മക്കയില്‍ നിന്ന് സിറിയയിലേക്കുള്ള തീരദേശപാതയില്‍ ചെങ്കടല്‍ ഓരത്താണ് ചരിത്രത്തില്‍ അവിസ്മരണീയ സ്ഥാനമലങ്കരിക്കുന്ന ബദ്ര്‍ താഴ്വാരം. മദീനയില്‍നിന്ന് ഏതാണ്ട് 150 കിലോമീറ്റര്‍ ദൂരമുണ്ടാകും ബദ്‌റിലേക്ക്. മദീനയുടെ തെക്കുഭാഗത്താണിത്.
സിറിയയില്‍നിന്ന് വന്‍ കച്ചവടസംഘവുമായി മക്കയിലേക്കു മടങ്ങിയ അബൂസുഫ്‌യാനെ ലക്ഷ്യം വെച്ചാണ് നബി(സ്വ)യും സ്വഹാബിമാരും പുറപ്പെട്ടത്. എന്നാല്‍ ഇത് മണത്തറിഞ്ഞ ബുദ്ധിമാനായ അബൂസുഫ്‌യാന്‍ മദീനയില്‍ നിന്നകന്ന് ചെങ്കടലിന്റെ അടുത്ത തീരമായ യാമ്പുവഴി മക്കയിലേക്ക് കടന്നു. ഒപ്പം സഹായത്തിന് സൈനികരെ അയക്കാന്‍ മക്കയിലേക്ക് വിവരവും നല്‍കി സഹായ സൈന്യം ബദ്‌റിലെത്തിയപ്പോഴേക്കും അബൂസുഫ്‌യാന്‍ മക്കയില്‍ പ്രവേശിച്ചിരുന്നു.
കച്ചവടസംഘം കൈവിട്ടപ്പോള്‍, സംഘത്തെ സംരക്ഷിക്കാന്‍ ഒരുങ്ങിയ ഖുറൈശി സൈന്യത്തെ എതിരിടാനായിരുന്നു നബി(സ്വ)ക്ക് കിട്ടിയ നിര്‍ദേശം. മുസ്ലിം സംഘം നേരെ തെക്കു ഭാഗത്തേക്ക് നീങ്ങി. ബദ്റിലെത്തി ക്രി. വ 623 മാര്‍ച്ച് 17 വെള്ളി(ഹിജ്റ 2 റമദാന്‍ 17). ബദ്ര്‍ താഴ്‌വരക്ക് ചരിത്ര ത്തില്‍ അമരത്വം നല്‍കിയ 'സത്യാസത്യവിവേചന പോരാട്ടം' നടന്നത് അന്നാണ്. ഇസ്ലാമിന് സ്ഥിരപ്രതിഷ്ഠ നല്‍കിയ യുദ്ധം. ഉര്‍വരതയോ ഹരിതാഭയോ ഇല്ലാത്ത ബദ്ര്‍ ഭൂമിക്ക് ബദ്രീങ്ങളുടെ രക്തസാക്ഷിത്വം തന്നെയാണ് വിശ്രുതി നല്‍കിയത്.
സര്‍വായുധ സജ്ജരായ 950 ഖുറൈശി പടയാളികളെ നേരിട്ടത് 313 മുസ്ലിം പോരാളികള്‍. അതും തിളങ്ങുന്ന ആയുധങ്ങളോ പടച്ചട്ടകളോ പോലുമില്ലാതെ. എന്നിട്ടും മുസ്‌ലിംകള്‍ വിജയതീരമണഞ്ഞു; അല്ലാഹുവിന്റെ അപാരസഹായത്താല്‍.