Skip to main content

സംസം: സ്ഥാനവും സവിശേഷതയും

കഅ്ബയുടെ മുന്നില്‍ അഥവാ മത്വാഫില്‍ തന്നെയാണ് സംസം കിണറുള്ളത്. ഹജറുല്‍അസ്‌വദില്‍ നിന്ന് കിഴക്കോട്ടുമാറി 20.6 മീറ്റര്‍ ദൂരത്ത്. 30.5 മീറ്റര്‍ താഴ്ചയുണ്ട് കിണറിന്. വീതി പലയിടത്തും വ്യത്യസതമാണ്. വ്യാസം ചിലയിടത്ത് 1.08 മീറ്ററുണ്ട്. വെള്ളം നില്‍ക്കുന്ന അടിഭാഗത്ത് നാലുമീറ്റര്‍ വരെയുണ്ട്.

മുപ്പതര മീറ്റര്‍ താഴ്ചയുള്ള കിണറിന്റെ അടിഭാഗത്ത് 18 മീറ്റര്‍ ഗ്രാനൈറ്റ് പാറകളാണെന്നാണ് കണ്ടെ ത്തല്‍. അവശേഷിക്കുന്ന മുകള്‍ ഭാഗം 12.5 മീറ്റര്‍ പടുത്തുയര്‍ത്തിയ നിലയിലുമാണ്. ഭൂനിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ താഴ്ചവരെ ജലനിരപ്പ് താഴ്ന്നിട്ടുള്ളു.

13.39 മീറ്റര്‍ താഴ്ചയിലാണ് ഉറവകളുള്ളത്, ഉറവകള്‍ പ്രധാനമായത് രണ്ടും ചെറുത് 20ലധികവുമാണ്. ഒന്ന് തെക്കുകിഴക്കു ഭാഗത്തു നിന്നുള്ളതാണ്. ഇത് അബൂഖുബൈസ് മലനിരകളില്‍ നിന്നുള്ളതാണ്. രണ്ടാമത്തേത് പടിഞ്ഞാറു ഭാഗത്തു നിന്നാണ് വരുന്നത്.

1979ല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കിണര്‍ ശുദ്ധീകരിക്കാനും ജലനിരപ്പ് താഴ്ത്തി നിരീക്ഷണം നടത്താനും ശ്രമം തുടങ്ങി. യഹ്‌യകോശക് എന്ന വിദഗ്ധനായ എഞ്ചിനീയറാണ് നേതൃത്വം നല്‍കിയത് എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. നാലു മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 32000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി. മണിക്കുറുകള്‍ പിന്നിട്ടിട്ടും ജലനിരപ്പ് ആശാവഹമായ തോതില്‍ താഴ്ന്നില്ല മാത്രമല്ല ഉറവകളുടെ വിതാനത്തിലെത്തിയതോടെ ജലനിരപ്പ് പതിന്‍മടങ്ങ് ഉയരുകയും ചെയ്തു. ഇതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

സംസം കിണര്‍ ആദ്യകാലത്ത് തുറന്ന സ്ഥലത്തായിരുന്നു. എന്നാല്‍ മത്വാഫ് (ത്വവാഫ് ചെയ്യുന്നസ്ഥലം) വികസിപ്പിച്ചപ്പോള്‍ സംസം കിണര്‍ അണ്ടര്‍ ഗ്രൗണ്ടിലായി. പിന്നീട് കിണര്‍ഭാഗം അടച്ചുകളയുകയും ചെയ്തു. തുറസ്സായ സ്ഥലത്തായിരുന്നപ്പോള്‍ ബക്കറ്റ് ഉപയോഗിച്ച് ഇതില്‍നിന്ന് ജലം കോരിയെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ടാപ്പുവഴി യഥേഷ്ടം ജലം വിതരണം ചെയ്യുകയാണ്. ത്വവാഫ് ഏരിയകളികളില്‍ മാത്രമല്ല, ഇരു ഹറമുകളിലെയും മുഴുവന്‍ ഭാഗങ്ങളിലും സംസം വെള്ളം തീര്‍ഥാടകര്‍ക്ക് ലഭ്യമാകുംവിധം വിതരണ സംവിധാനമുണ്ട്.

Feedback