ഉത്സവപ്പിറ്റേന്ന് പ്രഭാത വന്ദനത്തിനായി അവര്‍ ദേവാലയത്തിലെത്തി. നട തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച്ച അവരുടെ നെഞ്ചകം പിളര്‍ത്തുന്നതായിരുന്നു. ആരാധനാ വിഗ്രഹങ്ങള്‍ ഒന്നൊഴികെ മറ്റെല്ലാം തകര്‍ന്നു കിടക്കുന്നു!.
''ആരാണീ കടുംകൈ ചെയ്തത്?'' കലിയിളകി അവരന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. ''അവനായിരിക്കും, ആ ആസറിന്റെ പുത്രന്‍ ഇബ്‌റാഹീം'' അവര്‍ തന്നെ ഉത്തരവും പിറുപിറുത്തു.
പിന്നെ നടന്നത് കടുത്ത വിചാരണയായിരുന്നു. ജനക്കൂട്ടത്തിന്റെ ചോദ്യങ്ങള്‍ക്ക് യുവാവായ ഇബ്‌റാഹീം നല്‍കിയത് കുറിക്കുകൊള്ളുന്ന ഉത്തരങ്ങള്‍. സംസാരിക്കാത്തതും കേള്‍ക്കാത്തതുമായ കല്‍പ്രതിമകള്‍ക്കു മുമ്പിലാണ് തങ്ങള്‍ ഉപാസനയര്‍പ്പിക്കുന്നതെന്ന് സമ്മതിക്കേണ്ടിവന്നു അവര്‍ക്ക്. ലജ്ജയും ജാള്യവും മറയ്ക്കാന്‍ അവരുടെ കോടതി ഇബ്‌റാഹീമിന് അഗ്നികുണ്ഡം വിധിച്ചു. എന്നാല്‍ തന്റെ ദൂതന് അഗ്നിയെ കുളിര്‍മയാക്കി മാറ്റാനായിരുന്നു ദൈവഹിതം. എരിഞ്ഞടങ്ങിയ തീക്കുണ്ഡത്തില്‍ നിന്ന് നിറഞ്ഞ പുഞ്ചിരിയുമായി പുറത്തുവന്ന ഇബ്‌റാഹീമിനെ കണ്ട് ജനക്കൂട്ടം ഇളിഭ്യരായി. തങ്ങള്‍ കുമ്പിട്ട് വണങ്ങുന്ന ശിലാദേവതകളല്ല, പ്രപഞ്ചനാഥനായ സ്രഷ്ടാവ് തന്നെയാണ് യഥാര്‍ഥ ആരാധ്യനെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. പക്ഷേ, അത് അംഗീകരിക്കാന്‍ അവരുടെ അഹന്ത അനുവദിച്ചില്ല.
നാലായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ബഗ്ദാദില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ ദൂരെ ഊര്‍ (ഇറാഖ്) എന്ന സ്ഥലത്താണ് ഇബ്‌റാഹീമിന്റെ ജനനം. പിതാവ് ആസറിന് വിഗ്രഹനിര്‍മാണമായിരുന്നു ജോലി. വിഗ്രഹപൂജ നടമാടിയിരുന്ന അക്കാലത്ത് അല്ലാഹു എവിടെയും സ്മരിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്തിരുന്നില്ല.
എന്നാല്‍ വിഗ്രഹങ്ങളോട് ബാല്യം മുതലേ ഇബ്‌റാഹീമിന് അവജ്ഞ തോന്നി, വിഗ്രഹങ്ങള്‍ക്കു മുന്നില്‍ അര്‍പ്പിച്ച നിവേദ്യങ്ങള്‍ എലികള്‍ ഭക്ഷിക്കുന്നത് കണ്ടുകൊണ്ടാണ് അവന്‍ വളര്‍ന്നത്. പിതാവിനോട് അവന്‍ തര്‍ക്കിക്കുകയും ചെയ്തു: ''ഒരാള്‍ക്കും ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത, തിന്നുകയോ കുടിക്കുകയോ ചെയ്യാത്ത ഈ നിര്‍ഗുണ വസ്തുക്കളെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്?''. ഉത്തരമില്ലാത്തതിനാല്‍ പിതാവ് അവനെ വഴക്കു പറയുമായിരുന്നു.
അയാള്‍ പറഞ്ഞു: ''ഇബ്‌റാഹീം നീ എന്റെ ദൈവങ്ങളെ വെറുക്കുന്നവനാണോ, ഇതില്‍ നിന്ന് നീ വിരമിച്ചില്ലെങ്കില്‍ നിന്നെ ഞാന്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്യും''(19:46).
തികഞ്ഞ വിവേകശാലിയായിരുന്നു അദ്ദേഹം. കുടുംബവും സമൂഹവും രാജാവും വിഗ്രഹപൂജകരായതിനാല്‍ അവരെ കരുതലോടെയും തന്‍മയത്വത്തോടെയുമായിരുന്നു അല്ലാഹുവിലേക്ക് വിളിച്ചത്.
നക്ഷത്രങ്ങളെ ദേവന്‍മാരായി ഗണിച്ചിരുന്ന സമൂഹത്തോടുള്ള ഇബ്‌റാഹീം നബിയുടെ പ്രബോധന രീതി നോക്കൂ:
രാത്രികാലത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ കാണുന്നു. അതിനെ ചൂണ്ടി അദ്ദേഹം പറഞ്ഞു: ''ഇതാണെന്റെ രക്ഷിതാവ്!'' എന്നാല്‍ അത് വൈകാതെ അസ്തമിച്ചപ്പോള്‍ നിരാശയോടെ ഇബ്‌റാഹീം പറഞ്ഞു: ''അസ്തമിച്ചുപോകുന്നവയെ ഞാനിഷ്ടപ്പെടുന്നില്ല!'', ഇങ്ങനെ ചന്ദ്രനെയും സൂര്യനെയും ചൂണ്ടിയെല്ലാം ഇതാണ് എന്റെ നാഥന്‍ എന്നു പ്രഖ്യാപിച്ചു. അസ്തമിച്ചപ്പോള്‍ അവയെ കൈയൊഴിയുകയും ചെയ്തു. സ്രഷ്ടാവിനു പകരം സൃഷ്ടികളെ ആരാധിക്കുന്ന സമൂഹത്തിന്റെ വിവരക്കേടിനെ യുക്തിപൂര്‍വം അവതരിപ്പിച്ച പ്രവാചകന്റെ ഈ പ്രബോധന രീതി വിശുദ്ധ ഖുര്‍ആന്‍ (6:75-79) വിവരിക്കുന്നുണ്ട്.
ദേവാലയത്തിലെ വിഗ്രഹങ്ങളെ കൊത്തിനുറുക്കി വലിയ വിഗ്രഹത്തിന്റെ ചുമലില്‍ കോടാലി തൂക്കിയ അദ്ദേഹത്തിന്റെ നടപടിയും ബുദ്ധിപൂര്‍വകമായിരുന്നു. അത് കേവലം വിഗ്രഹഭഞ്ജനമായിരുന്നില്ല. സമൂഹത്തിന്റെ ധിഷണയോടുള്ള സംവേദനമായിരുന്നു എന്നാല്‍ സമൂഹം തിരിച്ചു നല്‍കിയത് അഗ്നികുണ്ഡവും.
രാജാവിനോടും ഇതേ രീതിയില്‍ അദ്ദേഹം സംവാദം നടത്തി. ഞാന്‍ തന്നെയാണ് ദൈവം എന്നായിരുന്നു രാജാവിന്റെ വാദം. കൊട്ടാരത്തിലേക്ക് വിളിപ്പിച്ച ഇബ്‌റാഹീമിനോട് രാജാവ് ചോദിച്ചു: ''ആരാണ് നിന്റെ ദൈവം?''.
''ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനായ അല്ലാഹു'' ഇബ്‌റാഹീം പറഞ്ഞു.
''ജീവിതവും മരണവും വിധിക്കാന്‍ എനിക്കും കഴിയും'' എന്നു രാജാവ് പറഞ്ഞു. ഇബ്‌റാഹീം പതറിയില്ല. ഈ വിഷയത്തില്‍ തര്‍ക്കിച്ചുമില്ല. ദൈവം ചമഞ്ഞ രാജാവിന്റെ നാവിറക്കുന്നതായിരുന്നു പ്രവാചകന്റെ അടുത്ത ചോദ്യം: ''എന്റെ നാഥന്‍ സൂര്യനെ കിഴക്കുദിപ്പിക്കുന്നു. താങ്കള്‍ക്കത് പടിഞ്ഞാറു നിന്നാക്കാമോ?'', രാജാവിന് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. സൂറ. അല്‍ബഖറ(258)യില്‍ ഈ സംഭവം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
സാറയായിരുന്നു ഇബ്‌റാഹീം നബിയുടെ ജീവിതസഖി. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തില്‍ മക്കള്‍ പിറക്കാത്തത് അവരെ സങ്കടപ്പെടുത്തി. സാറയുടെ തന്നെ ആഗ്രഹപ്രകാരം ഇബ്‌റാഹീം മറ്റൊരു വിവാഹം കഴിച്ചു, അടിമസ്ത്രീയായ ഹാജറിനെ. പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടിയ ഇബ്‌റാഹീമിന് 86ാം വയസ്സില്‍ ഹാജറില്‍ കുഞ്ഞ് പിറന്നു, ഇസ്മാഈല്‍(അ). വര്‍ഷങ്ങള്‍ക്കു ശേഷം സാറക്കുമുണ്ടായി സന്താന ഭാഗ്യം, ഇസ്ഹാഖ്(അ).
ദശാബ്ദങ്ങള്‍ നീണ്ട പ്രബോധന ശ്രമങ്ങള്‍ക്കൊടുവില്‍, പിതാവും സമൂഹവും രാജാവും എതിരായപ്പോള്‍ ഇബ്‌റാഹീം മറ്റൊരു നാടുതേടി പുറപ്പെട്ടു. ഒപ്പം ഹാജറും മകന്‍ ഇസ്മാഈലുമുണ്ടായിരുന്നു. അവരെത്തിയത്, വരണ്ടതും വിജനവുമായ ബക്ക(മക്ക) താഴ്‌വരയിലായിരുന്നു.
അല്ലാഹു തന്റെ സുഹൃത്തായ(ഖലീല്‍) ഇബ്‌റാഹീമിനെ പരീക്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. ഏതൊരു പിതാവിന്റെയും ഉള്ളം പിടക്കുന്നതായിരുന്നു ആദ്യപരീക്ഷണം. 'പറക്കമുറ്റാത്ത കുഞ്ഞിനെയും ഭാര്യയെയും താഴ്‌വരയിലാക്കി നീ മടങ്ങണം' എന്ന ദൈവിക കല്പന കിട്ടി ഇബ്‌റാഹീമിന്.
ഒട്ടും സംശയിക്കാതെ അനുസരിച്ചു. വരണ്ട താഴ്‌വരയില്‍ നിലയ്ക്കാത്ത നിര്‍ഝരിയായി മാറിയ 'സംസം' ഇതിനുള്ള ദൈവിക സമ്മാനമാണെന്നു പറയാം. ഉമ്മയും കുഞ്ഞും ദാഹം തീര്‍ത്ത സംസം ജലധാര പിന്നീട് നിലച്ചിട്ടില്ല; ഇന്നും.
പരീക്ഷണം തുടര്‍ന്നു. മക്കയില്‍ തിരിച്ചെത്തിയ ഇബ്‌റാഹീമിന് സ്വപ്ന ദര്‍ശനമുണ്ടായി; തന്നോടൊപ്പം നടന്നും സഹായിച്ചും തുടങ്ങിയ പ്രിയ സന്തതി ഇസ്മാഈലിനെ ബലിയറുക്കണം! ഇടനെഞ്ചുപിടക്കുന്ന കല്‍പന, ആ പിതാവ് മകനോട് പങ്കുവെച്ചു. ''പ്രിയ മകനേ, നിന്നെ ബലിയറുക്കണമെന്ന് എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. നീ എന്തു പറയുന്നു? പിതാവേ, അങ്ങയോട് കല്പിച്ചത് ചെയ്തുകൊള്ളുക, ദൈവഹിതപ്രകാരം എന്നെ ക്ഷമാശീലരില്‍പെട്ടവനായി അങ്ങയ്ക്ക് കാണാം''(37:102).
ബലികര്‍മത്തിനായി അവരിരുവരും മിനായിലെത്തി. അല്ലാഹുവിനെ മനസ്സില്‍ കരുതി ഇബ്‌റാഹീം കര്‍മത്തിനൊരുങ്ങി. എന്നാല്‍ അത്ര മതിയായിരുന്നു അല്ലാഹുവിന്. പ്രപഞ്ചനാഥനു മുന്നില്‍ എന്തും ത്യജിക്കാന്‍ സന്നദ്ധനാണെന്ന പ്രഖ്യാപനം. കാരണം നരബലി അല്ലഹുവിനെ പ്രീതിപ്പെടുത്തുന്ന പുണ്യകാര്യമല്ല.
ജിബ്‌രീല്‍(അ) നല്‍കിയ ആടിനെ ബലിയറുത്ത് പിതാവും മകനും മിനായില്‍ നിന്നു മടങ്ങി.
ദേവാലയങ്ങളുടെ നാട്ടില്‍ നിന്നാണ് ഇബ്‌റാഹീം മക്കയിലെത്തിയത്. എന്നാല്‍ കേവലമൊരു ആലയമല്ല, ഏകദൈവത്തെ മാത്രം ആരാധിക്കാനായി ഒരു ഗേഹം, അതായിരുന്നു ഇബ്‌റാഹീമിന്റെ സ്വപ്നം. അല്ലാഹുവിന്റെ കല്പനപ്രകാരം മകന്‍ ഇസ്മാഈലിനെയും കൂട്ടി അദ്ദേഹം അത് നിര്‍മിച്ചു, വിശുദ്ധ കഅ്ബ. അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് പണിത പ്രഥമ ഗേഹം.
ഇബ്‌റാഹീം(അ) ചരിത്രത്തിലെ അതീവ വിസ്മയമാണ്. അദ്ദേഹം വ്യക്തിയല്ല, സമൂഹം തന്നെയായിരുന്നു. പ്രവാചകന്‍ മാത്രമല്ല പ്രവാചക പരമ്പരയുടെ പിതാവായിരുന്നു. അല്ലാഹു അദ്ദേഹത്തെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ചു. കൂട്ടുകാരന്‍ ചോദിച്ചതെല്ലാം അല്ലാഹു നല്‍കി. ചോദിച്ചത് പക്ഷേ തനിക്കുവേണ്ടിയായിരുന്നില്ല; പില്കാല സമൂഹങ്ങള്‍ക്കുവേണ്ടിയായിരുന്നു. കഅ്ബ, മക്ക, ഹജ്ജ്, ഫലസ്തീന്‍, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ ഇസ്‌ലാമിക അടയാളങ്ങളിലെല്ലാം ഇബ്‌റാഹീമി സ്പര്‍ശമുണ്ട്. അദ്ദേഹത്തിന്റെ പാതയാണ് തിരുനബി(സ്വ)യും പിന്തുടര്‍ന്നത്.
ഇബ്‌റാഹീമിന്റെ പ്രബോധന ജീവിതത്തെ എത്ര വിശദമായാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്! പലതും ആവര്‍ത്തിക്കുന്നുമുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനത്തിലും ഇബ്‌റാഹീം(അ) നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഇറാഖിലും മക്കയിലും പ്രബോധനം നടത്തിയ ഇബ്‌റാഹീം ജീവിതാവസാനത്തില്‍ ഫലസ്തീനിലെത്തി. അവിടെ പ്രബോധന കേന്ദ്രങ്ങള്‍ തുടങ്ങി. ഫലസ്തീനിലെ അല്‍ ഖലീലില്‍ വെച്ചായിരുന്നു മരണം.
ഈ സമൂഹത്തിൽ ഒരു ദൂതനെ നിയോഗിക്കണേ എന്ന് ഇബ്റാഹീം നബി അല്ലാഹുവിനോട് പ്രാർഥിക്കാറുണ്ടായിരുന്നു.