Skip to main content

ഹജ്ജിലെ പ്രായശ്ചിത്ത വ്രതങ്ങള്‍

ഭക്ഷ്യയോഗ്യമായ മൃഗങ്ങളെ വേട്ടയാടാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഹജ്ജിന് ഇഹ്‌റാം ചെയ്തവരായിരിക്കെ ഹജ്ജ് കഴിയുന്നതുവരെ ജന്തുക്കളെ കൊല്ലാനോ വേട്ടയാടാനോ പാടില്ല; ഉപദ്രവകാരികളെയല്ലാതെ. ഹജ്ജിന്റെ നിയമം ലംഘിച്ച് വേട്ട നടത്തിയാല്‍ അത് പാപമാണ്. അതിന് പ്രായശ്ചിത്തം നിര്‍വഹിക്കണം. മറ്റേതെങ്കിലും മൃഗത്തെ ബലിനല്കുകയോ അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ ചെയ്യണം. ഇതിന് സാധിക്കാത്ത സന്ദര്‍ഭത്തില്‍ നോമ്പെടുക്കണം. എത്ര നോമ്പ് വേണമെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. വേട്ടയാടിയ മൃഗത്തിന് സമാനമായ കന്നുകാലിയുടെ വില കണക്കാക്കി എത്ര അഗതിക്ക് ആഹാരം കൊടുക്കാമോ അത്ര നോമ്പ് നോല്‍ക്കണമെന്നാണ് പണ്ഡിതാഭിപ്രായങ്ങള്‍.
    
“സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്നപക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍ പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവന്‍ ചെയ്തതിന്റെ ഭവിഷ്യത്ത് അവന്‍ അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തുപോയതിന് അല്ലാഹു മാപ്പുനല്‍ കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്നപക്ഷം അല്ലാഹു അവന്റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു''(5:95).
    
തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിച്ച് ബലി നല്കാന്‍ കഴിയാത്തപക്ഷം മൂന്നു ദിവസം മക്കയില്‍ വെച്ചും ഏഴുദിവസം നാട്ടിലെത്തിയിട്ടും ആകെ പത്തുദിവസം നോമ്പ് നോല്ക്കണം. ''നിങ്ങള്‍ അല്ലാഹുവിന്‌വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ മുടി നീക്കുന്നതിന് വല്ല പ്രയാസവും അനുഭവപ്പെടുകയോ ആണെങ്കില്‍ പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലികര്‍മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ്‌വരെ സ്വതന്ത്രമായി ജീവിക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്). ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ഹറാമില്‍ താമസി ക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക''(2:196).

ഇബ്‌നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സ്വതന്ത്രമായി ജീവിച്ചാല്‍ അറഫാദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന് മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം (ബുഖാരി).
    
ഹജ്ജിന്റെ നിര്‍ബന്ധകര്‍മങ്ങളില്‍ ചിലത് നഷ്ടപ്പെട്ട് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാലും ബലി സാധിക്കാത്തവര്‍ മക്കയിലും നാട്ടിലുമായി പത്തുദിവസം നോമ്പെടുക്കണം. ഇബ്‌നുഉമര്‍(റ) പറയുന്നു: നിങ്ങള്‍ക്ക് നബിയുടെ സുന്നത്ത് മതിയാവുകയില്ലേ? നിങ്ങളില്‍ വല്ലവനും ഹജ്ജില്‍ നിന്ന് തടയപ്പെട്ടാല്‍ കഅ്ബ: ത്വവാഫ് ചെയ്തു സ്വഫാ-മര്‍വകള്‍ക്കിടയില്‍ നടന്നശേഷം ഇഹ്‌റാമില്‍ നിന്ന് പൂര്‍ണമായും വിരമിച്ചുകൊള്ളട്ടെ. അടുത്തവര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കട്ടെ. അന്നേരം ബലിയറുക്കുകയോ അതിന് സാധ്യമല്ലെങ്കില്‍ പകരം വ്രതമനുഷ്ഠിക്കുകയോ ചെയ്യണം. ഇബ്‌നു ഉമര്‍(റ) വില്‍ നിന്ന് സാലിമും ഇപ്രകാരം ഉദ്ധരിക്കുന്നു (ബുഖാരി).
    
മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധം ഉപയോഗിക്കുക, പുരുഷന്മാര്‍ തലമറയ്ക്കുകയോ തുന്നിയ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുക പോലുള്ള ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങളില്‍ വീഴ്ച വന്നാല്‍ പ്രായശ്ചിത്തമായി  മൂന്നുദിവസം നോമ്പെടുക്കുകയോ ആറു ദരിദ്രര്‍ക്ക് ഭക്ഷണം നല്കുകയോ വേണം. (ഹജ്ജ് ലിങ്ക് കാണുക)


 

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446