കഅ്ബയ്ക്കു ചുറ്റിലുമുള്ള ഒഴിഞ്ഞ സ്ഥലം മത്വാഫ് എന്നാണ് അറിയപ്പെടുക. നബി(സ്വ)യുടെ കാലത്ത് മത്വാഫ് വീടുകളാല്‍ വലയം ചെയ്യപ്പെട്ടതായിരുന്നു. 1490 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ഈ സ്ഥലത്തേക്ക് ശരിയായ വഴി പോലും ഉണ്ടായിരുന്നില്ല.
ഖലീഫ അബൂബക്കറി(റ)ന്റെ ഭരണകാലത്തും ഏതാണ്ട് ഈ അവസ്ഥ തുടര്‍ന്നു. ഉമര്‍(റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോഴാണ് വികസനം തുടങ്ങുന്നത്. ചുറ്റിലുമുണ്ടായിരുന്ന വീടുകള്‍ വിലയ്ക്കുവാങ്ങിയ ഉമര്‍(റ) അത് പൊളിച്ചു നീക്കുകയും ചെറിയ ചുറ്റുമതില്‍ നിര്‍മിച്ച് മത്വാഫ് വേര്‍തിരിക്കുകയും ചെയ്തു. ഇതോടെ 2500 ചതുരശ്ര മീറ്ററായി മത്വാഫിന്റെ വിസ്തൃതി. ക്രി.വ 638(ഹി.17) ലാണിത്.
ഖലീഫ ഉസ്മാന്‍(റ) തണലിനായി ചെറിയ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ഒരു ഭാഗത്ത് മേല്‍ക്കൂര പണിത അബ്ദുല്ലാഹിബ്‌നു സുബൈറാ(റ)ണ് വിപുലീകരണത്തിനായുള്ള ആദ്യ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയതെന്ന് പറയാം. 4050 ചതുരശ്രമീറ്ററായി ഇക്കാലത്ത് വിസ്തൃതി. ക്രി.വ. 684 (ഹി.65)ലായിരുന്നു ഈ പ്രവൃത്തി.
അമവീ ഭരണാധികാരി വലീദിന്റെ ഭരണത്തില്‍ ക്രി.വ. 709(ഹി.91)ലാണ് പിന്നീട് വികസനം നടക്കുന്നത്. പള്ളിക്ക് മരത്തിന്റെ മേല്‍ക്കൂരയോടെയും ശക്തമായ തൂണുകളോടെയും ഭദ്രമായ കെട്ടിടം പണിതു. താഴികക്കുടങ്ങളും നിര്‍മിച്ചു. 2805 ചതുരശ്രമീറ്റര്‍ വ്യാപ്തി കൂട്ടുകയും ചെയ്തു. അബ്ബാസി ഖലീഫ മഹ്ദി ക്രി.വ 776ല്‍ വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങള്‍ വികസിപ്പിച്ച് മസ്ജിദുല്‍ ഹറാമിന്റെ വിസ്തൃതി 7950 ചതുരശ്ര മീറ്ററാക്കി മാറ്റി. നാലുവര്‍ഷത്തിനു ശേഷം തെക്കു ഭാഗത്തും വിപുലീകരണം നടത്തി. ഇതോടെ പതിനായിരം ചതുരശ്രമീറ്ററും കടന്നു.
ക്രി.വ 894ല്‍ ഹറം ഭരണാധികാരികളുടെ വാസഗേഹമായിരുന്ന ദാറുന്നദ്‌വ പൊളിച്ച് പള്ളിയോട് ചേര്‍ത്തിയ മുഅ്തളിദ് ബില്ലയുടെയും പടിഞ്ഞാറു ഭാഗത്ത് ബാബു ഇബ്‌റാഹീം എന്ന പേരില്‍ കവാടം പണിത മുഖ്തദിര്‍ ബില്ലയുടെയും വികസനങ്ങളില്‍ 2000 മീറ്റര്‍ കൂടി വര്‍ധിച്ചു.
1571ല്‍ ഉസ്മാനീ ഖലീഫ സലീമാണ് നിലവിലുണ്ടായിരുന്ന മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു മാറ്റി പുതിയത് പണിതത്. ഇന്നും നിലനില്‍ക്കുന്നത് ഈ കെട്ടിടമാണ്. ഉസ്മാനീ കെട്ടിടമെന്നാണ് ഇത് ഇപ്പോഴും അറിയപ്പെടുന്നത്. സലീം രണ്ടാമന്റെയും മകന്‍ മുറാദ് മൂന്നാമന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും 28000 ചതുരശ്ര മീറ്ററായിക്കഴിഞ്ഞിരുന്നു ഈ പുണ്യകേന്ദത്തിന്റേത്. മനോഹര നിര്‍മിതിയുമായി മാറി ഇത്.