Skip to main content

നോമ്പിന്റെ മഹത്വം

അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെകുറിച്ച് നബി(സ്വ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.  

മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റെതാണ്, നോമ്പൊഴിച്ച്.  അതെനിക്കുള്ളതാണ്  അതിന് പ്രതിഫലവും ഞാനാണ് നല്കുക എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ല സുഗന്ധമായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോഴും തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും (മുസ്‌ലിം-1151).

നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പുപറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കേണമേ. അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും(അഹ്മദ് 10/118). 

നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛിക കര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധകര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ എഴുപത് വര്‍ഷം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.

Feedback