മക്ക നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഏകദേശം ഏഴു കിലോമീറ്റര്‍ അകലത്തില്‍ ഹറമില്‍പെട്ട പ്രദേശമാണ് മിനാ. തമ്പുകളുടെ നഗരം എന്നാണിത് അറിയപ്പെടുന്നത്. ഹാജിമാര്‍ക്കായി ശീതീകരണ സംവിധാനമുള്ള, തീപിടിക്കാത്ത ഒരു ലക്ഷത്തിലേറെ കൂടാരങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ്ജിന്റെ പല പ്രധാന കര്‍മങ്ങളും ഇവിടെ കേന്ദ്രീകരിച്ചു കൊണ്ടാണ് നിര്‍വഹിക്കുന്നത്. ഹാജിമാരുടെ പ്രധാന താമസസ്ഥലവും ഇതാണ്. ഇവിടെ ടെന്റിലോ പുറത്തോ ആയി ഹാജിമാര്‍ താമസിക്കേണ്ടതാണ്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സുഊദി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മിനായില്‍ നിന്നാണ് ഹാജിമാര്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ തുടങ്ങുന്നത്. എല്ലാ ഹാജിമാരും ദുല്‍ഹിജ്ജ എട്ടിന് (യൗമുത്തര്‍വിയ) ദുഹ്ര്‍ നമസ്‌കരിക്കാന്‍ മിനായിലെത്തുന്നു. ഒമ്പതിന്റെ സുബ്ഹ് വരെ എല്ലാ നമസ്‌കാരങ്ങളും ജംആക്കാതെ ഖസ്ര്‍ മാത്രമാക്കി നമസ്‌കരിക്കണം. ഈ ഖസ്ര്‍ യാത്രക്കാര്‍ക്കുള്ള ആനുകൂല്യമല്ല. എല്ലാ ഹാജിമാരും ഇങ്ങനെയാണ് ചെയ്യേണ്ടത്. ഒമ്പതിന് സൂര്യോദയത്തോടെ അറഫയിലേക്ക് പുറപ്പെടണം.
ഈ സമയത്തുള്ള മിനായിലെ വാസം ഹജ്ജിന്റെ സുന്നത്താണ്. അന്ന് അവിടെ പോവുകയോ താമസിക്കുകയോ ചെയ്തില്ലെങ്കില്‍, ഹജ്ജിലെ നബിചര്യയുടെ പൂര്‍ണത നഷ്ടപ്പെടുമെന്നല്ലാതെ കുറ്റമാകുന്നില്ല. എന്നാല്‍ ദുല്‍ഹിജ്ജ പത്തുമുതല്‍ പതിമൂന്നുവരെയുള്ള ദിവസങ്ങളില്‍ ഇവിടെ താമസിക്കുക എന്നത് ഹജ്ജിന്റെ നിര്‍ബന്ധഭാഗമാണ്, വാജിബാണ്. ഇതാണ് നബി(സ്വ)യുടെ മാതൃക. പ്രത്യേക സാഹചര്യത്തില്‍ ചോദിച്ചവര്‍ക്കു മാത്രമേ ഇതില്‍ നബി(സ്വ) ഇളവനുവദിച്ചിട്ടുള്ളൂ. അബ്ബാസ്(റ) ഹാജിമാര്‍ക്ക് വെള്ളം കൊടുക്കാന്‍ ഏല്‍പിക്കപ്പെട്ട വ്യക്തിയായിരുന്നതിനാല്‍ മിനക്ക് പുറത്ത് താമസിക്കാന്‍ നബി(സ്വ) അനുമതി നല്കുകയുണ്ടായി. ഇതുപോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങളില്‍ മാത്രമേ ഈ ഇളവ് ഉപയോഗിക്കാവൂ. ഹജ്ജിന്റെ എന്തെങ്കിലും ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടവര്‍, രോഗത്താല്‍ അവിടെ താമസിക്കാന്‍ പറ്റാത്തവര്‍ തുടങ്ങിയവരാണിത് (മജ്മൂഉ ഫതാവാ ഇബ്‌നിബാസ്, 16/149,226, 17/362,363).
തിരിച്ചുപോകാന്‍ ധൃതിയുള്ളവര്‍ രണ്ടുദിവസം താമസിച്ചാലും മതി. ഖുര്‍ആന്‍ പറയുന്നു: ''എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ടു ദിവസംകൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്നപക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവുംകൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക''(2:203). ഇത് ദുല്‍ഹിജ്ജ പതിനൊന്നും പന്ത്രണ്ടുമാണ്. പന്ത്രണ്ടിന് മതിയാക്കി പോകു ന്നവര്‍ സൂര്യാസ്തമയത്തിനു മുമ്പായി ഇവിടെനിന്ന് പോകണം. എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ വൈകുന്നതില്‍ കുഴപ്പമില്ല.
മിനായില്‍ താമസിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യം വന്നാല്‍ തൊട്ടടുത്ത സ്ഥലത്ത് താമസിക്കാവുന്നതാണ്. അറിയാതെ മിനാക്ക് പുറത്തായിപോയാലും കുഴപ്പമില്ല. ബോധപൂര്‍വം മിനായില്‍ താമസം ഒഴിവാക്കുന്നവരും രണ്ടു ദിവസമെങ്കിലും മുഴുവനായി താമസിക്കാത്തവരുമെല്ലാം പ്രായശ്ചിത്തമായി ബലി നല്കണം.
മിനായില്‍ താമസിക്കുന്ന ദിവസങ്ങളില്‍ പ്രധാനമായും ചെയ്യാനുള്ള കര്‍മങ്ങള്‍ ജംറകളിലെ കല്ലേറാണ്. കൂടാതെ പരമാവധി സമയം പ്രാര്‍ഥനകളും ദിക്‌റുകളുമായി കഴിയുക. ഏതെങ്കിലും പ്രത്യേക ദുആകളും ദിക്‌റുകളും ഇവിടെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഹജ്ജിലാണുള്ളതെന്നും വളരെ പുണ്യകരമായ സ്ഥലത്തും സമയത്തുമാണ് എന്നുമുള്ള ബോധത്തോടെ പരമാവധി നന്മകള്‍ വര്‍ധിപ്പിക്കുക. എല്ലാ നമസ്‌കാരങ്ങളും ഖസ്‌റായി ഓരോന്നിന്റെയും നേരത്ത് നിര്‍വഹിക്കുയാണ് നബിചര്യ. ജംആക്കേണ്ടതില്ല എന്നര്‍ഥം. തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിക്കുന്നവന് ബലി നല്കാന്‍ കഴിയില്ലെങ്കില്‍ പകരമായി നിര്‍വഹിക്കേണ്ട പത്തു നോമ്പുകളില്‍ മൂന്നെണ്ണം മിനായില്‍ താമസിക്കുന്ന അയ്യാമുത്തശ്‌രീഖില്‍ എടുക്കാവുന്നതാണ്.