പുരുഷനെ സൃഷ്ടിച്ച അതേ അസ്തിത്വത്തില്‍ നിന്നുതന്നെ ദൈവം സൃഷ്ടിച്ച സ്വതന്ത്ര സ്വത്വമുള്ള വര്‍ഗമാണ് സ്ത്രീ. അവര്‍ പരസ്പരം ഇണകളായി സഹകരിച്ച് ജീവിക്കുമ്പോഴാണ് മനുഷ്യരാശി വളരുന്നതും വികസിക്കുന്നതും. ഇതാണ് മതകീയ വീക്ഷണം. ലോകചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ അംഗീകരിച്ചതും യാഥാര്‍ഥ്യത്തോടൊട്ടി നില്ക്കുന്നതുമാണ് ഈ വീക്ഷണം.
"പ്രകൃതിയുടെ ഒരു സ്വതന്ത്ര സൃഷ്ടിയാണ് സ്ത്രീ. അവളെ ഇണയും പുരുഷ സഹായിയും അവന്‍റെ സംരക്ഷണയില്‍ കഴിയേണ്ടവളുമെല്ലാമാക്കി മാറ്റിയത് മതവും പുരുഷമേധാവിത്വവും ചേര്‍ന്നാണ്. സ്ത്രീ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെല്ലാം ഇതാണ് കാരണമായത്". മനുഷ്യരാശിയെ മൂലധന വീക്ഷണത്തിലൂടെ മാത്രം സമീപിച്ച ഭൗതിക തത്ത്വശാസ്ത്രത്തിന്റെതാണ് ഈ രണ്ടാം വീക്ഷണം.
പ്രത്യേക ധാരണകള്‍ വെച്ച് ഒറ്റപ്പെട്ട ഏതോ ചില ഗോത്രസമൂഹങ്ങളെ അധികരിച്ച് എഴുതിയ വികലചിന്തകള്‍ എന്നല്ലാതെ ഈ വീക്ഷണത്തിന് തെളിവുകളില്ല. മതങ്ങളില്‍ മനുഷ്യരുണ്ടാക്കിയ കൈകടത്തലുകള്‍ ദൈവിക പ്രകൃതിയെ അട്ടിമറിക്കാനും തന്റെ തന്നെ അസ്തിത്വത്തില്‍ നിന്ന് ഉരുവംകൊണ്ട സ്ത്രീയെ അടിച്ചമര്‍ത്താനും ചരിത്ര കാലങ്ങളിലെല്ലാം നിമിത്തമായി എന്നത് നേരാണ്. എന്നാല്‍ അക്കാരണത്താല്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് ശരിയല്ല.
എക്കാലത്തും സ്ത്രീ വിവേചനങ്ങള്‍ക്കും അനീതിക്കുമിരയായിട്ടുണ്ട്. എന്നാല്‍ എന്താണ് അനീതി എന്നും വിവേചനം എന്നും നിര്‍വചിക്കുന്നിടത്ത് വീക്ഷണവ്യത്യാസങ്ങളുണ്ട്.
സ്ത്രീയുടെ ജന്മപ്രകൃതത്തിലെ വ്യത്യാസം പോലെത്തന്നെ ജീവിത ഇടപെടലുകളിലും വ്യത്യസ്തത പുലര്‍ത്തിയതാണ് മാനവ ചരിത്രം. ലോകത്ത് ഉദിച്ചു ശോഭിച്ച സമൂഹങ്ങളുടെയും ദ്രവിച്ച് നശിച്ച ജനതതികളുടെയും ചരിത്രങ്ങളിലെല്ലാം ഇതു തന്നെയായിരുന്നു സ്ത്രീ പദവി. പുരോഗമനത്തിന്‍റെ അവകാശവാദങ്ങളുമായി നിലനില്‍ക്കുന്ന വര്‍ത്തമാന കാലവും ഇതില്‍ നിന്ന് ഭിന്നമല്ല.
പതിറ്റാണ്ടുകളായി സ്ത്രീ സ്വാതന്ത്ര്യവാദികള്‍ക്ക് വെള്ളവും വളവും നല്കി പോറ്റിയ രാഷ്ട്രീ സമൂഹങ്ങളില്‍ പോലും സ്ത്രീ സമത്വം നടപ്പാക്കി കാണിക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ആരോപിത സമൂഹങ്ങളിലുള്ളതിനെക്കാള്‍ പതിതാവസ്ഥയിലാണ് അവിടങ്ങളിലെ സ്ത്രീ പദവി.
മനുഷ്യരില്‍ മാത്രമല്ല സകല പ്രകൃതിപ്രതിഭാസങ്ങള്‍ക്കും അവയുടെതായ വ്യത്യസ്തതകളും ഭിന്നശേഷികളുമുണ്ടെന്നും അത് അവയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും അതിന്‍റെതായ ബലാബലങ്ങള്‍ പരിഗണിക്കപ്പെടുമ്പോഴാണ് നീതിയും തുല്യതയും നടപ്പിലാകുന്നത് എന്നുമുള്ള പ്രാഥമിക സത്യം വിസ്മരിക്കരുത്. ചിലര്‍ ആഗ്രഹിക്കുന്നതു പോലെ സ്വാതന്ത്ര്യം കിട്ടി വിമോചിതയായ, പീഡനങ്ങളും പ്രശ്നങ്ങളുമില്ലാത്ത ഒരു സ്ത്രീയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, സാധ്യവുമല്ല. കാരണം ഇവര്‍ സ്വാതന്ത്ര്യമെന്നും വിമോചനമെന്നും തുല്യത എന്നുമെല്ലാം പറയുന്ന മിക്കതും പ്രകൃതിവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്.