മക്കയില്‍ നിന്ന് ഏകദേശം 20 ഉം മിനായില്‍ നിന്ന് 13 ഉം കിലോമീറ്റര്‍ അകലത്തിലുള്ള പ്രദേശമാണ് അറഫ. ഇവിടെ അല്പനേരമെങ്കിലും നില്‍ക്കല്‍ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട നാലു സ്തംഭങ്ങളില്‍ (റുക്ന്‍) ഒന്നാണ്. ഇത് നഷ്ടപ്പെട്ടവന് ഹജ്ജില്ല. നബി(സ്വ)യുടെ ഹജ്ജിലെ പ്രസിദ്ധമായ അറഫാ പ്രഭാഷണം നടന്ന സ്ഥലമാണ് ഇത്.
ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിനുശേഷം മിനായില്‍നിന്ന് തല്‍ബിയതും തക്ബീറുമായി പുറപ്പെട്ട് മസ്ജിദുന്നമിറയിലെത്തുക. ഇവിടെ ദുഹ്‌റിനു മുമ്പോ ശേഷമോ ആയി യാതൊരു സുന്നത്തു നമസ്‌കാരവുമില്ല. ശേഷം ഉച്ചവരെ അവിടെ തങ്ങി അവിടെ നടക്കുന്ന, പ്രഭാഷണം ശ്രവിക്കുക. ശേഷം ദുഹ്‌റും അസ്‌റും ജംഉം ഖസ്‌റുമായി നമസ്‌കരിച്ച്, അറഫയായി അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തേക്ക് നീങ്ങുക. സൂര്യനസ്തമിക്കുന്നതിനു മുമ്പ് ഇവിടെ കുറച്ചു നേരമെങ്കിലും നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹജ്ജ് അസാധുവാകും. ആ ഹാജി ഒട്ടകത്തെ ബലി നല്കുകയും അടുത്ത വര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിക്കുകയും വേണം. നബി(സ്വ) പറഞ്ഞു ''ഹജ്ജ് അറഫയാണ്''. പ്രയാസം കാരണം അറഫയില്‍ നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അല്പനേരമെങ്കിലും നില്‍ക്കാനായി പത്താം തിയ്യതി സുബ്ഹ്‌വരെ ഇളവനുവദിച്ചിട്ടുണ്ട്. ആശുപത്രിയിലായ രോഗികളെയും മറ്റും ഇക്കാരണത്താല്‍ ആംബുലന്‍സിലും മറ്റുമായി ഇവിടെ കൊണ്ടുവരാറുണ്ട്.
അറഫയിലാണ് നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തിയാല്‍ ഏതു ഭാഗത്തും നില്ക്കാവുന്നതാണ്. ബത്‌നു ഉര്‍ന അറഫയില്‍ പെട്ടതല്ല. അറഫയുടെ പരിധിക്കു പുറത്തുനിന്നാല്‍ മതിയാകുകയില്ല. കഴിയുമെങ്കില്‍ ഖിബ്‌ലക്കഭിമുഖമായി നില്‍ക്കുക. നബി(സ്വ) ജബലുര്‍റഹ്മയുടെ അടുത്താണ് നിന്നത്. അദ്ദേഹം പറഞ്ഞു. ഞാന്‍ ഇവിടെ നില്‍ക്കുന്നു. അറഫയില്‍ എവിടെയും നില്ക്കാവുന്നതാണ് (ഇബ്‌നുമാജ 3012). ജബലുര്‍റഹ്മയില്‍ കയറുക എന്നത് പുണ്യമുള്ള കാര്യമല്ല. ഈ പ്രദേശങ്ങള്‍ തൊട്ടുമുത്തുക, ബര്‍ക്കത്തെടുക്കുകപോലുള്ള കാര്യങ്ങള്‍ നബി(സ്വ)യുടെ മാതൃകയില്ലാത്തതാണ്.
ഏറെ പുണ്യവും മഹത്വവുമുള്ള ദിനമാണ് അറഫാദിനം. ഉമര്‍(റ) പറയുന്നു: നിശ്ചയം ഒരു ജൂതന്‍ തന്നോട് പറയുകയുണ്ടായി: 'അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചു കിട്ടിയിരുന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു' ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതുവഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്‌ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ്വ) വെള്ളിയാഴ്ച ദിവസം അറഫയില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്' (ബുഖാരി).
പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടാന്‍ ഏറെ സാധ്യതയുള്ള സ്ഥലമാണ് അറഫ. ആഇശ(റ) പറയുന്നു: റസൂല്‍(സ്വ) അരുളി: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി പാപികളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല (മുസ്‌ലിം). അതിനാല്‍ പരമാവധി പാപമോചന പ്രാര്‍ഥന നിര്‍വഹിക്കുക. ഈ ദിവസം ഹാജിമാരല്ലാത്തവര്‍ നോമ്പനുഷ്ഠിക്കണമെന്നും അത് പാപങ്ങള്‍ മായ്ക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ഉച്ചതിരിഞ്ഞതു മുതല്‍ സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കേണ്ടത്. കൈകളുയര്‍ത്തി ഖിബ്‌ലക്കഭിമുഖമായി നിന്ന് താഴ്മയോടെ പ്രാര്‍ഥിക്കുക. ഏതെങ്കിലും പ്രത്യേക പ്രാര്‍ഥന നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നില്ല. ''പ്രാര്‍ഥനകളില്‍ ഉത്തമമായ പ്രാര്‍ഥന അറഫയിലേതാണ്. ഞാനും എനിക്കുമുമ്പുള്ള നബിമാരും നടത്തിയ പ്രാര്‍ഥനകളില്‍ ഉത്തമമായ പ്രാര്‍ഥന, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹുലാ ശരീക ലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു വഹുവ അലാകുല്ലി ശൈഇന്‍ ഖദീര്‍ എന്ന പ്രാര്‍ഥനയാണ്” എന്നും നബി(സ്വ) പറഞ്ഞതിനാല്‍ (തിര്‍മിദി 3585) പ്രാര്‍ഥനകളില്‍ കൂടുതലായി ഈ വാക്യം ഉപയോഗിക്കാവുന്നതാണ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. ആധിപത്യങ്ങളും സ്തുതിയുമെല്ലാം അവനാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാകുന്നു എന്നാണ് ഈ വചനത്തിന്റെ ആശയം. ഓരോ പ്രാര്‍ഥനയും വേണമെങ്കില്‍ മൂന്നുവട്ടം ആവര്‍ത്തിക്കാവുന്നതാണ്.
അല്ലാഹുവിനോട് അറിയാവുന്ന ഭാഷയില്‍ മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുക എന്നതാണ് അറഫയില്‍ ചെയ്യാനുള്ളത്. അര്‍ഥമറിയാതെ ഏതെങ്കിലും പുസ്തകത്തില്‍ നോക്കിയോ കാണാതെ പഠിച്ചതോ ആയ പ്രാര്‍ഥനകള്‍ നടത്തി ഏറ്റവും ഉദാത്തമായ സമയം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പരലോക മോക്ഷത്തിനെന്നപോലെ ഈ ലോകത്ത് ക്ഷേമത്തിനു വേണ്ടിയും പ്രാര്‍ഥിക്കാം. പ്രാര്‍ഥനകള്‍ക്കു പുറമെ ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, തല്‍ബിയത് എന്നിവയും നടത്താവുന്നതാണ്. ഇവയൊക്കെ ഒരാള്‍ ചൊല്ലിക്കൊടുത്ത് ഏറ്റുചൊല്ലുന്നതോ സംഘമായി ചൊല്ലുന്നതോ നബി(സ്വ)യുടെ മാതൃകയല്ല.
സൂര്യാസ്തമയത്തിനുശേഷം ഇവിടെ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങണം. സൂര്യാസ്തമയത്തിന് മുമ്പ് ഇവിടെ നിന്ന് പുറപ്പെടുന്നത് കുറ്റമാണ്. അങ്ങനെ വന്നാല്‍ പ്രായശ്ചിത്തമായി ബലി നല്‌കേണ്ടതുണ്ട്. മഗ്‌രിബ് നമസ്‌കാരം മുസ്ദലിഫയിലെത്തിയശേഷം ഇശാഇനൊപ്പം ജംആയി നിര്‍വഹിക്കുകയാണ് വേണ്ടത്.
അറഫ ഒറ്റനോട്ടം
ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തോടെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുക.
സാധിക്കുമെങ്കില്‍ മസ്ജിദുന്നമിറയില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുക.
മസ്ജിദുന്നമിറയില്‍ നിന്ന് ഇമാമിന്റെ പ്രഭാഷണം ശ്രദ്ധിച്ചുകേള്‍ക്കുക.
അറഫയിലേക്ക് നീങ്ങുക.
ഇഷ്ടമുള്ള സ്ഥലത്ത്, കഴിയുമെങ്കില്‍ ജബലുര്‍റഹ്മക്കും ഖിബ്‌ലക്കും അഭിമുഖമായി, അല്ലെങ്കില്‍ ഖിബ്‌ലക്കഭിമുഖമായി നിന്നോ ഇരുന്നോ കൈകളുയര്‍ത്തി പ്രാര്‍ഥിക്കുക.
പ്രാര്‍ഥനക്ക് ഏറെ ഉത്തരമുള്ള സ്ഥലമാണ്. മനസ്സറിഞ്ഞ് സ്വന്തമായി പ്രാര്‍ഥിക്കുക ദിക്ര്‍, ഖുര്‍ആന്‍ പാരായണം, തല്‍ബിയത് എന്നിവയും നിര്‍വഹിക്കാം. സൂര്യാസ്തമനത്തിനു ശേഷം മാത്രം അവിടെ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുക.