സ്ത്രീ വിമോചനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളില്‍ ആധുനിക കാലത്ത് രൂപം കൊണ്ട ഒരു കാഴ്ചപ്പാടാണ് ഫെമിനിസം. സ്ത്രീ സ്വത്വവാദം എന്ന് പരിഭാഷപ്പെടുത്താം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ വ്യാവസായിക വിപ്ലവാനന്തരം ലോകസാമൂഹിക രംഗത്തുണ്ടായ മാറ്റങ്ങളാണ് ഫെമിനിസ ഉത്പത്തിക്കും കാരണമായത്. പെട്ടെന്നുള്ള ശാസ്ത്ര സാങ്കേതിക വളര്‍ച്ചയിലൂടെയുണ്ടായ വ്യാവസായിക വിപ്ലവം സൃഷ്ടിച്ച തൊഴില്‍ സാധ്യതകളിലേക്ക് പുരുഷന്‍മാര്‍ മതിയാകുമായിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് സ്ത്രീകളും വ്യാപകമായി തൊഴില്‍ ശാലകളിലേക്ക് നിയോഗിക്കപ്പെട്ടത്. എന്നാല്‍ നേരത്തെ തന്നെ വീടകങ്ങളില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നവള്‍ പണിശാലകളിലും കടുത്ത വിവേചനങ്ങള്‍ക്ക് വിധേയമായി. ചൂഷിത തൊഴിലാളികള്‍ക്കു വേണ്ടി വര്‍ഗസമര സിദ്ധാന്തവുമായി പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ട കാലം കൂടിയായിരുന്നു ഇത്. ഈ സാഹചര്യമാണ് സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തിനെതിരെയുള്ള ചിന്തകള്‍ക്ക് ശക്തിപകരാനും അതൊരു പ്രസ്ഥാനമായി രൂപപ്പെടാനും കാരണമാകുന്നത്. 1848 ജൂലൈ 19-ന് ന്യൂയോര്‍ക്കിലെ വെസിലിയന്‍ ചാപ്പെലില്‍ നൂറോളം വരുന്ന സ്ത്രീകള്‍ ഒത്തുകൂടി വനിതാ വോട്ടവകാശത്തിനു വേണ്ടിയുള്ള ആശയപ്രചാരണങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന പ്രമേയം പാസ്സാക്കിയതോടെയാണ് പുതിയ സ്ത്രീവിമോചന സംഘം രംഗത്തുവന്നു തുടങ്ങിയത്. തുടര്‍ന്ന് സോഷ്യലിസം, അനാര്‍ക്കിസം, മോഡേണിസം തുടങ്ങി വ്യത്യസ്ത വീക്ഷണങ്ങളുള്ള ഫെമിനിസ്റ്റ് ചിന്താഗതികള്‍ രൂപപ്പെട്ടു.
സാമ്പത്തികമായ വര്‍ഗവിഭജനത്തിലൂടെയുള്ള സ്ത്രീവിമോചനമാണ് സോഷ്യലിസ്റ്റ് ഫെമിനിസം മുന്നോട്ടുവെക്കുന്നത്. പുരുഷനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള സ്ത്രീവിമോചന രീതിയാണ് അനാര്‍ക്കിസ്റ്റ് ഫെമിനിസം. സമൂഹത്തിലെ സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീവിമോചനം എന്നതാണ് പുരോഗമന ഫെമിനിസം. ഇവയുടെയെല്ലാം പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമാണെങ്കിലും ലക്ഷ്യങ്ങളില്‍ വലിയ മാറ്റങ്ങളില്ല. പ്രത്യുത്പാദനത്തിനും ഗര്‍ഭച്ഛിദ്രത്തിനുമുള്ള അവകാശം, സമ്മതിദാനാവകാശം, വിദ്യാഭ്യാസം, ഒരേ ജോലിക്ക് ലിംഗപരമായ വ്യത്യാസമില്ലാതെ ഒരേ കൂലി, താങ്ങാവുന്ന ശിശുസംരക്ഷണം, താങ്ങാവുന്ന ആരോഗ്യപരിപാലനം, സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും പുരുഷകേന്ദ്രീകൃത പിന്തുടര്‍ച്ചാവകാശത്തിനുമെതിരെയുള്ള സമരം തുടങ്ങിയവയാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന അജണ്ടകള്‍. വ്യഭിചാരം, ഗാര്‍ഹികതൊഴില്‍, ശിശുപരിപാലനം, വിവാഹം ഇവ സ്ത്രീകളെ പുരുഷകേന്ദ്രീകൃത സമൂഹത്തിനു ചൂഷണം ചെയ്യാനുള്ള ഉപാധികളാക്കുന്നുവെന്നും ഇതു സ്ത്രീകളുടെ സ്ഥാനത്തെ ഇടിച്ചുതാഴ്ത്തുകയും അവരുടെ ജോലിയുടെ മഹത്ത്വത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു എന്നുമെല്ലാം ഇവര്‍ സിദ്ധാന്തിക്കുന്നു.
സ്ത്രീവിമോചനത്തിന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ പൊതു സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കും സാധ്യമല്ലായിരുന്നു. അതോടെ ലോക രാഷ്ട്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് രൂപം നല്‍കി. ഐക്യരാഷ്ട്രസഭയാകട്ടെ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ച് ആചരണം തുടങ്ങി. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും പ്രത്യേക മുദ്രാവാക്യങ്ങളിലൂന്നി ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത കാമ്പയിനുകള്‍ക്ക് അത് നേതൃത്വം വഹിക്കുന്നു.
ഔദ്യോഗിക സംഘടനാ രൂപീകരണം കഴിഞ്ഞ് ഒന്നേമുക്കാല്‍ നൂറ്റാണ്ടു കഴിയുമ്പോള്‍ ഇനിയും അത്രകാലം കാത്തിരുന്നാലും ലക്ഷ്യ സാക്ഷാത്കാരം സാധ്യമാകില്ലെന്നിടത്താണ് ലോകം തിരിച്ചറിവിലേക്കെത്തുന്നത്. സ്ത്രീ-പുരുഷ അസന്തുലിതത്വം നികത്താന്‍ ഇത്രയും കാലം ഇനിയും കാത്തരിക്കണമെന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ പ്രവചനം വനിതാ പ്രസ്ഥാനങ്ങള്‍ക്ക് വിവേകം നല്കാന്‍ പര്യാപ്തമാണ്. പുരുഷനെപ്പോലെ പുറത്തിറങ്ങാനും പണിയെടുക്കാനും സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞിറങ്ങിയ സ്ത്രീവാദ സംഘടനകള്‍ തൊഴിലിടങ്ങള്‍ ബഹിഷ്‌കരിച്ച് 'പെണ്ണില്ലാത്ത ദിനം'(Day without women, March 8, 2017) ആചരിക്കാന്‍ ലോക വനിതകളോട് ആഹ്വാനം ചെയ്യുന്ന വിധിവൈപരീത്യത്തിലാണെത്തിപ്പെട്ടിരിക്കുന്നത്.
ദൈവിക പ്രകൃതിയോടുള്ള സമരം നൂറ്റാണ്ടുകള്‍ നടത്തിയാലും വിജയിക്കില്ലെന്ന് ഇനിയും പഠിക്കാന്‍ കഴിയാത്തതാണ് സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ അപചയം. സ്ത്രീക്ക് സമത്വം ആവശ്യപ്പെടുമ്പോള്‍ പ്രകൃതിയിലൂട്ടപ്പെട്ട അവളിലെ വൈജാത്യങ്ങള്‍ പരിഗണിക്കാതെ പോകുന്നിടത്താണ് മത ദര്‍ശനങ്ങള്‍ ഇവര്‍ക്ക് വഴിമുടക്കികളായി തോന്നുന്നത്. സ്ത്രീയുടെ പ്രകൃതത്തിനു പറ്റിയ പഠനവും ജോലിയും പുറത്തിറങ്ങലുമെല്ലാം അവള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും സമത്വവും നല്കുമെന്ന് തിരിച്ചറിയാത്തിടത്തോളം സ്ത്രീ വിമോചനം പ്രഹേളികയായിരിക്കും.