ഇസ്‌ലാമിനുമുമ്പ് അറേബ്യയില്‍ നിലനിന്നിരുന്ന സ്ത്രീ വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഒരു തരം വിവാഹമോചന സമ്പ്രദായമായിരുന്നു ദിഹാര്‍. എന്തെങ്കിലും കാരണത്താല്‍ ഭാര്യയോട് കോപിക്കുന്ന ഭര്‍ത്താവ് പൈശാചിക പ്രലോഭനത്തിന്റെ മൂര്‍ധന്യത്തില്‍, 'നീ എന്റെ ഉമ്മയെപ്പോലെയാണ്' എന്നു പറയുകയും പിന്നീടങ്ങോട്ട് അവളുമായുള്ള ഭാര്യാഭര്‍തൃബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്ന വക്രമായ വിവാഹമോചന രീതിയാണിത്. ഇസ്‌ലാം വിവാഹബന്ധത്തെ ഏറ്റവും പവിത്രമായി പരിഗണിച്ച മതമാണ്. സ്ത്രീക്ക് ആദരവ് നല്കുന്നതിലും ഇസ്‌ലാമിനോളമെത്തുന്ന മതദര്‍ശനമോ മനുഷ്യസംസ്‌കാരമോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജനിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സ്ത്രീയെ കൊല്ലാകൊല ചെയ്യുന്ന ഇത്തരം സമ്പ്രദായങ്ങള്‍ അംഗീകരിക്കുക ഇസ്‌ലാമിന് സാധ്യമല്ല. ദാമ്പത്യജീവിതത്തില്‍ അനിവാര്യതകളാല്‍ മാത്രം അപൂര്‍വമായി സംഭവിക്കാവുന്ന വിവാഹമോചനത്തെ ഇങ്ങനെയുള്ള അവിവേകത്തിന് വിട്ടുകൊടുക്കാന്‍ പാടില്ല. ഇസ്‌ലാം അത് നിഷിദ്ധമാക്കി.
''നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്). അവര്‍(ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ് ''(58:3,5).
ഓരോ മുസ്‌ലിമും സ്ത്രീകള്‍ക്ക് പൂര്‍ണമായ ആദരവു നല്കുന്നവനാകണം. മാന്യതയുടെ അടയാളം അതാണെന്ന് നബി(സ്വ) പഠിപ്പിച്ചതാണ്. ''സല്‍സ്വഭാവത്തില്‍ പൂര്‍ണത വരിച്ചവനാണ് വിശ്വാസത്തില്‍ പൂര്‍ണത പ്രാപിച്ചത്. നിങ്ങളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് ആദരണീയന്‍'' (സഹീഹുല്‍ജാമിഅ്, അല്‍ബാനീ 1232). മാത്രമല്ല എല്ലാവിധ അവിവേകങ്ങളില്‍ നിന്നും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനാകണം മുസ്‌ലിം. അവനെ വിവേകത്തിന്റെയും വിചാരത്തിന്റെയും വികാരനിയന്ത്രണത്തിന്റെയും വഴിയിലേക്ക് തിരിച്ചുകൊണ്ടുവരണം. അതിനാല്‍ അവനോട് ആ ഇണയെ തിരിച്ചെടുക്കാനും പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാഗമായി പ്രായശ്ചിത്തം നിര്‍വഹിക്കാനും കല്‍പിച്ചു. അതില്‍ ഒന്ന് വികാരനിയന്ത്രണം പരിശീലിപ്പിക്കാനുതകുന്ന വ്രതം തന്നെയാണ്.
“തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് നല്കുന്ന ഉപദേശമാണ്. ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും (അത്) സാധ്യമാകാത്തപക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ യുണ്ട്''(58:4,5).
ലിആന്‍
ഭാര്യാ സംസര്‍ഗം ഉണ്ടാവുകയില്ല എന്ന് അല്ലാഹുവിനെ മുന്‍നിര്‍ത്തി ശപഥം ചെയ്യുന്നതിനാണ് ലിആന്‍ എന്നു പറയുക. ''തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നുനില്‍ക്കുന്നവര്‍ക്ക് (അന്തിമ തീരുമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില്‍ അവര്‍ (ശപഥംവിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ''(2:226).
നാലുമാസത്തിലേറെയായാല്‍ വിവാഹമോചനം ആയി ഗണിക്കുകയും അയാളെ ശിക്ഷിക്കുകയും വേണം. ഒരാള്‍ ലിആന്‍ ചെയ്താല്‍ പറഞ്ഞ സമയത്തിനുമുമ്പു തന്നെ അത് പിന്‍വലിക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുമ്പോള്‍ അയാള്‍ പ്രായശ്ചിത്തമായി പത്ത് ദരിദ്രര്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്കുകയോ മൂന്നുദിവസം തുടര്‍ച്ചയായി നോമ്പെടുക്കുകയോ വേണം.