Skip to main content

ഖന്‍ദഖ്

ഹിജ്റ അഞ്ചില്‍, ഖുറൈശികളുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ നേരിടാന്‍ മുഹമ്മദ് നബി(സ്വ)യുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ നിര്‍മിച്ച കിടങ്ങാണ് ഖന്‍ദഖ്. ശത്രുക്കളുടെ മദീനാ പ്രവേശം തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പേര്‍ഷ്യന്‍ യുദ്ധതന്ത്രമെന്ന നിലയിലുള്ള കിടങ്ങ് കീറല്‍. മദീനയുടെ കിഴക്കുഭാഗത്ത് നിര്‍മിച്ച കിടങ്ങ് ഇപ്പോള്‍ നിലവിലില്ല. കിടങ്ങ് കീറി പ്രതിരോധിച്ചതിനാലാണ് ഈ യുദ്ധത്തിന് ഖന്‍ദഖ് യുദ്ധം (ശത്രുക്കള്‍ സഖ്യസേനയായതിനാല്‍ അഹ്‌സാബ് യുദ്ധം എന്നും ഈ യുദ്ധം അറിയപ്പെടുന്നു.)

മദീന യുദ്ധതന്ത്രപരമായി സുരക്ഷിതസ്ഥലമാണ്. കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങള്‍ മലകള്‍, പാറകള്‍, എന്നിവകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. നിബിഡമായ ഈത്തപ്പനത്തോട്ടങ്ങള്‍, ആള്‍പ്പാര്‍പ്പുള്ള ചെറുഗ്രാമങ്ങള്‍ എന്നിവയും ഈ ഭാഗങ്ങളിലുണ്ട്. ഇവമൂലം ഈ ഭാഗത്തുകൂടി ഒരു സൈനികനീക്കം ആരും നടത്തില്ല. എന്നാല്‍ വടക്കുഭാഗം ഒഴിഞ്ഞ പ്രദേശമാണ്. ഈ ഭാഗം അടച്ച് ശത്രുസേനയെ തടയുക എന്ന തന്ത്രവും അതിനായി കുതിരക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധത്തിലുള്ള കിടങ്ങ് നിര്‍മ്മിക്കുകയെന്ന നിര്‍ദ്ദേശവും പേര്‍ഷ്യക്കാരനായ പ്രവാചകാനുയായി സല്‍മാനുല്‍ ഫാരിസി(റ)യാണ് മുന്നോട്ടുവെച്ചത്. അത് അംഗീകരിക്കപ്പെട്ടു. 2700 മീറ്റര്‍ നീളവും, അഞ്ചരമീറ്റര്‍ വീതിയും ആയിരുന്നു. കിടങ്ങിന്റെ വലിപ്പം. പത്തുപേരടങ്ങുന്ന സംഘം 25 മീറ്റര്‍ കുഴിച്ച് ഒരാഴ്ചയെടുത്താണ് കിടങ്ങ് യാഥാര്‍ഥ്യമാക്കിയത്. വിശന്ന് വലഞ്ഞപ്പോള്‍ വയറില്‍ കല്ല് വെച്ച്‌കെട്ടിയും പാട്ടുകള്‍ പാടിയുമായിരുന്നു ജോലി. നബി(സ്വ)യും ഒരംഗത്തെപ്പോലെ അധ്വാനിച്ചു. 

കിടങ്ങ് കണ്ട് അമ്പരന്ന സഖ്യസൈന്യം മദീനയില്‍ പ്രവേശിക്കാനാവാതെ വലഞ്ഞു. അങ്ങനെ സല്‍മാന്റെ(റ) ഖന്‍ദഖ് വിജയം കാണുകയായിരുന്നു. കിടങ്ങിനപ്പുറം കാവല്‍നിന്ന് മുറിച്ചുകടക്കുന്ന അപൂര്‍വം ചിലരെ മുസ്ലിംകള്‍ നേരിടുകയും ചെയ്തു.

ഖന്‍ദഖ് യുദ്ധാവസരത്തില്‍ നബി(സ്വ) കൂടാരം കെട്ടി താമസിച്ചിരുന്നസ്ഥലത്ത് പിന്നീട് നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. പില്ക്കാലത്ത് ഇതിന്റെ ചുറ്റുവട്ടത്തായി മറ്റ് 6 പള്ളികള്‍കൂടി നിര്‍മിക്കപ്പെട്ടു. അവയുടെ പേര്: മസ്ജിദ് സല്‍മാനുല്‍ ഫാരിസി(റ), മസ്ജിദു അലി(റ), മസ്ജിദു അബീബക്ര്‍(റ), മസ്ജിദു ഉമര്‍(റ), മസ്ജിദു സഅദ്ബ്‌നു മുആദ്(റ) എന്നിങ്ങനെയാണ്. ഏഴാമ ത്തെ പള്ളി ഏതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടാവാം 'മസാജിദുസ്സബ്അ' എന്ന പേരിലും ഖന്‍ദഖ് പ്രദേശം അറിയപ്പെടുന്നു. (ഇവയില്‍ മസ്ജിദു അലി(റ), മസ്ജിദു അബീബക്കര്‍(റ) എന്നിവ ഇപ്പോള്‍ നിലവിലില്ല). ഈ പള്ളികള്‍ക്കൊന്നും പ്രത്യേകമായ പുണ്യമൊന്നുമില്ല. കിടങ്ങിന്റെ സ്ഥലം ഇപ്പോള്‍ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല.

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446