‍ക്കടല്‍
തലസ്ഥാനം : ദോഹ
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : ഖത്തര്‍ റിയാല്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതി വാതകം
പ്രതിശീര്‍ഷ വരുമാനം : 1,27,523 ഡോളര്‍

ചരിത്രം:
1971 സെപ്തംബറില്‍ സ്വതന്ത്രരാജ്യമായി നിലവില്‍ വന്നു. അതുവരെ ബ്രിട്ടന്റെ ഭരണത്തിനു കീഴിലായിരുന്നു. സ്വതന്ത്രമാവുമ്പോൾ ശൈഖ് അഹ്‌മദ് ബിൻ അലി അൽഥാനിയായിരുന്നു ഭരണാധികാരി. ഇദ്ദേഹത്തെ സ്ഥാനഭ്രഷ്‌ടനാക്കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഖലീഫ ബിൻ ഹമദ് അൽഥാനി അമീറായി. സാമ്പത്തിക രംഗത്ത് പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയതോടെ രാജ്യം അതിവേഗം വളർന്നു. 2013 ജൂൺ 25 ന്‌ അമീറായി സ്ഥാനമേറ്റ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഇപ്പോൾ ഭരണത്തിൽ തുടരുന്നു..

1935 മുതല്‍ പെട്രോള്‍ പര്യവേക്ഷണം തുടങ്ങിയെങ്കിലും ഖനനവും കയറ്റുമതിയും ആരംഭിച്ചത് 1946ല്‍. പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തര്‍.

യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ചേരാന്‍ നിശ്ചയിച്ചങ്കിലും, അതില്‍ നിന്ന് പിന്മാറി. 1970ല്‍ താല്ക്കാലിക ഭരണഘടന നടപ്പിലാക്കി സ്വതന്ത്ര രാഷ്ട്രമാവുകയാണുണ്ടായത്.

രാജ്യത്തെ പൗരന്മാര്‍ക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. പുതിയ തലമുറക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാനായി രുപവത്കരിച്ച ഖത്തര്‍ ഫൗണ്ടേഷന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട്. 

വൈദ്യുതി നിലയങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ആധുനിക രീതിയിലുള്ള ഗതാഗത സൗകര്യങ്ങള്‍, മെട്രോ റെയില്‍ എന്നിവകാലഘട്ടത്തിനനുസരിച്ച് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു.

ഈദ്ചാരിറ്റി, ഖത്തര്‍ ചാരിറ്റി തുടങ്ങിയവ വഴി ലോകത്തെമ്പാടുമുള്ള അശരണരെയും അവശ വിഭാഗങ്ങളെയും സഹായിക്കാനുള്ള ഫണ്ടും ഖത്തര്‍ കണ്ടെത്തുന്നുണ്ട്. നിര്‍ണായക രാഷ്ട്രീയ നിലപാടുകൊണ്ട് ലോകത്ത് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട് ഖത്തര്‍ ഭരണാധികാരികള്‍. 2017 ജൂണ്‍ മുതല്‍ അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഖത്തര്‍, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന് സഹായം നല്കുന്നത് അവസാനിപ്പിക്കണം, ഇറാനുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ടു വെച്ചത്. ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍ മൂന്നു വര്‍ഷത്തോാളം ഉപരോധത്തെ നേരിട്ടു. 2021 ല്‍ നടന്ന 41ാം ഗള്‍ഫ് ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ഉപരോധം പിന്‍വലിക്കുകയും ചെയ്തു. 2022ല്‍ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യം വഹിക്കുന്നതോടെ ലോകകപ്പിന് വേദിയാകുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഖത്തര്‍.

ജനസംഖ്യയില്‍ അഞ്ചിലൊന്നു മാത്രമാണ് ഖത്തര്‍ പൗരന്മാര്‍. ഭൂരിപക്ഷവും സുന്നി മുസ്‌ലിംകളാണ്. അഞ്ച് ശതമാനത്തോളം ശിഈ മുസ്‌ലിംകള്‍ കഴിച്ചാല്‍ ശേഷിക്കുന്നവര്‍സലഫ് ആദര്‍ശധാര പിന്‍പറ്റുന്നവരാണ്. സുഊദിയെപ്പോലെത്തന്നെ ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ചിന്തകളാല്‍ പ്രചോദിതമാണ് ഖത്തറും.

നിയമനിര്‍മാണത്തിന്റെ പ്രധാന ഉറവിടം ശരീഅത്ത് തന്നെ. നിയമ വ്യവസ്ഥ സിവില്‍, ശരീഅത്ത് നിയമങ്ങള്‍ ചേര്‍ന്നതാണ്.
 

Feedback