മൂന്നര കിലോമീറ്റര്‍ നീളത്തിലും ആറര കിലോമീറ്റര്‍ ചുറ്റളവിലും സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ ഹറാമിന്റെ സമീപപ്രദേശമാണ് മിനാ. തമ്പുകളുടെ നഗരം, ജംറകളുടെ ഇടം എന്നീ വിശേഷണങ്ങള്‍ മിനായുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഹജ്ജ് തീര്‍ഥാടകര്‍ കര്‍മങ്ങള്‍ക്കിടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഈ പുണ്യനഗരിയിലാണ്.
മക്കയില്‍നിന്ന് അറഫയിലേക്കുള്ള വഴിയില്‍ നാലുകിലോമീറ്റര്‍ ദൂരത്താണ് മിനാ. ദുല്‍ഹിജ്ജ എട്ടിന് മിനായിലാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ തങ്ങുന്നത്. പിന്നീട് 10ന് രാത്രിയും, 11, 12 ദിവസങ്ങളില്‍ പൂര്‍ണമായും ചിലര്‍ 13നും ഇവിടെ തമ്പുകളില്‍ ആരാധനകളുമായി കഴിഞ്ഞുകൂടുന്നു. ബലിയറുക്കലും ഇവിടെ വെച്ചുതന്നെ.
ആദ്യകാലങ്ങളില്‍ തമ്പുകള്‍ക്ക് തീപിടിച്ചും ഹാജിമാര്‍ ജംറകളിലെ തിരക്കില്‍പെട്ടും ദുരന്തങ്ങളുടെ ഇടമായിത്തീര്‍ന്നിരുന്നു മിനാ. എന്നാല്‍ തീപിടിക്കാത്ത തമ്പുകളും വിശാലമായ ജംറകളും ദുരന്തങ്ങളെ പഴങ്കഥകളാക്കി. തീര്‍ത്ഥാടകര്‍ക്ക് വിപുലമായ പ്രാഥമിക സൗകര്യങ്ങളൊരുക്കിയ മസ്ജി ദുല്‍ഖൈഫും മിനായില്‍ തന്നെയാണ്.
.