മക്കയില്‍നിന്ന് നാലുകിലോമീറ്റര്‍ ദൂരത്ത്, മസ്ജിദുല്‍ ഹറാമിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന നൂര്‍ പര്‍വ്വത(ജബലുന്നൂര്‍)ത്തിലെ ഒരു ഗുഹ. മുഹമ്മദ് നബി(സ്വ) ഈ ഗുഹയില്‍ ഏകാന്ത വാസം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യമായി വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായത്. അതു കൊണ്ടുതന്നെ ഇസ്ലാമിക ചരിത്രത്തില്‍ ഹിറാഗുഹക്ക് പ്രാധാന്യമേറെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 760 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യന്നു. ജബലുന്നൂറിന് 281 മീറ്റര്‍ ഉയരമുണ്ട്. ഇതിന്റെ ഉച്ചിയിലാണ് ഹിറാഗുഹയുള്ളത്. ഉള്ളോട്ട് മൂന്നുമീറ്റര്‍ നീളവും ഒന്നര മീറ്ററിലധികം വീതിയും, ഒരാള്‍ക്ക് പ്രയാസപ്പെട്ട് അകത്തുകടക്കാവുന്ന ഗുഹാമുഖം. ഒരാള്‍ക്ക് നില്‍ക്കാവുന്നത്ര ഉയരവും. കുത്തനെയുള്ള മലയായതിനാല്‍ മലകയറ്റം അതീവ ദുഷ്‌കരമാണ്.
സന്ദര്‍ശകരുടെ പ്രയാസമകറ്റാന്‍ ചവിട്ടുപടികളും ഇടയ്ക്കിടെ വിശ്രമ സ്ഥാനങ്ങളും നിര്‍മിച്ചിട്ടുണ്ട്. എന്നാലും കയറിയിറങ്ങാന്‍ രണ്ടുമണിക്കൂറോളം സമയം പിടിക്കും. ഖുര്‍ആന്‍ അവതീര്‍ണമായ ഗുഹയുള്ള മലയായതിനാലാണ് പ്രകാശമെന്നര്‍ത്ഥമുള്ള നൂര്‍ എന്നപേര് വന്നതെന്ന് പറയപ്പെടുന്നു. ചരിത്ര പ്രധാനമായ ഒരു സ്ഥലമെന്നതല്ലാതെ ഹിറാഗുഹ പുണ്യസ്ഥലമല്ല. ഹിറാ സന്ദര്‍ശനം ഹജ്ജി ന്റെയോ ഉംറയുടെയോ ഭാഗവുമല്ല.
അവിടെ വെച്ച് നമസ്‌കരിക്കുകയോ മറ്റു കര്‍മ്മങ്ങള്‍ നടത്തുകയോ ചെയ്യുന്നത് നബിചര്യയല്ല; വിവരക്കേടുമാത്രം.